കോട്ടയം: സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രൊവിഡന്റ് ഫണ്ട് സ്കീം അംഗങ്ങള്‍ മരിച്ചാല്‍ ലഭിക്കുന്ന ഇന്‍ഷ്വറന്‍സ് തുക ഏഴു ലക്ഷമാക്കി ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷ്വറന്‍സ് സ്കീം എന്ന ലൈഫ് ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം ആറു ലക്ഷമാണ് നല്‍കിയിരുന്നത്. ഇതാണ് ഒരു ലക്ഷം കൂടി വര്‍ദ്ധിപ്പിച്ച് ഏഴു ലക്ഷമാക്കി കേന്ദ്രം പ്രത്യേക ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.
പണം ലഭിക്കാനുള്ള മാനദണ്ഡത്തിലും ഭേദഗതി വരുത്തി. പരമാവധി തുകയായ ഏഴു ലക്ഷം ലഭിക്കണമെങ്കില്‍ നേരത്തെ 12 മാസം തുടര്‍ച്ചയായി ഒരേ തൊഴില്‍ ഉടമയ്ക്ക് കീഴില്‍ ജോലി ചെയ്ത് ഇപിഎഫ് വിഹിതം അടയ്ക്കണമായിരുന്നു. ഇത് വ്യത്യസ്ത തൊഴില്‍ ഉടമയ്ക്ക് കീഴില്‍ ജോലി ചെയ്ത് 12 മാസം തുടര്‍ച്ചയായി വിഹിതമടച്ചാല്‍ മതി എന്ന് ഭേദഗതി ചെയ്തു. പിഎഫ് വിഹിതം ആകര്‍ഷിക്കുന്ന ശമ്പളം (അടിസ്ഥാന ശമ്പളം+ ഡിഎ) 15,000 രൂപയായിരിക്കണം. 2021 ഏപ്രില്‍ 28നാണ് ഈ ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത്.
ഇപിഎഫ് വിഹിതം അടയ്ക്കുന്നവര്‍ക്കാണ് അധിക ചെലവ് ഇല്ലാതെ ഇന്‍ഷ്വറന്‍സ് ആനുകൂല്യം നല്‍കുന്നത്. ഇതിനായി ജീവനക്കാരന് അധികമായി തുക നല്‍കേണ്ടതില്ല. പിഎഫ് അക്കൗണ്ട് നിലവിലുള്ള തൊഴിലാളിക്ക് തൊഴിലുടമ ഇന്‍ഷ്വറന്‍സിനായി ചെറിയ തുക പ്രീമിയമായി ഈടാക്കിയാണ് ആനുകൂല്യം നല്‍കുന്നത്. ജോലിയിലിരിക്കെ മരിച്ചാല്‍ നോമിനിക്ക് ഇന്‍ഷ്വറന്‍സ് തുക ലഭിക്കും. പുതുതായി ജോലി ലഭിച്ചവര്‍ 12 മാസം തുടര്‍ച്ചയായി പിഎഫ് അടച്ചിട്ടുണ്ടെങ്കില്‍ മിനിമം തുകയായ 2.5 ലക്ഷം രൂപ ലഭിക്കും. ഏറ്റവും കുറഞ്ഞ ആനുകൂല്യമായി ലഭിച്ചിരുന്ന 1.5 ലക്ഷം രൂപ ഏപ്രില്‍ മുതലാണ് രണ്ടര ലക്ഷമാക്കിയത്. ഇതിന് 2020 ഫെബ്രുവരി 15 വരെ മുന്‍കാല പ്രാബല്യവുമുണ്ട്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്-ഇപിഎഫ്ഒ, അംഗമായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കായാണ് എഡ്ലി സ്കീം (എംപ്ലോയീസ് ഡെപോസിറ്റ് ലിങ്ക്ഡ് ഇന്‍ഷ്വറന്‍സ് സ്കീം) എന്ന പേരില്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ആരംഭിച്ചത്. 1952ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്‍ഡ് മിസലേനിയസ് പ്രൊവിന്‍സ് ആക്ട് പ്രകാരം പിഎഫിന് അര്‍ഹതയുള്ള എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാരെ പദ്ധതിയുടെ ഭാഗമാക്കണം. ഇതിനുള്ള പ്രീമിയം തൊഴിലുടമയില്‍ നിന്നാണ് ഈടാക്കുന്നത്.
ജീവനക്കാരന് മരിച്ചാല്‍ നോമിനിക്ക് തുക ലഭിക്കും. അവസാനം ലഭിച്ച ശമ്പളനിരക്ക് അടിസ്ഥാനമാക്കിയാണ് ഇന്‍ഷ്വറന്‍സ് തുക കണക്കാക്കുന്നത്. അടിസ്ഥാന ശമ്പളത്തോടൊപ്പം ഡിഎ കൂടി ചേര്‍ത്ത തുകയാണ് ഇന്‍ഷ്വറന്‍സിന് പരിഗണിക്കുന്നത്. നോമിനിയെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റും ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ബാങ്ക് വിവരങ്ങളുമാണ് നല്‍കേണ്ടത്. നോമിനിയുടെ പേര് നല്കിയിട്ടില്ലെങ്കില് കുടുംബാംഗങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് തുകയ്ക്ക് അപേക്ഷിക്കാം. നിയമപരമായ രേഖകള്‍ ഹാജരാക്കണം. ഇന്‍ഷ്വറന്‍സിനുള്ള അപേക്ഷ തൊഴിലുടമ സര്‍ട്ടിഫൈ ചെയ്യണം. 20 ജീവനക്കാരില്‍ കൂടുതലുള്ള എല്ലാ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് പിഎഫ് അക്കൗണ്ട് ഏര്‍പ്പെടുത്തല്‍ നിര്‍ബന്ധമാണ്. സ്ഥാപനം സ്വന്തമായി ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിലൂടെ ലഭിക്കുന്ന ഇന്‍ഷ്വറന്‍സ് തുക എഡ്ലി സ്കീമിനെക്കാള്‍ കുറയാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: