ന്യൂദല്‍ഹി: രാജ്യം അതിസങ്കീര്‍ണ്ണമായ, ആകസ്മിക പ്രതിസന്ധിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന രീതിയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം വീണ്ടും.
ഏറ്റവുമൊടുവില്‍ മോദിയ്ക്കെതിരെ വാക്സിന് ക്ഷാമം എന്ന കുറ്റമാരോപിച്ചുള്ള പോസ്റ്ററുകള്‍ പതിയ്ക്കാനാണ് കോണ്‍ഗ്രസ് നീക്കം. ദല്‍ഹിയില്‍ പലയിടത്തും ഈ പോസ്റ്ററുകള്‍ പതിച്ച 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്ങള്‍ പൈസ തന്നതിനാലാണ് പോസ്റ്റര്‍ പതിച്ചതെന്നാണ് അറസ്റ്റിലായവരുടെ വിശദീകരണം. ദിവസ വേതനക്കാരായ ഓട്ടോറിക്ഷക്കാരും പ്രിന്റിംഗ് പ്രസ് ജീവനക്കാരുമാണ് അറസ്റ്റിലായവര്‍. പണം തന്നതിനാലാണ് പോസ്റ്റര്‍ പതിച്ചതെന്ന് അവര്‍ പറയുന്നു.
ഖജൂരി, കല്യാണ്‍പുരി, ദയാല്‍പുര്‍, ഭജന്‍പുര, മംഗോള്‍പുരി, ഓള്‍ഡ് ദല്‍ഹി, ഖ്യാല, മോടി നഗര്‍, കീര്‍ത്തി നഗര്‍, നിഹാല്‍ വിഹാര്‍, രോഹിണി, എംഎസ് പാര്‍ക്ക് എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചത്. ഇതോടെ ഇപ്പോള്‍ എന്നെയും അറസ്റ്റ് ചെയ്യൂ എന്ന ക്യാമ്പയിനുമായി രാഹുല്‍ഗാന്ധി രംഗത്തിറങ്ങിയിരിക്കുകയാണ്. അപ്പോള്‍ ആരായിരിക്കാം ഇവര്‍ക്ക് പണം നല്‍കിയതെന്ന കാര്യം വ്യക്തം. എങ്ങിനെയെങ്കിലും അറസ്റ്റ് നടത്തിപ്പിച്ച് അതിന്റെ പേരില്‍ പ്രകോപനമുണ്ടാക്കി, നാടാകെ ക്രമസമാധാനം അട്ടിമറിയ്ക്കാമെന്നാണ് കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷങ്ങളുടെയും ഉള്ളിലിരിപ്പ് എന്ന് തോന്നുന്നു.
ബംഗാളിലെയും കേരളത്തിലെയും അസമിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം കോണ്‍ഗ്രസിന് താങ്ങാവുന്നതിലപ്പുറമായിരുന്നു. ബംഗാളില്‍ വട്ടപ്പൂജ്യമായി. 1980ന് ശേഷം ഇടതുമുന്നണിയും കോണ്‍ഗ്രസും മാറി മാറി ഭരിയ്ക്കാറുള്ള കേരളത്തില്‍ ഇക്കുറി ഇടതുമുന്നണിയ്ക്ക് തുടര്‍ഭരണം നല്കി. അസമിലാകട്ടെ ബിജെപി തുടര്‍ഭരണം പിടിച്ചു. പോണ്ടിച്ചേരിയില്‍ പോലും കോണ്‍ഗ്രസ് ദുര്‍ബല പ്രതിപക്ഷമായി. സംസ്ഥാനതെരഞ്ഞെടുപ്പുകളില്‍ വിജയം നേടി അതിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരാമെന്ന രാഹുല്‍ഗാന്ധിയുടെയും സോണിയയുടെയും മോഹമാണ് തകിടം മറിഞ്ഞത്. ഇതോടെ പ്രാധാന്യം നഷ്ടപ്പെട്ട രാഹുല്‍ഗാന്ധി എന്ത് വിധേനെയും ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ്. ഈ കോവിഡ് രണ്ടാം തരംഗത്തില്‍ മേല്‍വിലാസമുണ്ടാക്കാനുള്ള ശ്രമത്തിലാണ് രാഹുല്‍.
മോദിക്കെതിരായ പോസ്റ്റര്‍ രാഹുല്‍ ഞായറാഴ്ച ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇതിന്റെ പേരില്‍ എന്നെയും അറസ്റ്റ് ചെയ്യൂ എന്ന കുറിപ്പോടുകൂടിയാണ് രാഹുല്‍ മോദിക്കെതിരായ പോസ്റ്റര്‍. ട്വീറ്റ് ചെയ്തത്.
കോവിഡ് രണ്ടാംതരംഗം അതീവമാരകമായിരുന്നു എന്നും അതിവേഗം പടരുന്ന ഒന്നാണ് ഈ വൈറസ് വകഭേദമെന്നും ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു. ഇത് ഇന്ത്യയില്‍ മാത്രമല്ല, ഏഷ്യയിലാകെ ആശങ്കാകുലമായ രീതിയില്‍ പടരുകയാണ്. ആക്സിമ ദുരന്തമായതിനാലും രോഗത്തിന്റെ വ്യാപനശേഷിയും തീവ്രതയും കൂടുതലായതിനാലും എല്ലാ സംസ്ഥാനങ്ങളും രോഗസാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ വൈകി. . അന്ന് മുതല്‍ ചാടിവീണതാണ് കോണ്‍ഗ്രസ്. ആദ്യം ഓക്സിജന്‍ ക്ഷാമത്തില്‍ പിടിച്ചായിരുന്നു വിമര്‍ശനം. അത് പരിഹരിച്ചപ്പോള്‍ വാക്സിന് ഇല്ലെന്ന വിമര്‍ശനമായി. 6.6 കോടി വാക്സിന് ഡോസുകള്‍ ഇന്ത്യ വിദേശത്തേക്കയച്ചത് വിദേശരാഷ്ട്രങ്ങളുമായുള്ള ചില കരാറിന്റെ ഭാഗമായാണ് എന്ന് പറഞ്ഞിട്ടും സമ്മതിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറല്ല. ഇപ്പോള്‍ ഇന്ത്യയിലെ കുട്ടികളുടെ വാക്സിന് വിദേശരാജ്യങ്ങള്‍ക്ക് നല്കി എന്ന് പറഞ്ഞാണ് പുതിയ അടവ് പുറത്തെടുത്തിരിക്കുന്നത്.വാക്സിന് ക്ഷാമം പരിഹരിക്കാന്‍ കോവാക്സിന് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ അതിന്റെ ഫോര്‍മുല വരെ സംസ്ഥാനങ്ങളിലെ കമ്പനികള്‍ക്ക് നല്കാന് കേന്ദ്ര സര്‍ക്കാര്‍ ഭാരത് ബയോടെകുമായി കരാറിലെത്തിയിട്ടുണ്ട്. വിദേശത്തെ ഏതാണ്ടെല്ലാ വാക്സിനുകളും ഇന്ത്യയിലെത്തിക്കാന്‍ ശ്രമം വിജയിച്ചിട്ടുണ്ട്.
എന്നാല്‍ ഇതിന്റെ പേരില്‍ ഇന്ത്യയില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് കോണ്‍ഗ്രസ് നീക്കം. രാഹുല്‍ ഗാന്ധിയ്ക്ക് ഈ ദൗത്യത്തിന് കൂട്ടായി രംഗം കൊഴുപ്പിക്കാന്‍ മാധ്യമങ്ങളുണ്ട്. ശ്മശാനത്തില്‍ നിന്നും ലൈവ് നല്കി ബര്‍ഖാ ദത്ത് എന്ന ജേണലിസ്റ്റ് അത് ചെയ്യാന്‍ ശ്രമിച്ചു. ന്യൂയോര്‍ക്ക് ടൈംസ് വ്യാജപടം നല്‍കിയാണ് കോവിഡ് ഭീതി പരത്താന്‍ ശ്രമിച്ചത്. ചിത്രം വ്യാജമാണെന്ന് അവരെ അറിയിച്ചപ്പോള്‍ അത് പിന്‍വലിച്ചു. കഴിഞ്ഞ ദിവസം ഗംഗയില്‍ ജഡം ഒഴുകുന്നു എന്ന പേരില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ചിത്രമാണ് കേരളത്തിലെ ഒരു മന്ത്രി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ജേണലിസ്റ്റുകള്‍ തന്നെയാണ് വിദേശമാധ്യമങ്ങളിലും ലേഖനങ്ങള്‍ വരുത്തി ഭീതി പരത്തുന്നത്. സോഷ്യല്‍ മീഡിയയിലാകട്ടെ എന്‍ജിഒകളും കമ്മ്യൂണിസ്റ്റുകളും രംഗം കൊഴിപ്പിക്കാന്‍ നോക്കുന്നു. എന്നാല്‍ ഇതിനിടയില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാതെ തന്റെ കര്‍മ്മങ്ങളില്‍ മാത്രം മുഴുകി മുന്നേറുകയാണ് പ്രധാനമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: