കണ്ണൂര്‍: രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കാനിരിക്കെ കണ്ണൂരിന് നിരാശ. എല്‍ഡിഎഫ് മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ കഴിഞ്ഞ തവണ അഞ്ച് മന്ത്രിമാര്‍ കണ്ണൂരില്‍ നിന്നുണ്ടായിരുന്നു. ഇത്തവണ അത് രണ്ടായി കുറയുമെന്നുറപ്പായി. മുഖ്യമന്ത്രി പിണറായി വിജയന്, ഇ.പി. ജയരാജന്, കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന് എന്നിവര്‍ കണ്ണൂരില്‍ നിന്ന് ജയിച്ചവരും കോഴിക്കോട് ഏലത്തൂരില്‍ നിന്ന് ജയിച്ച കണ്ണൂര്‍ മേലെചൊവ്വ സ്വദേശിയായ എ.കെ. ശശീന്ദ്രനുമായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിലെ കണ്ണൂരില്‍ നിന്നുളള മന്ത്രിമാര്‍.
ഇത്തവണ മുഖ്യമന്ത്രിയ്ക്ക് പുറമെ എം.വി ഗോവിന്ദന് നവാഗതനായി മന്ത്രിസഭയിലെത്തുമ്പോള്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കെ.കെ. ശൈലജയ്ക്ക് പാര്‍ട്ടി മന്ത്രി സ്ഥാനം നിഷേധിച്ചതോടെയാണ് കണ്ണൂരിന്റെ പ്രാതിനിധ്യം രണ്ടായി ചുരുങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസ് എസ് നേതാവും മന്ത്രിയുമായ രാമചന്ദ്രന് കടന്നപ്പള്ളിക്ക് രണ്ടാം ടേമില്‍ മന്ത്രിസ്ഥാനം നല്‍കുമെന്ന് മുന്നണി നേതൃത്വം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഫലത്തില്‍ ആദ്യ രണ്ടരവര്‍ഷക്കാലം ഇതുവഴി കണ്ണൂരിന് ഒരു മന്ത്രിസ്ഥാനം കുറയും. കൂടാതെ എ.കെ. ശശീന്ദ്രന്റെ കാര്യത്തില്‍ എന്‍സിപിയ്ക്കുള്ളില്‍ ഇതുവരെ സമവായത്തിലെത്താന്‍ സാധിക്കാത്തതിനാല്‍ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ചും നിലവില്‍ ഉറപ്പില്ല. അങ്ങനെ വന്നാല്‍ തുടക്കത്തില്‍ മുഖ്യമന്ത്രിയും എം.വി. ഗോവിന്ദനും മാത്രമാകും കണ്ണൂരില്‍ നിന്നും പുതിയ മന്ത്രിസഭയിലുണ്ടാവുക. ഇതോടെ കണ്ണൂരിന്റെ മന്ത്രിസഭാ പ്രാതിനിധ്യത്തില്‍ മൂന്ന് പേരുടെ എണ്ണക്കുറവ് ഉണ്ടാകും. ഇത് കണ്ണൂരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാവും.
കണ്ണൂരില്‍ നിന്നുള്ള മുഖ്യമന്ത്രി നയിക്കുന്ന മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് പുറമേ ഒരാള്‍ മാത്രം എന്ന അവസ്ഥ ഒമ്പത് എല്‍ഡിഎഫ് എംഎല്‍എമാരെ വിജയിപ്പിച്ച ജനങ്ങളോടുള്ള അവഗണനയായി മാറും. എല്‍ഡിഎഫ് ഘടകകക്ഷിയായ ലോക് താന്ത്രിക് ജനതാദളിന്റെ സംസ്ഥാനത്തു നിന്നുള്ള ഏക എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ.പി.മോഹനന് മന്ത്രി സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ശ്രേയാംസ്കുമാര്‍ നയിക്കുന്ന ജനതാദളിന് മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്ന എല്‍ഡിഎഫ് തീരുമാനത്തോടെ അത് അസ്ഥാനത്തായിരിക്കുകയാണ്. ലോക് താന്ത്രിക് ജനതാദളിന് സാമാന്യം സ്വാധീനമുള്ള കണ്ണൂരില്‍ നിന്നുള്ള ഏക എംഎല്‍എയേയും പാര്‍ട്ടിയേയും അവഗണിച്ചതില്‍ എല്‍ഡിഎഫ് നേതൃത്വത്തിനെതിരെ പാര്‍ട്ടി അണികളിലും നേതാക്കളിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കെ.പി മോഹനനോട് മുഖ്യമന്ത്രി പിണറായി വിജയനുള്ള താല്പര്യക്കുറവാണ് മന്ത്രി സ്ഥാനത്തിന് തിരിച്ചടിയായതെന്നാണ് വിവരം.
തലശ്ശേരിയില്‍ നിന്നും രണ്ടാം തവണയും വിജയിച്ച മുന്‍ ഡിവൈഎഫ്ഐ നേതാവ് എ.എന്‍. ഷംസീര്‍ മന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ പിണറായി വിജയന് സ്വന്തം മരുമകനും മറ്റൊരു ഡിവൈഎഫ്ഐ നേതാവുമായ കോഴിക്കോട് നിന്നും വിജയിച്ച മുഹമ്മദ് റിയാസിനെ മന്ത്രി സ്ഥാനത്ത് പരിഗണിക്കാനായി ഷംസീറിനെ തഴയുകയായിരുന്നുവെന്നാണ് സൂചന. കെ.കെ. ശൈലജയ്ക്കും കടന്നപ്പള്ളി രാമചന്ദ്രന് മന്ത്രിസ്ഥാനം ലഭിക്കാത്തതും കണ്ണൂരില്‍ നിന്നുള്ള മന്ത്രിമാരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞൂവെന്നതും സംസ്ഥാന ഭരണത്തെ ഇത്രയും കാലം നിയന്ത്രിച്ച കണ്ണൂരിലെ സിപിഎം നേതൃത്വത്തിനേറ്റ കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: