കണ്ണൂര്‍: ഒന്നാം പിണറായി സര്‍ക്കാരില്‍ പാര്ട്ടിക്കാര് തന്നെ പുകഴ്ത്തിപ്പാടിയ ക്യാപ്റ്റന്‍ പിണറായി വിജയനെ കടത്തിവെട്ടി പാര്‍ട്ടിക്കകത്തും മന്ത്രിസഭയ്ക്കകത്തും ശ്രദ്ധ നേടിയതാണ് സിപിഎമ്മുകാര്‍ ടീച്ചറമ്മയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂര്‍ എംഎല്‍എ കെ.കെ. ശൈലജയ്ക്ക് വിനയായത്. ഒന്നാം പിണറായി സര്‍ക്കാരില്‍ പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജ. എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ പഴയ മന്ത്രിമാരൊന്നും മന്ത്രിസഭയിലുണ്ടാകില്ലെന്നും പുതുമുഖങ്ങളായിരിക്കും മന്ത്രിമാരെന്നും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തൊട്ടെ സിപിഎം നേതൃത്വം സൂചന നല്‍കിയിരുന്നു. അപ്പോഴെല്ലാം മന്ത്രി കെ.കെ. ശൈലജ തുടര്‍ന്നും ആരോഗ്യമന്ത്രി സ്ഥാനത്തുണ്ടാവുമെന്ന് പാര്‍ട്ടി അണികളും ഒരു വിഭാഗം നേതാക്കളും പൊതുസമൂഹവും വിശ്വസിച്ചിരുന്നു. അപ്രതീക്ഷിതമായാണ് അവസാന നിമിഷം ശൈലജയെ ഒഴിവാക്കി സിപിഎമ്മിന്റെ മന്ത്രിപട്ടിക ഇന്നലെ പുറത്തുവന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ മന്ത്രി ശൈലജ പിണറായിയുടെ കണ്ണിലെ കരടായി മാറിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ശൈലജയുടെ മന്ത്രിസ്ഥാനം തെറിക്കാന്‍ വഴിയൊരുക്കിയതെന്നാണ് സൂചന. നിപ്പയും ഒന്നാം ഘട്ട കൊവിഡ് കാലഘട്ടങ്ങളിലും ആരോഗ്യ മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രിയെ ഗൗനിക്കാതെ സ്വന്തം നിലയില്‍ ഉദ്യോഗസ്ഥരെ കൂടെ നിര്‍ത്തി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാമാന്യഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ചും നിപ വ്യാപനം സംബന്ധിച്ചും എല്ലാം ദിവസവും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി വസ്തുതകള്‍ ജനങ്ങളെ അറിയിക്കുകയും മറ്റും ചെയ്തതിലൂടെ മന്ത്രിയെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിയേക്കാള്‍ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ തനിക്കും മേലെ ശൈലജ വളരുന്നുവെന്ന് മനസ്സിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയന് ശൈലജ നടത്തി വന്ന വാര്‍ത്താസമ്മേളനം ഏറ്റെടുക്കുകയും എല്ലാ ദിവസവും ആരോഗ്യ രംഗത്തെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പങ്ക്വെയ്ക്കുകയും ചെയ്ത് തുടങ്ങി. ഇപ്പോഴും അത് തുടരുന്നു.
വനിതാ മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രിയെ ഗൗനിക്കാതെ മുന്നോട്ട് പോകുന്നുവെന്ന തിരിച്ചറിവ് അന്ന് തൊട്ട് പിണറായി പിന്തുടരുന്നുണ്ടായിരുന്നു. മാത്രമല്ല ഇ.പി. ജയരാജന് കൂടി പോയതോടെ മന്ത്രിസഭയില്‍ രണ്ടാമത്തെ മന്ത്രിയെന്ന നിലയില്‍ ശൈലജ വീണ്ടും വന്നാല്‍ തനിക്ക് തിരിച്ചടിയാവുമെന്ന ഭയവും മന്ത്രിയെ മാറ്റാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചെന്നാണ് വിവരം. മുഖ്യമന്ത്രി ഒഴികെയെല്ലാം പുതുമുഖങ്ങളാണ് എന്നതുകൊണ്ട് മന്ത്രിസഭയെ പൂര്‍ണമായും തന്റെ കുടക്കീഴില് നിര്‍ത്തണമെങ്കില്‍ പരിചയസമ്പത്തും ജനസമ്മതിയുമുളള ശൈലജയെ പോലുള്ളവരെ പുറത്തിരുത്തേണ്ടതിന്റെ ആവശ്യകതയും പിണറായി തിരിച്ചറിഞ്ഞു.
സിപിഎം പോളിറ്റ് ബ്യൂറോയടക്കം ശൈലജയെ ഒഴിവാക്കി മുന്നോട്ട് പോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടും പിണറായിയുടെ ശക്തമായ ഇടപെടലാണ് ഇവര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കിയത്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിച്ച സിപിഎം സ്ഥാനാര്‍ത്ഥിയെന്ന നിലയിലും ശൈലജയെ പരിഗണിക്കാതിരുന്ന നടപടി വരുംദിവസങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരേയും അണികളേയും ബോധ്യപ്പെടുത്താന്‍ സിപിഎം നേതൃത്വത്തിന് ഏറെ ബുദ്ധിമുട്ടേണ്ടി വരും. 60,963 വോട്ടിന്റെ ഭൂരിപക്ഷമാണ് ശൈലജ മട്ടന്നൂര്‍ മണ്ഡലത്തില്‍ നേടിയത്. മാത്രമല്ല സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും പ്രമുഖ വനിതാ നേതാക്കളിലൊരാളുമായ പാര്‍ട്ടിക്കാരുടെ സ്വന്തം ടീച്ചറമ്മയ്ക്ക് മന്ത്രി സ്ഥാനം ലഭിക്കാത്തത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുമെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: