തൃശൂര്‍: സ്ത്രീകളുടെ ഫോട്ടോകളും ഫോണ്‍നമ്പറും വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച ബിടെക് വിദ്യാര്‍ഥി അറസ്റ്റില്‍. നെടുപുഴ സ്വദേശി ശ്രീഹരി (20) ആണ് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസിന്റെ പിടിയിലായത്. പൊന്നൂക്കര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
ഇവരുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ച് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പകരം പകരം അവരോട് ലൈംഗിക അഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഇത് നിരസിച്ചതോടെ ഇവരുടെ ഫോട്ടോയും ഫോണ്‍ നമ്പരും പലര്‍ക്കും അയച്ചു കൊടുത്തു. പലയിടത്തും നിന്നും വിളികള്‍ എത്തിയതോടെയാണ് യുവതി പരാതിയുമായി സൈബര്‍ പോലീസ് സ്റ്റേഷനിലെത്തിയത്.
അന്വേഷണത്തില്‍ പ്രതി ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതായി കണ്ടെത്തി. സ്ത്രീകളുടെ ഫോണ്‍ നമ്പരുകള്‍ സാമൂഹമാധ്യമങ്ങള്‍ വഴി ശേഖരിച്ച് അവരുമായി ചാറ്റ് ചെയ്ത് പരിചയം ദൃഢമാക്കുകയാണ് ഇയാളുടെ രീതി. ശേഷം ഇവരുടെ നഗ്ന ചിത്രങ്ങള്‍ അയച്ച് കൊടുക്കാന്‍ നിര്‍ബന്ധിക്കും. സ്ത്രീകളെ വീഡിയോ കോള്‍ ചെയ്ത് റെക്കോര്‍ഡ് ചെയ്ത് നഗ്ന വീഡിയോകള്‍ നിര്‍മ്മിക്കുകയും പ്രതി ചെയ്തിരുന്നു.
ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ 42 സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ വിവിധ ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്തതായി കണ്ടെത്തി. ചതിയില്‍പ്പെട്ട മറ്റ് സ്ത്രീകളെ കണ്ടെത്തുന്നതിനായി സൈബര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളും സ്ത്രീകളും ജാഗ്രത പുലര്‍ത്തണമെന്നും അപരിചിതരായ ആളുകളുമായി ബന്ധം സ്ഥാപിക്കരുതെന്നും ഇത്തരത്തില്‍ എന്തെങ്കിലും സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പോലീസിനെ അറിയിക്കണമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ആദിത്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: