തൃശൂര്‍: മുഖ്യമന്ത്രിയുടെ മരുമകനും പാര്‍ട്ടി ആക്ടിങ്ങ് സെക്രട്ടറിയുടെ ഭാര്യയുമൊക്കെ മന്ത്രിമാരുടെ ലിസ്റ്റില്‍ കയറിപ്പറ്റിയതു കണ്ട് മൂക്കത്ത് വിരല്‍വെച്ച് അണികളും നാട്ടുകാരും. പാര്‍ട്ടിക്കുള്ളില്‍ പുകയുന്നത് രൂക്ഷമായ എതിര്‍പ്പ്. റിയാസും പ്രൊഫ. ആര്‍ ബിന്ദുവുമൊക്കെ സ്വന്തം നിലക്ക് പാര്‍ട്ടി നേതാക്കള്‍ ആണെങ്കിലും മറ്റ് പലരേയും വെട്ടിനിരത്തിയാണ് ഇവരെ കൊണ്ടുവരുന്നത് എന്നാണ് നേതൃതലത്തില്‍ തന്നെ ഉയരുന്ന വിമര്‍ശനം.
പിണറായിയും കോടിയേരിയുമാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് അതൃപ്തരായ രണ്ടാം നിര നേതാക്കള്‍ ഉറപ്പിക്കുന്നു. അവെയ്‌ലബിള്‍ പിബിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. സംസ്ഥാന സമിതി ഒരു തിരുത്തലും കൂടാതെ അംഗീകരിക്കുകയായിരുന്നു. പിണറായിക്ക് പുറമേ കോടിയേരിയും എം.എ.ബേബിയും എസ്.രാമചന്ദ്രന്‍ പിള്ളയുമാണ് അവെയ്ലബിള്‍ പിബി. പിണറായിയുടെ താത്പര്യങ്ങള്‍ക്ക് ഇവര്‍ വഴങ്ങുന്നതിനും കാരണങ്ങളുണ്ട്. കോടിയേരിക്ക് അധികം വൈകാതെ പാര്‍ട്ടി സെക്രട്ടറി പദത്തില്‍ തിരിച്ചെത്തണം. എം.എ.ബേബിക്ക് അടുത്ത ജനറല്‍ സെക്രട്ടറിയാകണം. രണ്ടിനും പിണറായിയുടെ പിന്തുണ അനിവാര്യമാണ്. കെ.കെ.ശൈലജയെ ഒഴിവാക്കാനും പകരം ആര്‍.ബിന്ദുവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുമുള്ള തീരുമാനം പുറത്തു വന്നതോടെ പാര്‍ട്ടി അണികള്‍ പോലും ഞെട്ടിയെങ്കിലും ഇക്കാര്യം ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നേതൃതലത്തില്‍ ധാരണയായിരുന്നുവെന്നാണ് സൂചന.
രണ്ട് വനിതാ മന്ത്രിമാര്‍ സിപിഎം ലിസ്റ്റില്‍ ഉണ്ടാകുമെന്നും അതിലൊന്ന് കെ.കെ.ശൈലജയാവുമെന്നുമാണ് പ്രചാരണമുണ്ടായിരുന്നത്. കെ.കെ.ശൈലജയെ ഒഴിവാക്കണമെന്ന കാര്യത്തില്‍ പിണറായി പക്ഷേ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു.പഴയ മന്ത്രിസഭയില്‍ നിന്ന് ആരും വേണ്ട എന്ന് പിണറായി പറഞ്ഞതോടെ തന്നെ ശൈലജയുടെ കാര്യത്തില്‍ തീരുമാനമായിരുന്നു.
പകരം ആദ്യം പരിഗണിച്ചത് കാനത്തില്‍ ജമീലയുടെ പേരായിരുന്നു. കോഴിക്കോട് ജില്ലയില്‍ നിന്ന് മരുമകന്‍ മുഹമ്മദ് റിയാസിനെ മന്ത്രിസഭയിലുള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചിരുന്ന പിണറായി ജമീലയുടെ പേര് വെട്ടി. ഈ ജില്ലയില്‍ നിന്ന് തന്നെ അഹമ്മദ് ദേവര്‍കോവിലും മന്ത്രിസഭയിലെത്തുന്നതിനാല്‍ ഒരേ സമുദായത്തില്‍നിന്ന് മൂന്നുപേരാകുന്നത് തിരിച്ചടിയാകുമെന്നായിരുന്നു വിശദീകരണം.
ആക്ടിങ്ങ് സെക്രട്ടറി വിജയരാഘവന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ അധികം വൈകാതെ ചുമതലയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നാണ് ധാരണ. പ്രൊഫ.ആര്‍.ബിന്ദു നിയമസഭയില്‍ പുതുമുഖമായിരുന്നിട്ടും അവരെ പരിഗണിക്കാന്‍ ഇതും കാരണമായി. എന്നും പിണറായിയുടേയും കോടിയേരിയുടേയും വിശ്വസ്തനായിരുന്ന വിജയരാഘവന്‍ സെക്രട്ടറി പദത്തില്‍ നിന്ന് ഒഴിയുമ്പോള്‍ പിണക്കാതെ കൂടെ നിര്‍ത്താന്‍ പത്‌നിക്ക് മന്ത്രിപദം നല്കുകയായിരുന്നു.
ആര്‍. ബിന്ദു നിലവില്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗമാണ്. കേരളവര്‍മ്മകോളേജ് വൈസ് പ്രിന്‍സിപ്പാളും ആക്ടിങ്ങ് പ്രിന്‍സിപ്പാളുമായിരിക്കെയാണ് വിആര്‍എസ് എടുത്ത് തെരഞ്ഞെടുപ്പിനിറങ്ങിയത്. വിജയരാഘവന് പകരം വീണ്ടും സെക്രട്ടറി പദത്തിലേക്കെത്തുമെന്ന് കരുതപ്പെടുന്ന കോടിയേരിയും ബിന്ദുവിന് വേണ്ടി ശക്തമായ നിലപാടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: