ന്യൂദല്‍ഹി : രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ പുതിയ സങ്കേതിക സംവിധാനവുമായി ഇന്ത്യന്‍ നേവി. ഓക്‌സിജന്റെ പുനരുപയോഗം സാധ്യമാക്കുന്ന ഓക്‌സിജന്‍ റീസൈക്ലിങ് സിസ്റ്റം(ഒആര്‍എസ്) വികസിപ്പിക്കുന്നതില്‍ നാവിക സേനയുടെ പരീക്ഷണം വിജയകരം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം ഇല്ലാതാക്കാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.
ലെഫ്. കമാന്‍ഡര്‍ മായങ്ക് ശര്‍മ്മയാണ് ഒആര്‍എസ് സംവിധാനം വികസിപ്പിച്ചത്. ഇതിന്റെ പേറ്റന്റും നീലിക സേന സ്വന്തമാക്കിയിട്ടുണ്ട്. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ പരിശീലനകേന്ദ്രവുമായി ബന്ധപ്പെട്ട ഓക്‌സിജന്‍ സംവിധാനത്തില്‍ നടത്തിയ പരീക്ഷണമാണ് ആശുപത്രികളില്‍ ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിഞ്ഞിരിക്കുന്നത്.
നിതി ആയോഗ് പ്രത്യേക സമിതിയും തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ഒആര്‍എസ് പരിശോധിച്ച് അംഗീകാരം നല്‍കിയിട്ടുണ്ട്. ഒപ്പം രോഗികളില്‍ ഉപയോഗപ്പെടുത്തുന്നതിനായി അല്‍പ്പം മാറ്റം വരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ സാധാരണ മാതൃകയ്‌ക്ക് 10000 രൂപയാണ് ചിലവ് വരുന്നത്. ഇത് ഉപയോഗിക്കുന്നത് വഴി പ്രതിദിനം മൂവായിരം രൂപയുടെ ഓക്‌സിജന്‍ ലാഭിക്കാമെന്നാണ് കണ്ടെത്തല്‍. ഇതേ സംവിധാനം ചെറിയ ഓക്‌സിജന്‍ സിലിണ്ടറുകളില്‍ ഘടിപ്പിച്ചാല്‍ പര്‍വ്വതാരോഹകര്‍ക്കും ഹിമാലയന്‍ നിരകളിലെ സൈനികര്‍ക്കും ഇരട്ടിപ്രയോജനം ലഭിക്കുമെന്നും നാവികസേന ഉറപ്പുനല്‍കുന്നു.
മുങ്ങല്‍ വിദഗ്ധര്‍ ആഴക്കടലില്‍ അടിയന്തിര സഹചര്യത്തില്‍ ഉപയോഗിക്കുന്ന സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് കൊറോണ പ്രതിരോധത്തിനായും നൂതന വിദ്യ വികസിപ്പിച്ചത്. ഈ സംവിധാനം കഴിഞ്ഞ മാര്‍ച്ച് മാസം ആറാം തിയതി അന്തര്‍വാഹിനി പ്രദര്‍ശനപരിപാടിയില്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നെന്നും മായങ്ക് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: