തിരുവനന്തപുരം: 800 പേരെ പങ്കെടുപ്പിച്ച് നടത്താനൊരുങ്ങുന്ന രണ്ടാമത് പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് വിവാദമാകുന്നു. കോവിഡ് അതിവ്യാപനത്തിന്റെ ഈ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇത്രയും പേരെ പങ്കെടുപ്പിച്ച് നടത്തുന്ന ചടങ്ങ് സര്‍ക്കാരിന്റെ കോവിഡ് കരുതലിനെക്കുറിച്ച് ജനങ്ങളില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന വിമര്‍ശനം വ്യാപകമാവുകയാണ്.
ഇത്തരം ചടങ്ങുകള്‍ വീണ്ടും കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നും അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നുമുള്ള അഭിപ്രായവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) രംഗത്തെത്തി. സത്യപ്രതിജ്ഞാച്ചടങ്ങ് വെറും വെര്‍ച്വല്‍ ചടങ്ങായി മാത്രം നടത്തണമെന്നാണ് ഐഎംഎ നിര്‍ദേശിക്കുന്നത്. കോവിഡ് അതിവ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഐഎംഎ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ചില സാംസ്കാരിക പ്രവര്‍ത്തകരും സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ ഇടതുപക്ഷം ചേര്‍ന്ന് പോകുന്ന സാംസ്കാരികപ്രവര്‍ത്തകരുമുണ്ട്.
അതേ സമയം പൊരുതി നേടിയ ഈ അസുലഭമൂഹൂര്‍ത്തം ആഘോഷിക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ നീക്കമെന്നറിയുന്നു. 800 പേര്‍ക്കുള്ള പന്തല്‍ സത്യപ്രതിജ്ഞാച്ചടങ്ങിനായി ഒരുങ്ങുന്നതായി പറയുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് വേദി ഉയരുന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതെ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ നടത്തുമെന്നാണ് സര്‍ക്കാര്‍ വാദം.
18ന് മുന്‍പ് മന്ത്രിസ്ഥാനങ്ങള്‍ നിശ്ചിക്കാനുള്ള തിരക്കിലാണ് ഇടതുപക്ഷപാര്‍ട്ടികള്‍. മന്ത്രിസഭാരൂപീകരണത്തിന്റെ രണ്ടാംഘട്ടച്ചര്ച്ചകള് എകെജി സെന്ററില്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: