കോഴിക്കോട് : ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട് ബോട്ട് കാണാനില്ല. കെ.പി. ഷംസു എന്നയാളുടെ പേരിലുള്ള അജ്മീര്‍ ഷാ എന്ന ബോട്ടാണ് കാണാതായത്. ഈ മാസം അഞ്ചിനാണ് 15 മത്സ്യത്തൊഴിലാളികളുമായി ബോട്ട് മത്സ്യ ബന്ധനത്തിനായി ബേപ്പൂരില്‍ നിന്നും പുറപ്പെട്ടത്.
പ്രതികൂല കാലാവസ്ഥയിലും ഇവര്‍ക്കായി അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ല. ബോട്ടിലെ തൊഴിലാളികളെ രക്ഷിക്കാന്‍ അടിയന്തിരമായി കോസ്റ്റ് ഗാര്‍ഡും നാവികസേനയും ഇടപെടണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. കാണാതായ ബോട്ടിനെക്കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കണമെന്നും ഇവര്‍ അറിയിച്ചു.
അതേസമയം ഗോവയില്‍ കുടുങ്ങിക്കിടക്കുന്ന മിലാദ്-3 എന്ന ബോട്ടിനെക്കുറിച്ച് ഞായറാഴ്ച രാവിലെയാണ് വിവരം ലഭിച്ചിട്ടുണ്ട്. എറണാകുളം പോഞ്ഞിക്കരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി. കൊല്ലം കോയിവിള സ്വദേശി ആന്റപ്പന്റെ മൃതദേഹം ബോള്‍ഗാട്ടി ജെട്ടിക്ക് സമീപത്തായാണ് കണ്ടെത്തിയത്. സുഹൃത്തിനൊപ്പം കഴിഞ്ഞ വെള്ളിയാഴ്ചയാണ ആന്റപ്പന് മത്സ്യബന്ധനത്തിന് പോയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സെബാസ്റ്റ്യന്‍ നീന്തി രക്ഷപ്പെട്ടു.
അറബിക്കടലില്‍ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയുമാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: