പുനലൂര്‍: നഗരസഭയുടെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന തൊളിക്കോട് വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പൊതുശ്മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് തോന്നുംവിധം. സംസ്കരണ മാനദണ്ഡങ്ങള്‍ പാലിക്കാതെ വൃത്തിഹീനവുമായ രീതിയില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ രംഗത്തെത്തി.
ഗ്യാസ് ബര്‍ണര്‍ ഉപയോഗിച്ച് മൃതദേഹം കത്തിക്കുമ്പോള്‍ ഏകദേശം മൂന്ന് മണിക്കൂറാണ് പൂര്‍ണ്ണമായി കത്തി തീരാന്‍ വേണ്ടത്. എന്നാല്‍ ഒരെണ്ണം കത്തിതീരും മുന്‍പ് അടുത്തത് കയറ്റി സംസ്ക്കരിക്കുകയാണ് ഇവിടെ പതിവ്. തുടര്‍ന്ന് കത്തി തീരാത്ത മൃതദേഹ അവശിഷ്ടങ്ങള്‍ ശ്മാശാനത്തിന്റെ പരിസരത്ത് തന്നെ ഉപേക്ഷിക്കുകയും തെരുവ് നായ്ക്കളും കാക്കയും കൊത്തിയെടുത്ത് സമീപ വീടുകളില്‍ കൊണ്ട് ഇടുകയുമാണ്. ഇത് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
സംസ്ക്കാര സമയം ശ്മാശാനത്തിന്റെ കതകുകള്‍ പൂര്‍ണമായി അടക്കാത്തത് കാരണം സമീപവാസികള്‍ മൂക്കുപൊത്തിയാണ് കഴിയുന്നത്. കൊവിഡ് രോഗവ്യാപനം രൂക്ഷമായതോടെ പരിസരവാസികള്‍ ഭയപ്പാടിലാണ് ഇവിടെ കഴിയുന്നത്.
മുന്‍പ് വിറക് ഉപയോഗിച്ചാണ് ഇവിടെ സംസ്കാരം നടത്തിയിരുന്നത്. എന്നാല്‍ സമയാസമയമുള്ള അറ്റകുറ്റപണികള്‍ നടത്താത്തതിനെ തുടര്‍ന്ന് ജീര്‍ണാവസ്ഥയിലായ ശ്മശാനം രണ്ടു വര്‍ഷം മുമ്പ് പുതുക്കി പണിത് ഗ്യാസ് ബര്‍ണറില്‍ സംസ്കാരം ആരംഭിച്ചു. ശ്മശാനത്തോട് ചേര്‍ന്നു നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ആദ്യസമയം മുതല്‍ നിരവധി പരാതികള്‍ ഉയരുന്നുണ്ട്. ഇതേതുടര്‍ന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ ഇന്നലെ ശ്മശാന പരിസരങ്ങളില്‍ അണുനശീകരണം നടത്തി.
പിപിഇ കിറ്റ് തോന്നുന്നിടത്ത് ഉപേക്ഷിക്കുന്നു
കൊവിഡ് രോഗിയുടെ മൃതദേഹവുമായി എത്തുന്ന ചില ആളുകള്‍ പിപണ്ടിഇ കിറ്റ് തോന്നുന്നിടത്ത് ഉപേക്ഷിച്ചു പോവുകയാണ് പതിവ്. മറ്റുചിലര്‍ വെളിയില്‍ ഇട്ട് കത്തിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ ആംബുലന്‍സില്‍ എത്തുന്നവരും ധരിച്ചിരിക്കുന്ന പിപണ്ടിഇ കിറ്റ് പുറത്ത് ഇട്ടാണ് കത്തിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ രൂക്ഷഗന്ധം കാരണം സമീപവാസികളില്‍ ശ്വസനരോഗങ്ങള്‍ ഉണ്ടാകുന്നതായും പ്രദേശവാസികള്‍ നല്കിയ പരാതിയില്‍ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പോലീസ് എത്തി നഗരസഭാ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇതുവരെ പരിഹാരം കാണാന്‍ സാധിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: