ബെംഗളൂരു : അക്കൗണ്ടിലെ അഞ്ച് കോടി രൂപയില്‍ വ്യക്തത വരുത്തണമെന്ന് ബിനീഷ് കോടിയേരിയോട് കര്‍ണ്ണാടക ഹൈക്കോടതി. ബംഗളൂരു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് നല്കിയ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
കേസില്‍ ആദ്യം അറസ്റ്റിലായ അനൂപ് മുഹമ്മദിന് ബിനീഷ് അഞ്ച് കോടി രൂപ കൈമാറിയതായി കണ്ടെത്തിയിരുന്നു. എന്തിനാണ് ഇത്രയും പണം കൈമാറിയതെന്ന് കോടതി ചോദിച്ചെങ്കിലും ബിനീഷിന്റെ അഭിഭാഷകന് ഇതുസംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാനായില്ല. തുടര്‍ന്ന് ബിനീഷ് കോടിയേരിയോട് ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.
മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന പണം മത്സ്യം, പച്ചക്കറി കച്ചവടം നടത്തി ലഭിച്ച തുകയാണെന്ന് ബിനീഷ് കോടതിയില്‍ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് അഭിഭാഷകന്റെ പക്കല്‍ വ്യക്തമായ മറുപടിയില്ല. അതിനാല്‍ ഇതിന് ആദ്യം വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തരാം. അല്ലെങ്കില്‍ ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളുമെന്നും ഹൈക്കോടതി അറിയിച്ചു. അടുത്താഴ്ച കേസ് പരിഗണിക്കുമ്പോള്‍ പണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കര്‍ണാടക ഹൈക്കോടതിയിലെ അവധിക്കാല ബെഞ്ചാണ് ജാമ്യഹര്‍ജി പരിഗണിച്ചത്. മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 നാണ് ബിനീഷ് എന്‍ഫോഴ്സ്മെന്റ് പിടിയിലാകുന്നത്. അന്ന് മുതല്‍ ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ബിനീഷ് കോടിയേരി. ഇതിനിടെ പലതവണ ജാമ്യത്തിനായി ബിനീഷ് കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. പിതാവ് കോടിയേരി ബാലകൃഷ്ണന് ക്യാന്‍സര്‍ ബാധിതനാണെന്നും, അദ്ദേഹത്തെ കാണാന്‍ അനുവദിക്കണമെന്നുമാണ് ജാമ്യഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കേസില്‍ ബിനീഷ് കോടിയേരി ഇഡിയുടെ അറസ്റ്റിലായിട്ട് ഇന്നേക്ക് 211 ദിവസം പിന്നിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: