കൊച്ചി: കൊവിഡ് മഹാമാരിയില്‍ കേരളം വിറങ്ങലിച്ച് നില്ക്കുമ്പോള് ആശ്വാസത്തിന്റെ കരങ്ങളുമായി സേവന രംഗത്താണ് സേവാഭാരതി. സംസ്ഥാനത്തിന്റെ ജനവാസകേന്ദ്രങ്ങളില്‍ മാത്രമല്ല മലമടക്കുകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന സാധാരണക്കാര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ ഒരു വിളിപ്പാടകലെ സഹായമെത്തിക്കുന്ന ഏക സംഘടനയാണ് സേവാഭാരതി.
തിരുവനന്തപുരം ജില്ലയിലെ കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ സേവാഭാരതി പ്രവര്‍ത്തകര്‍ പെരുമഴയേയും വെള്ളപ്പൊക്കത്തേയും അതിജീവിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ചര്‍ച്ചകള്‍ക്ക് ആധാരമായ സംഭവം. ടൗട്ടെ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ പെരുമഴയും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉണ്ടാകുന്നതിനിടെ കൊവിഡ് രോഗികള്‍ക്ക് സേവനം നല്കുന്ന സേവാഭാരതി ഓഫീസിലേക്ക് ഒരു ഫോണ്‍ വിളി എത്തി. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ മലയടിക്ക് സമീപം രണ്ട് വൃദ്ധ ദമ്പതികള്‍ കൊവിഡ് ബാധയേറ്റ് അവശരായി കിടപ്പിലാണെന്നും ഇവരെ അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കണമെന്നുമായിരുന്നു ഫോണ്‍ സന്ദേശത്തില്‍ ഉണ്ടായിരുന്നത്. കാറ്റും മഴയും ഇടിമിന്നലും ശക്തമായിരിക്കുന്ന സമയത്താണ് സന്ദേശം എത്തിയത്.
ഫോണ്‍ വിളി എത്തിയ ഉടന്‍ സേവാഭാരതി പ്രവര്‍ത്തകര്‍ പിപിഇ കിറ്റണിഞ്ഞ് പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ആംബുലന്‍സുമെടുത്ത് ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. കനത്ത മഴയില്‍ ഇടറോഡുകള്‍ പലതും വെള്ളത്തിനടിയിലായിരുന്നുവെങ്കിലും ഏറ്റെടുത്ത ദൗത്യത്തിന്റെ കര്‍ത്തവ്യബോധം അവരെ പിന്തിരിപ്പിച്ചില്ല. വെള്ളപ്പൊക്കത്തില്‍പെട്ട് ആംബുലന്‍സ് മുന്നോട്ടേക്ക് നീങ്ങാതായപ്പോള്‍ വടം കൊണ്ടു കെട്ടിവലിച്ച് പുറത്തെത്തിച്ചാണ് യാത്ര തുടര്‍ന്നത്. കുന്നിന് മുകളില്‍ താമസിക്കുന്ന രോഗികളുടെ വീട്ടിലേക്ക് ആംബുലന്‍സ് എത്തിച്ച് 90 വയസുള്ള അവരെ പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മറ തീര്‍ത്ത് ഒരു തുള്ളി വെള്ളം ദേഹത്തുവീഴാതെയാണ് ആംബുലന്‍സിലേക്ക് എത്തിച്ചാണ് കൊണ്ടുപോയത്.
തുടര്‍ന്ന് നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ഇവരെ എത്തിച്ചെങ്കിലും അവിടെ കിടക്ക ലഭ്യമല്ലാത്തതിനാല്‍ തിരുവനന്തപുരം നിംസിലേക്കും സരസ്വതിയിലേക്കും കൊണ്ടുപോയി. ഇവിടെയും കിടക്ക കിട്ടാതായതോടെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വൃദ്ധ രോഗികളെ വീട്ടില്‍നിന്നു പുറത്തെത്തിക്കുന്ന ചിത്രങ്ങളടക്കമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഈ ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്.
പ്രളയകാലത്തും സേവാഭാരതി ജന സേവനത്തിനായി കര്‍മരംഗത്ത് ഉണ്ടായിരുന്നെങ്കിലും സര്‍ക്കാരും പല വാര്‍ത്താമാധ്യമങ്ങളും സംഘടനയ്ക്ക് വേണ്ടത്ര പിന്തുണ നല്‍കിയിരുന്നില്ല. സമാന സാഹചര്യമാണ് കൊവിഡ് കാലത്തും ഉണ്ടാകുന്നത്. ഇതിന് വിഭിന്നമായി സമൂഹമാധ്യമങ്ങള്‍ സേവാഭാരതിയുടെ സേവന പ്രവര്‍ത്തനങ്ങളെ ഏറ്റെടുക്കുന്ന സന്തോഷകരമായ കാഴ്ച്ചയാണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: