തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേരെ ഉള്‍ക്കൊള്ളിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ യുഡിഎഫ്. തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നത് ധാര്‍മ്മിക വിരുദ്ധമാണെന്നാണ് പൊതുവെ രൂപപ്പെട്ടിരിക്കുന്ന അഭിപ്രായം.
സത്യപ്രതിജ്ഞാ ചടങ്ങില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കില്ല. കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തില്‍ സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് പ്രതികരിച്ചു. പകരം ചടങ്ങ് ടിവിയിലൂടെ കാണുമെന്നും ഹസന് പറഞ്ഞു.
കൊറോണ ഇത്രയധികം തീവ്രമായിരിക്കുന്ന സാഹചര്യത്തില്‍ വളരെ ലളിതമായി നടത്തേണ്ട ചടങ്ങാണ്. സ്റ്റേഡിയത്തില്‍ നടക്കുന്നത് സത്യപ്രതിജ്ഞയല്ല, മാമാങ്കമാണ്. മന്ത്രിമാര്‍ മാത്രം പങ്കെടുത്ത് അധികാരം ഏറ്റെടുക്കേണ്ട ചടങ്ങാണിത്. ബഹിഷ്ക്കരിക്കുയല്ല മുഖ്യമന്ത്രി പറഞ്ഞത് പോലെ ടിവിയില്‍ കാണുമെന്നാണ് ഹസ്സന്റെ പ്രതികരണം.
140 എംഎല്‍എമാരെയും 20 എംപിമാരെയും അടക്കം 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് എല്‍ഡിഎഫ് തീരുമാനം. ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ അടക്കം വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. 500 പേര് അധികമല്ലെന്ന് പറഞ്ഞ് വിമര്‍ശനങ്ങളെ മുഖ്യമന്ത്രി ഇന്നലെ തള്ളിക്കളഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: