ചെന്നൈ: കിഫ്ബിപോലെയുള്ള പദ്ധതികളും മസാലബോണ്ടുകളും പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് തമിഴ്നാട് ധനമന്ത്രി പഴനിവേല്‍ ത്യാഗരാജന്. കിഫ്ബിപോലുള്ള ഏജന്‍സികള്‍ ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സര്‍ക്കാരിന് പുറത്തുള്ള ഒരു ഏജന്‍സിയുടെ പ്രവര്‍ത്തനം എത്രമാത്രം സര്‍ക്കാരിന് മോണിറ്റര്‍ ചെയ്യാനാവുമെന്നതാണ് ഒരു പ്രശ്നം. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി ഇത്തരം ഏജന്‍സികള്‍ മാറാമെന്ന് അദേഹം മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
മസാലബോണ്ടുകള്‍ എന്നെ സംബന്ധിച്ചിടത്തോളം അത്രയേറെ ആകര്‍ഷണീയമല്ല. ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഒരാളെന്നനിലയില്‍ ഈ ബോണ്ടുകളുടെ സങ്കീര്‍ണതകള്‍ എനിക്കറിയാം. ഹ്രസ്വകാലയളവിലേക്ക് മസാലബോണ്ടുകള്‍ ഗംഭീരമാണെന്ന് തോന്നും.
പക്ഷേ, സെക്കന്‍ഡറി മാര്‍ക്കറ്റിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്റ്റാന്‍ഡിങ്ങിനെ പ്രതികൂലമായി ബാധിക്കാം. അതുകൊണ്ടുതന്നെ ഇത്തരം സംരംഭങ്ങളിലൂടെ പണം സമാഹരിക്കുകയെന്നത് ഞങ്ങളുടെ മുന്‍ഗണനപ്പട്ടികയിലില്ല. ധനസമാഹരണത്തിന് തമിഴ്നാടിന് മറ്റുവഴികളുണ്ടെന്നും അദേഹം പറഞ്ഞു. ചിലപ്പോള്‍ ചില സ്വത്തുക്കള്‍ വിറ്റും പണം കണ്ടെത്താനാവും. സമ്പദ്വ്യവസ്ഥയുടെ അടിത്തറയെ ബാധിക്കില്ലെന്നുറപ്പുള്ള വില്‍പ്പനകള്‍. അല്ലാതെ കടംവാങ്ങി സബ്സിഡിനല്‍കുക എന്ന ആശയത്തോട് അങ്ങനെയങ്ങ് യോജിക്കാനാവില്ലന്നും ഭീമമായ പലിശകൊടുത്ത് നമ്മള് മുടിയുന്ന സ്ഥിതിവിശേഷം കാണുകതന്നെവേണമെന്നും അദേഹം പറഞ്ഞു. കേരളത്തിലെ ധനമന്ത്രി തോമസ് ഐസക്ക് ഉയര്‍ത്തിയ ആശയങ്ങള്‍ അപ്പാടെ തള്ളിയാണ് പഴനിവേല്‍ ത്യാഗരാജന് രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: