ഗാസ: പാലസ്തീന് ഭീകരര്‍ക്കെതിരെയുള്ള പ്രത്യാക്രമണം കടുപ്പിച്ച് ഇസ്രയേലിന്റെ സംയുക്ത സേന. കര-വ്യോമസേനകള്‍ സംയുക്തമായാണ് തീവ്രവാദികളെ നിലവില്‍ നേരിടുന്നത്. 20 മിനിട്ട് മുന്‍പ് മുന്നറിയിപ്പ് നല്കിയ ശേഷമുള്ള ആക്രമണമാണ് ഇസ്രയേല്‍ ഗാസയ്ക്ക് മേല്‍ നടത്തുന്നത്. ഗാസയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഇന്നു രാത്രി ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തിട്ടുണ്ട്. അല്‍-ജസീറ, അമേരിക്കന്‍ ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് എന്നിവയടക്കം നിരവധി മാധ്യമ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ജല ടവര്‍ എന്ന 13 നില കെട്ടിടമാണ് വ്യോമാക്രമണത്തിലൂടെ തകര്‍ത്തത്. ബോംബ് സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തിന് 20 മിനിട്ടിന് മുമ്പായി ഇസ്രയേല്‍ സേനയുടെ മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാല്‍ ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു.
അതേസമയം, തീവ്രവാദികളെ ലക്ഷ്യമിട്ട് പാലസ്തീനിലെ ബങ്കറുകള്‍ക്ക് മുകളില്‍ ബോംബുകളും മിസൈലും ഇസ്രയേല്‍ വര്‍ഷിച്ച് തുടങ്ങി. അപ്രതീക്ഷിത തിരിച്ചടിയില്‍ ഹമാസിന് വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കരയുദ്ധം നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു പ്രഖ്യാപന നടത്തിയതോടെ ഭീകരര്‍ ‘ടണല്‍ പാളയത്തി’ല്‍ പിന്‍വലിഞ്ഞു. ഇതിന് പിന്നാലെയാണ് ഇത്തരം കേന്ദ്രങ്ങള്‍ക്ക് മുകളില്‍ ഇസ്രയേല്‍ ബോംബ് വര്‍ഷം നടത്തിയത്. ഭീകരരെ ഒന്നടങ്കം ഇല്ലാതാക്കാന ഇസ്രയേല്‍ നടത്തിയ ഒരു തന്ത്രമാണ് കരയുദ്ധം പ്രഖ്യാപനമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗാസ മുനമ്പും പലസ്തീനിലെ ഹമാസ് ശക്തികേന്ദ്രങ്ങളും തകര്‍ക്കാന്‍ തിങ്കളാഴ്ച തുടങ്ങിയ വ്യോമാക്രമണം മൂര്‍ധന്യത്തിലെത്തിയതിനൊടുവില്‍ വ്യാഴാഴ്ച അര്‍ധരാത്രിയാണു കരസേനാംഗങ്ങളെയിറക്കി ഇസ്രയേല്‍ കരയുദ്ധം പ്രഖ്യാപിച്ചത്. ടാങ്കുകളടക്കമുള്ള സന്നാഹങ്ങള്‍ ഗാസ അതിര്‍ത്തിയില്‍ കേന്ദ്രീകരിച്ചതോടെ കരയുദ്ധത്തില്‍ നിന്ന് രക്ഷ തേടാന്‍ ഹമാസ് പതിവുപോലെ ടണലുകളിലേക്ക് ഉള്‍വലിഞ്ഞു.
ഈ താവളങ്ങള്‍ കൃത്യമായി മനസിലാക്കിയതിന് പിന്നാലെ കിലോമീറ്ററുകളോളം തുരന്നുചെല്ലാന്‍ സാധിക്കുന്ന ബോംബുകള്‍ വര്‍ഷിച്ച് ഇസ്രയേല്‍ ടണല്‍ ആക്രമണം ശക്തമാക്കുകയായിരുന്നു. ‘മെട്രോ’യെന്ന് ഇസ്രയേല്‍ വിശേഷിപ്പിക്കുന്ന ടണലുകള്‍ കേന്ദ്രീകരിച്ചു നടത്തിയ ആക്രമണത്തില്‍ ഹമാസിനു വന്‍തോതില്‍ ആള്‍നാശമുണ്ടായതായാണു പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: