നിയമം നിങ്ങള്‍ക്ക് പാലിക്കാനുള്ളതും, ഞങ്ങള്‍ക്ക് ലംഘിക്കാനുള്ളതുമാണെന്ന സന്ദേശമാണ് ഭരണത്തില്‍ രണ്ടാമൂഴം ലഭിച്ചിരിക്കുന്ന പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം നിയമത്തെ വെല്ലുവിളിക്കുന്നതും, നിയമം അനുസരിക്കുന്ന ജനങ്ങളെ പരിഹസിക്കുന്നതുമാണ്. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ള ജില്ലകളിലൊന്നായ തലസ്ഥാനത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ഈ ധിക്കാരം അരങ്ങേറുന്നത്. ജനങ്ങള്‍ വീട്ടിനുള്ളില്‍പ്പോലും സാമൂഹിക അകലം പാലിക്കുകയും, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതുപോലും ഒഴിവാക്കുമ്പോള്‍ സത്യപ്രതിജ്ഞയ്ക്ക് വലിയ ജനക്കൂട്ടത്തെ ക്ഷണിച്ചുവരുത്തുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. കൊവിഡിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്ത് സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടത്തണമെന്ന് ചില കോണുകളില്‍നിന്ന് നിര്‍ദ്ദേശങ്ങള്‍ വന്നിരുന്നു. ഇത് അവഗണിച്ചാണ് വലിയ ആള്‍ക്കൂട്ടത്തെ ക്ഷണിച്ചുവരുത്തുന്നത്. എന്നിട്ട് സത്യപ്രതിജ്ഞ ജനമനസ്സിലാണ് നടക്കുന്നതെന്ന കള്ളപ്രചാരണം കെട്ടഴിച്ചുവിടുകയും ചെയ്യുന്നു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നതിന്റെ ആഹ്ലാദം സിപിഎം ആസ്ഥാനമായ എകെജി സെന്ററില്‍ കഴിഞ്ഞ ദിവസം കേക്കു മുറിച്ചാണ് നേതാക്കള്‍ പ്രകടിപ്പിച്ചത്. സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഈ ചടങ്ങ് നടത്തിയത്. ഇതിന്റെ വിശ്വരൂപമാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അരങ്ങേറാന്‍ പോകുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് ഒരു ശീലമാക്കിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്. തനിക്ക് രോഗബാധയുള്ള കാര്യം മറച്ചുപിടിച്ച് തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുകയും, വീട്ടില്‍നിന്ന് ആശുപത്രിയിലേക്കും തിരിച്ചും ഐസൊലേഷന്‍ പാലിക്കാതെ യാത്ര ചെയ്യുകയും ഉണ്ടായത് വിവാദമായപ്പോള്‍ കുടുംബബന്ധത്തിന്റെ മഹത്വം പറഞ്ഞ് ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കൊവിഡ് ബാധിതരായ കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും മറ്റ് നേതാക്കളുമൊക്കെ പ്രോട്ടോകോള്‍ പ്രകാരമുള്ള കര്‍ശന നിബന്ധനകള്‍ പാലിച്ചപ്പോഴാണ് പിണറായിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ പെരുമാറ്റദൂഷ്യമുണ്ടായത്. കൊലക്കേസ് പ്രതിയായ സിപിഎം നേതാവ് കുഞ്ഞനന്തന്റെ ശവസംസ്കാര ചടങ്ങിലും, കെ.ആര്. ഗൗരിയമ്മയുടെ ശവസംസ്കാര ചടങ്ങിലും അധികൃതരുടെ ഒത്താശയോടെ പ്രോട്ടോകോള്‍ ലംഘിച്ച് ആള്‍ക്കൂട്ടത്തെ പങ്കെടുപ്പിക്കുകയുണ്ടായി.
മുഖ്യമന്ത്രി പിണറായിയുടെ അധികാരപ്രമത്തതയാണ് ഇപ്പോഴത്തെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി മാറ്റാനുള്ള തീരുമാനത്തിനു പിന്നില്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തിന്റെ വിസ്തൃതിയും, സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളുടെയും ജനപ്രതിനിധികളുടെയുമൊക്കെ പ്രാതിനിധ്യത്തിന്റെ കണക്കും പറഞ്ഞ് ഈ നിയമലംഘനത്തെ വാര്‍ത്താ സമ്മേളനത്തില്‍ ന്യായീകരിച്ച മുഖ്യമന്ത്രി താന്‍ രണ്ടാമതും അധികാരമേല്‍ക്കുന്നത് ചരിത്രസംഭവമായി ഉയര്‍ത്തിക്കാണിക്കാനുള്ള വ്യഗ്രതയാണ് പ്രകടിപ്പിച്ചത്. കേരളത്തിലേതിനെക്കാള്‍ പല മടങ്ങ് ജനപ്രതിനിധികള്‍ കൂടുതലുള്ള പശ്ചിമബംഗാളില്‍ കൊവിഡ് വ്യാപനം രൂക്ഷമാവാതിരുന്നിട്ടും 43 മന്ത്രിമാര്‍ അധികാരമേറ്റത് വെറും നൂറുപേരെ പങ്കെടുപ്പിച്ചുകൊണ്ടാണ്. ഇതൊന്നും കാണാന്‍ കൂട്ടാക്കാതെ താന്‍ തീരുമാനിക്കുന്നത് നടപ്പാക്കും, ആര്‍ക്കും ഒരു നിയമത്തിനും തടയാനാവില്ല എന്ന സ്വേച്ഛാധിപത്യ മനോഭാവമാണ് മുഖ്യമന്ത്രി പിണറായിയെ നയിക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാവുകയാണ്. കേരളത്തിന്റെ കൊവിഡ് പ്രതിരോധം മൂന്നാം ലോക രാജ്യങ്ങള്‍ക്കു പോലും മാതൃകയാണെന്ന് വീമ്പിളക്കുന്ന ഒരു മുഖ്യമന്ത്രിയാണ് സ്ഥാനാരോഹണത്തിന്റെ പേരില്‍ രോഗവ്യാപനത്തെ ക്ഷണിച്ചുവരുത്തുന്നത്. ജനങ്ങളുടെ ജീവനു വില കല്‍പ്പിക്കാത്ത ഒരു ഭരണാധികാരിക്കേ ഇങ്ങനെ ചെയ്യാനാവൂ. അധികാരം ജനങ്ങളുടേതാണെന്ന് ഇത്തരക്കാര്‍ തിരിച്ചറിയാതെ പോകുന്നു.
താന്‍ തീരുമാനിക്കുന്നത് നടപ്പാക്കും, ആര്‍ക്കും ഒരു നിയമത്തിനും തടയാനാവില്ല എന്ന സ്വേച്ഛാധിപത്യ മനോഭാവമാണ് മുഖ്യമന്ത്രി പിണറായിയെ നയിക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാവുകയാണ്. കേരളത്തിന്റെ കൊവിഡ് പ്രതിരോധം മൂന്നാം ലോക രാജ്യങ്ങള്‍ക്കു പോലും മാതൃകയാണെന്ന് വീമ്പിളക്കുന്ന ഒരു മുഖ്യമന്ത്രിയാണ് സ്ഥാനാരോഹണത്തിന്റെ പേരില്‍ രോഗവ്യാപനത്തെ ക്ഷണിച്ചുവരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: