മാഡ്രിഡ്: ലൂയി സുവാരസിന്റെ ചിറകിലേറി അത്‌ലറ്റിക്കോ മാഡ്രിഡ് ലാ ലിഗ കിരീടത്തിന് തൊട്ടരികിലെത്തി. അവസാന മത്സരത്തിലും ജയം ആവര്‍ത്തിച്ചാല്‍ അത്‌ലറ്റിക്കോയ്‌ക്ക് കിരീടം ശിരസിലേറ്റാം. കിരീടം കൈപ്പിടിയില്‍ നിന്ന് തെന്നിപ്പോയെന്ന് കരുതിയ നിമിഷത്തിലാണ് സുവാരസ് നിര്‍ണായക ഗോളിലൂടെ ഒസാസുനക്കെതിരായ മത്സരത്തില്‍ അത്‌ലറ്റിക്കോയക്ക് വിജയം സമ്മാനിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വിജയിച്ചത്.
ബില്‍ബാവോയില്‍ വിജയത്തിലേക്ക് പന്ത് തട്ടിയ റയല്‍ മാഡ്രിഡിന്റെ കീരീട മോഹങ്ങള്‍ക്ക് തിരിച്ചടിയായി അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഈ വിജയം. അത്‌ലറ്റിക് ക്ലബ്ബിനെ മടക്കമില്ലാത്ത ഒരു ഗോളിനാണ് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത്. റയല്‍ വിജയിച്ചതോടെ ഒസാസുനക്കെതിരായ മത്സരം അത്‌ലറ്റിക്കോയ്‌ക്ക് നിര്‍ണായകമായി. തോറ്റാല്‍ കിരീട പ്രതീക്ഷ മങ്ങുമെന്നുറപ്പായിരുന്നു.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 75-ാം മിനിറ്റില്‍ ബുഡ്മിര്‍ ഒസാസുനയ്‌ക്ക് ലീഡ് നേടിക്കൊടുത്തു. ഗോള്‍ വീണതോടെ പോരാട്ടം മുറുക്കിയ അത്‌ലറ്റിക്കോ മാഡ്രിഡ് ഏഴു മിനിറ്റിനുള്ളില്‍ സമനില പിടിച്ചു. എണ്‍പത്തിരണ്ടാം മിനിറ്റില്‍ റെനന്‍ ലോദിയാണ് സ്‌കോര്‍ ചെയ്തത്. കളിയവസാനിക്കാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ ലൂയി സുവാരസ് നിര്‍ണായക ഗോളിലൂടെ അത്‌ലറ്റിക്കോ മാഡ്രിഡിനെ വിജയത്തിലേക്ക്് പിടിച്ചുയര്‍ത്തി.
ഒരു മത്സരം മാത്രം ശേഷിക്കെ അത്‌ലറ്റിക്കോ 37 മത്സരങ്ങളില്‍ 83 പോയിന്റുമായി ഒന്നാം സ്ഥാനത്ത്് തുടരുകയാണ്. 37 മത്സരങ്ങളില്‍ 81 പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തും. അവസാന മത്സരത്തില്‍ വിജയിച്ചാല്‍ 2014 നു ശേഷം ലാ ലിഗ കിരീടം അത്‌ലറ്റിക്കോ മാഡ്രിഡിന് സ്വന്തമാകും.
ബാഴ്‌സലോണയാണ് മൂന്നാം സ്ഥാനത്ത്. അവര്‍ക്ക് 37 മത്സരങ്ങളില്‍ 76 പോയിന്റുണ്ട്. മുപ്പത്തിയേഴാം മത്സരത്തില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെല്‍റ്റ വിഗോയോട് തോറ്റു. 28-ാം മിനിറ്റില്‍ ലയണല്‍ മെസിയുടെ ഗോളില്‍ ബാഴ്‌സ മുന്നിലെത്തി. എന്നാല്‍ സാന്റ് മിനയുടെ ഇരട്ട ഗോളില്‍ സെല്‍റ്റ വിഗോ വിജയം പിടിച്ചെടുത്തു. 38, 89 മിനിറ്റുകളിലാണ് മിന ഗോള്‍ അടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: