ലണ്ടന്‍: സ്പാനിഷ് വിങ്ങര്‍ ഫെറാന്‍ ടോറസിന്റെ കളിമികവില്‍ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് എവേ മത്സരങ്ങളില്‍ തുടര്‍ച്ചയായ പന്ത്രണ്ടാം വിജയം നേടി പുത്തന്‍ റെക്കോഡ് കുറിച്ചു. ലീഗ് കിരീടത്തിന്റെ പുത്തന്‍ അവകാശികളായ മാഞ്ചസ്റ്റര്‍ സിറ്റി ന്യൂകാസിലിനെ അവരുടെ തട്ടകത്തില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് റെക്കോഡിട്ടത്്. ത്രില്ലര്‍ പോരാട്ടത്തില്‍ ടോറസിന്റെ ഹാട്രിക്കാണ് സിറ്റിക്ക്് വിജയം നേടിക്കൊടുത്തത്.
ഇരുപകുതികളിലുമായാണ് ടോറസ് ഹാട്രിക്ക് തികച്ചത്. 42 , 64, 66 മിനിറ്റുകളിലാണ് ഈ വിങ്ങര്‍ ലക്ഷ്യം കണ്ടത്. ഈ സീസണില്‍ അരങ്ങേറിയ ടോറസിന് ഇതോടെ പതിമൂന്ന് ഗോളുകളായി. വിങ്ങറാണെങ്കിലും സെര്‍ജിയോ അഗ്യൂറോയും ഗബ്രീല് ജീസസും വിട്ടു നില്ക്കുന്ന മത്സരങ്ങളില്‍ ടോറസ് സ്ട്രൈക്കറുടെ റോളിലാണ് അവതരിക്കുക. ന്യൂകാസില്‍ യുണൈറ്റഡിനെതിരെ വിജയം നേടിയതോടെ മാഞ്ചസ്റ്റര്‍ സിറ്റി 2017 ലും ചെല്‍സി 2008 ലും കുറിച്ച തുടര്‍ച്ചയായ പതിനൊന്ന് എവേ മത്സരങ്ങളുടെ റെക്കോഡാണ് വഴിമാറിയത്.
ഗോളടി തുടങ്ങിയത് ന്യൂകാസില്‍ യുണൈറ്റഡാണ്. 25-ാം മിനിറ്റില്‍ ന്യൂകാസിലിന്റെ ക്രാഫ്റ്റ്് മാഞ്ചസ്റ്റര്‍ സിറ്റിയുടെ വല കുലുക്കി. 39-ാം മിനിറ്റില്‍ ജാവോ കാന്‍സെലോ ഗോള്‍ മടക്കി സിറ്റിക്ക് സമനിലയൊരുക്കി. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഫെറാന്‍ ടോറസ് തന്റെ ആദ്യ ഗോളിലുടെ സിറ്റിയെ മുന്നിലാക്കി. എന്നാല്‍ ഇടവേളയ്ക്ക്് തൊട്ടുമുമ്പ്് ജോളിന്‍ടണ്‍ ഗോള്‍ മടക്കി. ഇടവേളയ്ക്ക്് ഇരു ടീമുകളും ഒപ്പത്തിനൊപ്പം (2-2). രണ്ടാം പകുതിയിലും ന്യൂകാസിലാണ് ആദ്യം സ്കോര്‍ ചെയ്തത്്. 62-ാം മിനിറ്റില്‍ വില്ലോക്ക്് ഗോള്‍ അടിച്ചതോടെ ന്യൂകാസില്‍ 3-2 ന് മുന്നില്‍. എന്നാല്‍ രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ ഫെറാന്‍ ടോറസ് ഗോള്‍ മടക്കി. 66-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി ഹാട്രിക് തികച്ച്് ടോറസ്് മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: