ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള കോണ്‍ഗ്രസ് ശ്രമം തുറന്നുകാട്ടുന്ന രേഖകള്‍ പുറത്തുവിട്ട് ബിജെപി. കോണ്‍ഗ്രസ് ഗവേഷണ വിഭാഗത്തിന്റെ രേഖകളാണ് ബിജെപി വക്താവ് സംപിത് പത്ര ചൊവ്വാഴ്ച ട്വീറ്റ് ചെയ്തത്. നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്താനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായ ‘ടൂള്‍ കിറ്റ്’ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ‘കോണ്‍ഗ്രസിന്റെ ടൂള്‍കിറ്റ് പുറത്തായി’ എന്ന ഹാഷ്ടാഗില് രാവിലെ മുതല്‍ രേഖകള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പ്രചാരവേലയാണിതെന്ന് സംപിത് പത്ര പറഞ്ഞു.
ഇത് കോണ്‍ഗ്രസിന്റെ അജണ്ടയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ‘മഹാമാരിയുടെ അവസരം ഉപയോഗപ്പെടുത്തി പ്രധാനമന്ത്രി മോദിയുടെ പ്രതിച്ഛായ തകര്‍ക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം’ എന്നും കൂട്ടിച്ചേര്‍ത്തു. കോവിഡിന്റെ വകദേദത്തെ മോദി വകഭേദമെന്ന് വിളിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതായി കോണ്‍ഗ്രസ് ടൂള്‍ കിറ്റിലെ പരാമര്‍ശം കാട്ടി അദ്ദേഹം പറയുന്നു.
പിന്നീട് മാധ്യമങ്ങളെ കണ്ട സംപിത് പത്ര പ്രധനമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുന്നതിന് കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. എന്നാല്‍ ആരോപണങ്ങള്‍ തള്ളിയ കോണ്‍ഗ്രസ് നേതാവ് രാജീവ് ഗൗഡ വ്യാജരേഖ ചമച്ചതിന് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയ്ക്കും സംപിത് പത്രയ്ക്കുമെതിരെ പരാതി നല്‍കുമെന്ന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: