എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിച്ച നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും, ഇസ്രായേലിലെ മിസൈല്‍ ആക്രമണത്തില്‍ മരിച്ച ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിനെ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള ജനപ്രതിനിധികള്‍ അപകീര്‍ത്തിപ്പെടുത്തിയതും തമ്മില്‍ ബന്ധമുണ്ടോ? പ്രത്യക്ഷത്തില്‍ അര്‍ത്ഥശൂന്യമെന്നു തോന്നാമെങ്കിലും രണ്ട് കാര്യങ്ങളും തമ്മില്‍ ഗാഢമായ ബന്ധമുണ്ടെന്നതാണ് വാസ്തവം. ഇസ്രായേല്‍-പാലസ്തീന് സംഘര്‍ഷത്തില്‍ നഴ്സ് ആയി ജോലി ചെയ്തിരുന്ന സൗമ്യ മരണപ്പെട്ടതില്‍ ദുഃഖിക്കുന്ന ഭാഗം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന് മാറ്റി പുതിയ പോസ്റ്റിടുകയാണ് മുഖ്യമന്ത്രി ചെയ്തത്. എന്നു മാത്രമല്ല, സംഭവത്തെ ശക്തമായി അപലപിക്കാനോ, മരണമടഞ്ഞ സൗമ്യയുടെ ബന്ധുക്കള്‍ക്ക് സഹായധനം പ്രഖ്യാപിക്കാനോ മുഖ്യമന്ത്രി തയ്യാറായില്ല. സൗമ്യയ്ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തിരുത്തി. ‘തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട’ എന്നതിനു പകരം ‘റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട’ എന്നാക്കി മാറ്റുകയായിരുന്നു! ഒരുപടികൂടി കടന്ന് കോണ്‍ഗ്രസ്സ് യുവനേതാവും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന വീണ എസ്. നായര്‍, സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുക മാത്രമല്ല, അങ്ങനെയൊരു പ്രതികരണം നടത്തിയതില്‍ ഖേദിക്കുകയും ചെയ്തിരിക്കുന്നു!! ഇപ്രകാരം തിരുത്തേണ്ടിവരുമെന്നതിനാലാവാം, പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയടക്കം കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും പല നേതാക്കളും ദാരുണമായ ഈ സംഭവത്തോട് പ്രതികരിക്കാന്‍ പോലും തയ്യാറായില്ല.
നമ്മുടെ നാട്ടില്‍ സംജാതമായിരിക്കുന്ന ഭീകരമായ ഒരു സ്ഥിതിവിശേഷമാണ് ഇത് കാണിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് ലഭിച്ചത് മതേതരത്വത്തിന്റെയോ ജനാധിപത്യത്തിന്റെയോ വിജയമല്ലെന്നും, ഇസ്ലാമിക മതധ്രുവീകരണം സമ്മാനിച്ചതാണ് അതെന്നും മുഖ്യമന്ത്രി പിണറായി വിജയന് നന്നായറിയാം. ജില്ലകള്‍ തോറും മണ്ഡലങ്ങള്‍ തോറുമുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഇസ്ലാമിക തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും തിരത്തലപ്പിലേറിയാണ് സിപിഎമ്മും ഇടതുമുന്നണിയും അധികാരത്തിലെത്തിയിരിക്കുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. ദയനീയമായ പരാജയം ഭയന്ന ഒരു സ്ഥിതിയില്‍നിന്ന് വന്‍ ഭൂരിപക്ഷം നല്കിയ മതഭീകര ശക്തികളെ പിണക്കുന്നതുപോയിട്ട്, അവരെ മനസ്സുകൊണ്ടുപോലും നോവിക്കാന്‍ പിണറായി തയ്യാറല്ല. സംസ്ഥാനത്തിന്റെ ഭരണത്തലവന് പോലും ഇങ്ങനെ ഭയപ്പെടുകയാണെങ്കില്‍ സാധാരണ പൗരന്റെ അവസ്ഥയെന്താകുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. തങ്ങളെ തോല്‍പ്പിച്ചത് രാഷ്ട്രീയ പ്രതിയോഗികളായ ഇടതുമുന്നണിയൊന്നുമല്ല, മതതീവ്രവാദമാണെന്ന് കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ തിരിച്ചറിയുന്നു. ഇവരെ പ്രീണിപ്പിച്ചില്ലെങ്കില്‍ അധികാരത്തിലേക്കുള്ള വഴി അടയുമെന്ന് കരുതിയാണ് ഇവരും ഇത്തരം ശക്തികള്‍ക്ക് വിടുപണി ചെയ്യുന്നത്.
സൗമ്യ കൊല്ലപ്പെട്ടത് ഇസ്രായേലിന്റെ മിസൈലാക്രമണത്തിലാണെന്ന തോന്നലാണ് പല മലയാള മാധ്യമങ്ങളും ആദ്യം സൃഷ്ടിച്ചത്. പാലസ്തീന് ഭീകരസംഘടനയായ ഹമാസിന്റെ മിസൈലേറ്റാണ് സൗമ്യ മരിച്ചതെന്ന് പിന്നീടാണ് വ്യക്തമാവുന്നത്. അടിമുടി ഭീകര സംഘടനയായ ഹമാസും ഇസ്രായേല്‍ സൈന്യവുമായി പതിവില്‍ കവിഞ്ഞ സംഘര്‍ഷമാണ് ഇപ്പോള്‍ നടക്കുന്നത്. സംഘര്‍ഷത്തിന് തുടക്കമിട്ടത് ഹമാസാണ്. ഗാസയിലെ പള്ളിയില്‍ തടിച്ചുകൂടിയ ഹമാസ് തീവ്രവാദികളെ പിരിച്ചുവിടാന്‍ ഇസ്രായേല്‍ സേന റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ചപ്പോള്‍ അതിനെതിരെ നൂറുകണക്കിന് മിസൈലുകളാണ് ഹമാസ് പ്രയോഗിച്ചത്. സ്വാഭാവികമായും ഇസ്രായേല്‍ സേന നടത്തിയ തിരിച്ചടി വന്‍ നാശം വിതച്ചു. സൗമ്യ മരിച്ചത് ഇസ്രായേല്‍ സേനയുടെ ആക്രമണത്തിലായിരുന്നുവെങ്കില്‍ സയണിസ്റ്റ് ഭീകരതയ്ക്കെതിരെ ഇവിടെ ഗാസ മുനമ്പുകള്‍ സൃഷ്ടിക്കപ്പെടുമായിരുന്നു. പക്ഷേ സൗമ്യയുടെ ജീവനെടുത്തത് ഹമാസ് ആയതിനാല്‍ ആ മരണത്തില്‍ ഒരു തുള്ളി കണ്ണീര് വീഴ്ത്താന്‍പോലും മതേതര കേരളത്തില്‍ ആളില്ലാതാവുകയാണ്. പൗരസമൂഹത്തെ ഇസ്ലാമിക ഭീകരവാദത്തിന് അടിയറവയ്ക്കുന്ന കേരളത്തിലെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: