ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രണ്ട് മാസത്തിനുള്ളില്‍ വിവിധ കമ്പനികളുടെ കൂടുതല്‍ വാക്സിന് ലഭ്യമാകുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. രാജ്യത്തെ കൊവിഡ് വാക്സിന് സ്ഥിതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് മാസത്തിനുള്ളില്‍ കൂടുതല്‍ വാക്സിന് നിര്‍മാണ കമ്പനികള്‍ വാക്സിന് ഉല്പാദനം തുടങ്ങും. ഇതുമൂലം രാജ്യത്തിന് ആവശ്യമായ കൊവിഡ് വാക്സിന് കൂടുതല്‍ ലഭ്യമാകും. ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനിയില്‍ നിന്ന് വാക്സിന് ആവശ്യപ്പെട്ടിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
മറ്റ് ജീവിതശൈലീ രോഗങ്ങളുള്ളവര്‍, പ്രായമായവര്‍ എന്നിവര്‍ കൊവിഡ് പിടിപ്പെട്ടാല്‍ മരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യയിലെ ജനസംഖ്യ കൂടി കണക്കിലെടുത്ത് യോഗ്യതാ അടിസ്ഥാനത്തില്‍ വാക്സിന് നല്‍കും. വാക്സിന് കൊവിഡിനെതിരെ പോരാടാനുള്ള അടിസ്ഥാന ആയുധമാണെന്നും പ്രായഭേദമന്യേ മുന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ അത് ലഭ്യമാകുമെന്നും എയിംസ് ഡയറക്ടര്‍ അറിയിച്ചു. കോവിഷീല്‍ഡ്, കൊവാക്സിന് എന്നിവ എടുത്ത ആളുകള്‍ക്ക് പ്രതിരോധ ശേഷി 70 മുതല്‍ 75 ശതമാനം വരെ വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗം ആദ്യ തരംഗത്തേക്കാള്‍ നാലിരട്ടി മാരകമായതിനാല്‍ ആളുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. രോഗികളുടെ ശ്വാസകോശത്തെ വൈറസ് ബാധിക്കുന്ന കാഠിന്യം പല മടങ്ങ് വര്‍ധിച്ചു. പുറത്തുപോകുമ്പോള്‍ ഇരട്ട മാസ്ക്ക് ധരിക്കണം. ഒന്നാം തരംഗത്തിലെ അണുബാധയേക്കാള്‍ ശക്തിയുള്ളതാണ് രണ്ടാം തരംഗത്തിലെ അണുബാധ. വീട്ടിലിരിക്കുമ്പോള്‍ പോലും മാസ്ക്ക് ധരിച്ച് ആളുകള്‍ കൊവിഡിനെ ചെറുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: