കോട്ടയം: ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭാഗമായി ജില്ലയില്‍ കനത്തമഴ തുടരുന്നു. ബുധനാഴ്ച വൈകിട്ടോടെ തുടങ്ങിയ മഴയാണ് തുടരുന്നത്. ഇന്നലെ വൈകിട്ടോടെ മഴയുടെ ശക്തി അല്പം കുറഞ്ഞു. കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ 580.7 ഹെക്ടറില്‍ കൃഷി നാശം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. 3500 ഓളം കര്‍ഷകര്‍ക്ക് 10.37 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. പള്ളം ബ്ലോക്കിലാണ് കൂടുതല്‍ കൃഷിനാശം നേരിട്ടത്.
മീനച്ചിലാറ്റിലും കൊടൂരാറ്റിലും ഇന്നലെ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് കോട്ടയം താലൂക്കില്‍ നദീതീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്കി. ഇന്നലെ വൈകുന്നേരം ഏഴിന് നാഗമ്പടം, കുമരകം, കിടങ്ങൂര്‍, പേരൂര്‍ എന്നിവിടങ്ങളില്‍ മീനച്ചിലാറ്റിലെ ജലനിരപ്പ് അപകടസാധ്യതാ നിലയ്ക്കു മുകളിലാണ്. കോടിമത മേഖലയില്‍ കൊടൂരാറും കരകവിഞ്ഞു തുടങ്ങിയിട്ടുണ്ട്.
കൊല്ലാട്, സംക്രാന്തി, പരിപ്പ്, ചിങ്ങവനം, നാഗമ്പടം, പേരൂര്‍, വേളൂര്‍ തുടങ്ങിയ മേഖലകളില്‍ റോഡില്‍ വെള്ളം കയറി. കോട്ടയം, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റികളിലും അയ്മനം, തിരുവാര്‍പ്പ്, കുമരകം, ആര്‍പ്പൂക്കര, കിടങ്ങൂര്‍, വിജയപുരം മേഖലകളിലുമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ജലനിരപ്പ് ഉയരുന്ന മേഖലകളില്‍ ആവശ്യമെങ്കില്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദശം നല്കി.
മെയ് 16 മുതല്‍ 20 വരെ ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് ആണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്ക ണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: