കൊല്‍ക്കൊത്ത: പശ്ചിമബംഗാളിലെ രണ്ട് തൃണമൂല്‍ മന്ത്രിമാരെയും ഒരു നേതാവിനെയും അറസ്റ്റ് ചെയ്തതിന്റെ പേരില്‍ കൊല്‍ക്കൊത്തയിലെ സിബി ഐ ഓഫീസിന് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ ഗവര്‍ണര്‍.
പശ്ചിമബംഗാള്‍ മന്ത്രിമാരായ ഫിര്‍ഹദ് ഹക്കിം, സുബ്രതാ മുഖര്‍ജി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മദന്‍ മിത്ര എന്നിവരെയാണ് തിങ്കളാഴ്ച സിബിഐ അറസ്റ്റ് ചെയ്തത്. ഭരണഘടനാച്ചട്ടങ്ങള്‍ പാലിക്കാന്‍ ഗവര്‍ണര്‍ മമതാബാനര്‍ജിയോട് ആവശ്യപ്പെട്ടു. പൊലീസും ഭരണസംവിധാനവും ഒന്നും ചെയ്യാതെ കയ്യും കെട്ടി ഇരിക്കുകയാണ്. ടിഎംസി പ്രവര്‍ത്തകര്‍ സിആര്‍പിഎഫ് ഓഫീസര്‍മാരെ കല്ലെറിയുന്ന കലാപാന്തരീക്ഷം പൊലീസിനെ ഉപയോഗിച്ച് നിയന്ത്രിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2016-ലെ നാരദ ഒളിക്യാമറാ ഓപ്പറേഷനില്‍ ഈ മൂന്ന് പേരും കൈക്കൂലി വാങ്ങുന്നത് പകര്‍ത്തപ്പെട്ടിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് നടപടി. മൂവരെയും കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജിക്കൊപ്പം സിബിഐ നിസാം പാലസ് ഓഫിസില്‍ രാവിലെ എത്തിച്ചത്. സിബിഐയുടെ അപേക്ഷ പരിഗണിച്ച് ഹക്കിം, മുഖര്‍ജി, മിത്ര, ചാറ്റര്‍ജി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു. ഇവരെ അധികം വൈകാതെ കോടതിയില്‍ ഹാജരാക്കുമെന്നറിയുന്നു.
ഗവര്‍ണറുടെ അനുമതി കിട്ടിയതോടെയാണഅ മന്ത്രിമാരെയും പാര്‍ട്ടി നേതാവിനെയും സിബി ഐ അറസ്റ്റ് ചെയ്തത്. നാരദ ഒളിക്യാമറ ഓപ്പറേഷനിലൂടെ അഴിമതി ആരോപണം പുറത്തുവരുമ്പോള്‍ എല്ലാവരും മമത മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. മേയര്‍ ഉള്‍പ്പെടെ നാലുപേരും കോഴ വാങ്ങുന്നതാണ് ഒളിക്യാമറയില്‍ പിടിക്കപ്പെട്ടത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു വീഡിയോ പുറത്തുവിട്ടത്.
അറസ്റ്റ് വാര്‍ത്ത അറിഞ്ഞയുടന്‍ സിബി ഐ ഓഫീസില്‍ കുതിച്ചെത്തി മമതാ ബാനര്‍ജി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. എന്നെയും അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞ് സിബി ഐ ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുകയായിരുന്നു മമതാ ബാനര്‍ജി. അറസ്റ്റ് വാര്‍ത്തയറിഞ്ഞ് പല തൃണമൂല്‍ നേതാക്കളും സിബി ഐ ഓഫീസിലെത്തിയതോടെ സമാധാന അന്തരീക്ഷം കൈവിട്ടുപോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: