ന്യൂദല്‍ഹി: ലാന്‍സെറ്റ് ജേണലില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മോദിസര്‍ക്കാരിനെ വിമര്‍ശിച്ചുള്ള ലേഖനം പക്ഷപാതപരവും വഴിതെറ്റിക്കുന്നതുമാണെന്ന് ടാറ്റാ മെമ്മോറിയല്‍ സെന്ററിലെ പ്രൊഫസര്‍.
കോവിഡ് രണ്ടാംതരംഗത്തില്‍ ലാന്‍സെറ്റില്‍ മോദിക്കെതിരെ വന്ന കഴമ്പില്ലാത്ത രാഷ്ട്രീയപ്രേരിതമായ ലേഖനം പ്രസിദ്ധീകരിക്കുക വഴി ലാന്‍സെറ്റ് പ്രശസ്തമായ അക്കാദമിക് ജേണല്‍ എന്ന നിലയില്‍ നിന്നും വെറും മഞ്ഞപ്പത്രമായി അധപതിച്ചുവെന്നും പ്രൊഫ. പങ്കജ് ചതുര്‍വേദി അഭിപ്രായപ്പെട്ടു.
ആഗസ്ത് ഒന്നിന് മുമ്പ് ഇന്ത്യയില്‍ പത്ത് ലക്ഷം പേര് കോവിഡ് ബാധിച്ച് മരിക്കുമെന്നാണ് ലാന്‍സെറ്റ് ലേഖനത്തില്‍ പറയുന്നത്. ഇത് സംഭവിക്കുകയാണെങ്കില്‍, സ്വയം വരുത്തിവെച്ച് വലിയൊരു ദേശീയ ദുരന്തത്തിന് മോദി സര്‍ക്കാര്‍ ഉത്തരവാദിയാണെന്നും ലാന്‍സെറ്റ് ലേഖനം കുറ്റപ്പെടുത്തുന്നു. ഇത് വായിക്കുമ്പോള്‍ ബ്രിട്ടീഷ് ഭരണകാലത്തെ വാര്ത്തകളേയാണ് ഈ ആരോപണം അനുസ്മരിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അന്ന് ഇന്ത്യയിലെ ഭരണം ഉറപ്പിക്കാന്‍ പാശ്ചാത്യ മാധ്യമങ്ങളും ബ്രീട്ടീഷ് നേതാക്കളും ഇന്ത്യയെ സന്യാസിമാരുടെയും പാമ്പാട്ടികളുടെയും നാടായി, സ്വാതന്ത്ര്യം അര്‍ഹിക്കാത്ത നാടായി പ്രചരിപ്പിക്കുക പതിവായിരുന്നു. 1947ല്‍ ഇന്ത്യയെ സ്വതന്ത്രരാജ്യമാക്കുന്ന ബില്‍ അവതരിപ്പിക്കുമ്പോള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞത് ഇങ്ങിനെ: ‘അധികാരം തെമ്മാടികളുടെയും നികൃഷ്ടന്മാരുടെയും കവര്‍ച്ചക്കാരുടെയും കൈകളിലേക്ക് പോകും’.
ചുറ്റിലും ദുരന്തം തകര്ത്തുതരിപ്പണമാക്കുമ്പോള് കുറ്റപ്പെടുത്തലല്ല, അത് പരിഹരിക്കാനുള്ള വഴികളാണ് ലാന്സെറ്റിനെപ്പോലെ ഒരു ജേണല്‍ പറഞ്ഞുകൊടുക്കേണ്ടതെന്നും പ്രൊഫസര്‍ പറയുന്നു. യുഎസിലും യുകെയിലും കോവിഡ് മഹാമാരി ആഞ്ഞടിക്കുമ്പോള്‍ നമ്മള് അവിടുത്തെ ഭരണാധികാരികള്‍ക്കെതിരെ ആഞ്ഞടിക്കുകയല്ല, പകരം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്. അക്കാദമിക് ജേണലുകളില്‍ ഇത്തരം വിമര്‍ശനങ്ങള്‍ വരുന്നത് അഭികാമ്യമല്ലെന്നും പ്രൊഫ. പങ്കജ് ചതുര്‍വേദി പറയുന്നു.
നമ്മുടെ രാജ്യത്തെ ഇത്രയും മോശമായി ചിത്രീകരിച്ചതില്‍ എനിക്ക് അമര്‍ഷമുണ്ട്. ഇന്ത്യയെ ഒരു പ്രതിസന്ധി അലട്ടിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരമൊരു ലേഖനം പ്രസിദ്ധീകരിച്ചത് രാഷ്ട്രീയ പ്രേരിതമായ ഒരു മഞ്ഞപത്രത്തിലാണ് അല്ലാതെ പേര് കേട്ട അക്കാദമിക് ജേണലില്‍ അല്ല എന്നേ പറയാന്‍ കഴിയൂ- അദ്ദേഹം പറയുന്നു.
കഴിഞ്ഞ ഒരു വര്‍ഷം മാഹാരാഷ്ട്രയില്‍ കോവിഡ് മുന്നണി പ്രവര്ത്തനങ്ങളിലുണ്ടായപ്പോള് ധാരാളം പേര് മരിച്ചു. എന്നാല്‍ ഈ പ്രശ്നം ലേഖനത്തില്‍ പരാമര്‍ശിക്കാന്‍ കഴിയുന്നതിനേക്കാള്‍ സങ്കീര്‍ണ്ണമാണ്. ഇതിന് പരിഹാരം വളരെ സങ്കീര്‍ണ്ണമാണ്. പുരോഗമനം നേടിയ ഏത് സമൂഹത്തിലും വിമര്‍ശനം എന്നത് അവിഭാജ്യഘടകമാണ്. ലാന്‍സെറ്റിലെ ലേഖനത്തില്‍ മരണസംഖ്യയും രോഗാവസ്ഥയും ആണ് വിശദീകരിച്ചിട്ടുള്ളത്. ഇനി അല്പം കണക്കുകള്‍ പറയാം- 30 കോടി ജനങ്ങളുള്ള യുഎസില്‍ ആറ് ലക്ഷം പേര് മരിച്ചു. 20 കോടി ജനങ്ങളുള്ള ബ്രസീലില്‍ 15 ലക്ഷം പേര് മരിച്ചു. ആറ് കോടി ജനങ്ങളുള്ള ബ്രിട്ടനില്‍ 1.27 ലക്ഷം പേരും ആറ് കോടി ജനങ്ങളുള്ള ഫ്രാന്‍സില്‍ 1.06 ലക്ഷം പേരും മരിച്ചു. 130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഇതുവരെ 2.62 ലക്ഷം പേര് മാത്രമാണ് മരിച്ചത്. ഇനി മരണഅനുപാതം നോക്കാം. ആകെ രോഗികളെ മരിച്ചവരുടെ സംഖ്യയുമായി ഹരിച്ചാലാണ് ഈ അനുപാതം ലഭിക്കുക. അങ്ങിനെ നോക്കുമ്പോള്‍ ഇന്ത്യയുടെ കേസ് ഫെറ്റാലിറ്റി നിരക്ക് 1.1 ശതമാനാണ്. ഇത് യുഎസിനേക്കാളും, ഫ്രാന്‍സിനേക്കാളും ഇറ്റലിയേക്കാളും ജര്‍മ്മനിയേക്കാളും എത്രയോ താഴെ മാത്രമാണ്. ഇന്ത്യയുടെ രോഗമുക്തി നിരക്കാകട്ടെ ഈ ഒ്ന്നാം ലോക രാഷ്ട്രങ്ങളേക്കാള്‍ എത്രയോ മുകളിലും.
അമേരിക്ക വാക്സിന് കുത്തിവെപ്പ് തുടങ്ങിയത് 2020 ഡിസംബര്‍ 14നാണ്. ഇതുവരെ അവര്‍ 25.6 കോടി പേര്‍ക്കാണ് കുത്തിവെപ്പ് നല്‍കിയത്. ബ്രിട്ടന് 2020 ഡിസംബര്‍ 21ന് ആരംഭിച്ച് ഇതുവരെ 5.3 കോടി പേര്‍ക്ക് കുത്തിവെപ്പ് നല്കി. ആസ്ത്രേല്യ ഫിബ്രവരി 22ന് ആരംഭിച്ച് ഇതുവരെ 20 ലക്ഷം പേര്‍ക്ക് കുത്തിവെപ്പ് നല്കി. ഇന്ത്യ 2021 ജനവരി 16ന് കുത്തിവെപ്പ് ആരംഭിച്ച് ഇതുവരെ 18 കോടി പേര്‍ക്ക് വാക്സിന് നല്‍കിക്കഴിഞ്ഞു. അതായത് രാജ്യത്തിന്റെ 9 ശതമാനം പേര്‍ക്ക് കുത്തിവെപ്പ് നല്‍കിക്കഴിഞ്ഞു. ഇതിന് ഇന്ത്യന്‍ സര്‍ക്കാരിനെ അഭിനന്ദിച്ചേ പറ്റൂ.
മഹാമാരിയുടെ കഠിനനാളുകളില്‍ ഇന്ത്യ ഹൈഡ്രോക്ലോറോക്വിനും പാരസെറ്റമോളും വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചു. വാക്സിന് ക്ഷാമമുണ്ടായിട്ടും 6.6 കോടി ഡോസ് മാനുഷികതയുടെ പേരില്‍ വിദേശ രാഷ്ട്രങ്ങള്‍ക്ക് നല്കി.
ലാന്‍സെറ്റ് ലേഖനത്തില്‍ ഒട്ടേറെ പരസ്പരവിരുദ്ധമായ പരാമര്‍ശങ്ങള്‍ ഉണ്ട്. ഇന്ത്യയില്‍ പ്രാദേശിക സര്‍ക്കാരുകള്‍ രോഗപ്പകര്‍ച്ച തടയാനുള്ള നടപടികള്‍ എടുത്തെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാരാണ് ഇത്തരം കോവിഡ് അനുയോജ്യ പെരുമാറ്റരീതികള്‍ ജനങ്ങളെ പഠിപ്പിക്കേണ്ടതെന്നും ലാന്‍സെറ്റ് കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു വെബ്സൈറ്റുണ്ട്. അതില്‍ എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ട്.-മൈഗവ്.ഇന്‍ കോവിഡ് 19 എന്ന ഈ വെബ്സൈറ്റ് ഇന്ത്യയില്‍ നിലവിലുണ്ടോ എന്ന് ലാന്സെറ്റിന് അറിയില്ലെന്ന് തോന്നുന്നുവെന്നും പ്രൊഫസര്‍ വിമര്‍ശിക്കുന്നു.
ഇന്ത്യന്‍ ലാബുകളില്‍ വൈറല്‍ ജെനോം സീക്വന്‍സിംഗ് നടത്തിയ ഡേറ്റകള്‍ പ്രസിദ്ധീകരിച്ചകാര്യവും ലാന്സെറ്റിനറിയില്ലെന്നും പ്രൊഫസര്‍ ആരോപിക്കുന്നു. മറ്റേതോരു ഇന്‍ഫ്ളൂവന്‍സ് വൈറസ് പോലെ ഈ വൈറസും കൂടെക്കൂടെ രൂപഭാവങ്ങള്‍ മാറുമെന്നതിനെക്കുറിച്ച് പ്രത്യേകിച്ച പറയേണ്ടതില്ലല്ലോ. ലാന്‍സെറ്റ് എഡിറ്റോറിയലില്‍ കേന്ദ്രസര്‍ക്കാര്‍ ഈ ഡേറ്റകള്‍ പ്ത്രസമ്മേളനങ്ങളില് നിരന്തരമായി പുറത്തുവിടുന്ന കാര്യവും അറിയില്ലെന്ന് തോന്നുന്നു.
ഇന്ത്യയില്‍ ആരോഗ്യം എന്നത് ഒരു സംസ്ഥാന സര്‍ക്കാര്‍ വിഷയമാണ്. ആദ്യതരംഗം ഉണ്ടായപ്പോള്‍ അതില്‍ നിന്നും നമ്മള് നാടകീയമായി രക്ഷപ്പെട്ടു. പക്ഷെ അടുത്ത രണ്ടാം തരംഗത്തെ നേരിടുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ വേണ്ടവിധത്തില്‍ ഒരുങ്ങിയിരുന്നില്ല. എന്തായാലും ആറ് മാസങ്ങള്‍ക്കുള്ളില്‍ ഇത് പറ്റിയ രോഗപ്രതിരോധസംവിധാന സൃ്ഷ്ടിക്കുക എന്നത് അസാധ്യവുമാണെന്ന് പ്രൊഫസര്‍ പറയുന്നു. കേരള, മഹാരാഷ്ട്ര, കര്‍ണ്ണാടക, ഡല്‍ഹി എന്നിവയും മികച്ച ആരോഗ്യ സംവിധാനങ്ങളുണ്ടെങ്കിലും ഈ സംസ്ഥാനങ്ങളാണ് കൂടുതല്‍ ദുരന്തം നേരിട്ടത്. – പ്രൊഫസര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: