തിരുവനന്തപുരം: ക്യാന്‍സര്‍ രോഗത്തോട് പടവെട്ടി ഒടുവില്‍ മരണത്തിന് കീഴങ്ങിയ നന്ദു മഹാദവേയെ അനുസ്മരിച്ച് ബിജെപി മുതിര്‍ന്ന നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. പുകഞ്ഞു തീരുന്നതിനേക്കാള്‍ കത്തിക്കാളിപ്പടര്‍ന്ന് ജ്വലിച്ചു നില്‍ക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് നന്ദു എപ്പൊഴും പറയുമായിരുന്നെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
നന്ദു മഹാദേവ നമ്മെ വിട്ടു പിരിഞ്ഞു.
വേദനിക്കുന്നവര്‍ക്ക് എന്നും ആത്മധൈര്യം പകര്‍ന്ന് മരണത്തെ പുഞ്ചിരിയോടെ പുണര്‍ന്ന യുവ സാഹസികന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം.
പുകഞ്ഞു തീരുന്നതിനേക്കാള്‍ കത്തിക്കാളിപ്പടര്‍ന്ന് ജ്വലിച്ചു നില്‍ക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് നന്ദു എപ്പൊഴും പറയുമായിരുന്നു. ക്യാന്‍സര്‍ എന്ന മഹാരോഗം പിടിപെട്ട് പ്രതികൂല സാഹചര്യങ്ങളോട് മല്ലിടുമ്പോഴും വേദനിക്കുന്ന മറ്റ് സഹോദരങ്ങള്‍ക്ക് ആശ്വാസവും തണലുമേകി. എന്നും പ്രതീക്ഷയും പ്രത്യാശയും മാത്രമേ ആ മുഖത്ത് കാണുവാനുണ്ടായിരുന്നുള്ളു. മരണം തൊട്ടടുത്ത് എത്തി എന്ന് തീര്‍ച്ചയായിട്ടും നിരാശയുടെ കണികപോലും മുഖത്തോ മനസ്സിലോ ഉണ്ടായിരുന്നില്ല. കാല് മുറിച്ചു മാറ്റിയപ്പോഴും വീല്‍ ചെയറിലിരുന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി സഹായഹസ്തം നീട്ടി, കണ്ണീര്‍ തുടച്ചു.
അര്‍ബുദ രോഗം ബാധിച്ച് കാല്‍ മുറിച്ചതുമൂലം അവശനായി ബുദ്ധിമുട്ടുകയാവുമെന്ന് കരുതിയാണ് തിരുവനന്തപുരത്തുള്ള വീട്ടില്‍ ഞാന്‍ നന്ദുവിനെ കാണാനെത്തിയത്. പക്ഷേ വീല്‍ചെയറില്‍ ഇരുന്ന് നന്ദു ഇരു കയ്യുമുയര്‍ത്തി പുഞ്ചിരികൊണ്ട് നമസ്‌തേ എന്ന് പറഞ്ഞ് എന്നെ സ്വീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ജീവകാരുണിക പ്രവര്‍ത്തനങ്ങളില്‍ സദാ നിരതനായ നന്ദുവിന്റെ മുഖത്ത് പ്രത്യാശ മാത്രം. ! സ്വന്തം വേദനയെക്കുറിച്ചോ ചികിത്സയെക്കുറിച്ചോ ഒരക്ഷരം പോലും പറഞ്ഞില്ല.
ദുഃഖിക്കുന്ന സഹോദരങ്ങളുടെ വേദന നെഞ്ചിലേറ്റിയ ആ മനുഷ്യസ്‌നേഹി അപ്പോഴും തന്റെ ദുര്‍ബലമായ ശരീരത്തിന്റെ നഷ്ട്ടപ്പെട്ടുവരുന്ന ശേഷിയില്‍ തെല്ലും വേവലാതിപ്പെട്ടില്ല.
കോഴിക്കോട് വിദഗ്ധ ചികിത്സ ലഭിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങേണ്ടി വന്നു. സ്വാര്‍ത്ഥ താല്പര്യങ്ങളൊന്നും കൂടാതെ മറ്റുള്ളവര്‍ക്കുവേണ്ടി സ്വജീവിതം ഒഴിഞ്ഞുവെച്ച ത്യാഗധനനായ ആ ധന്യാത്മാവിന് സ്‌നേഹമസൃണമായ പ്രണാമം !
ദീപ്ത സ്മരണയ്‌ക്ക് മൂന്നില്‍ ആദരാഞ്ജലികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: