തിരുവനന്തപുരം : അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു. അടുത്ത 12 മണിക്കൂറില്‍ കൂടുതല്‍ ശക്തിയില്‍ കേരള തീരത്ത് വീശുമെന്ന് മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്തുള്ളവര്‍ കടലില്‍ മത്സ്യബന്ധനത്തിന്് പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഒമ്പത് ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടല്‍ക്ഷോഭവും വരും മണിക്കൂറുകളിലും തുടരും.
കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറില്‍ 09 കിമീ വേഗതയില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ച് ടൗട്ടെ മെയ് 16 ന് രാവിലെ 02.30 ന് മധ്യകിഴക്കന്‍ അറബിക്കടലില്‍ 14.7 ° N അക്ഷാംശത്തിലും 72.7° E രേഖാംശത്തിലും എത്തി.
ശക്തിപ്രാപിച്ച അതിശക്ത ചുഴലിക്കാറ്റ് വടക്ക്, വടക്ക്- പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് മെയ് 17 വൈകുന്നേരത്തോട് കൂടി ഗുജറാത്ത് തീരത്ത് എത്തും. മെയ് 18 അതിരാവിലെയോടെ ഗുജറാത്തിലെ പോര്‍ബന്തര്‍, നലിയ തീരങ്ങള്‍ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് വിലയിരുത്തപ്പടുന്നത്.
എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പായ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും 19 വരെ ശക്തമായ മഴ തുടരും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മഴക്കെടുതികളില്‍ 4 പേര് മരിച്ചു. തീരമേഖലയില്‍ കടലാക്രമണം തുടരുകയാണ്. 71 ക്യാംപുകളിലായി 2094 പേരെ മാറ്റിപ്പാര്‍പ്പിച്ചു. പലയിടത്തും വീടുകളും കൃഷിയും നശിച്ചു. മണിമലയാറിലും അച്ചന്‍കോവിലാറിലും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കേന്ദ്ര ജല കമ്മീഷന് പ്രളയ മുന്നറിയിപ്പ് നല്കി. 31നു കാലവര്‍ഷത്തിനു തുടക്കമാകുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതു കണക്കിലെടുത്ത് പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് താമസം മാറാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: