ഗാസ: ഇസ്രയേല്‍ നഗരമായ ഇലാത്തിനടുത്തുള്ള രണ്ടാമത്തെ വിമാനത്താവളത്തിനടുത്തേക്ക് വലിയ റോക്കറ്റുകള്‍ അയച്ച് ഹമാസ് തീവ്രവാദികളുടെ പ്രത്യാക്രമണം.
250 കിലോഗ്രാം ഭാരമുള്ള വലിയ റോക്കറ്റുകള്‍ ആണ് അയച്ചതെന്ന് ഹമാസ് സായുധവിഭാഗം വക്താവ് അറിയിച്ചു. ഇതോടെ എല്ലാ വിമാനക്കമ്പനികളും ഇസ്രയേലിലേക്കുള്ള വിമാനസര്‍വ്വീസ് അടിയന്തിരമായി നിര്‍ത്തിവെച്ചു.
ഇസ്രയേല്‍ നഗരമായ ഇലാത്തിന് അടുത്തുള്ള ഇസ്രയേലിന്റെ രണ്ടാമത്തെ വലിയ വിമാനത്താവളമായ റമോണ്‍ വിമാനത്താവളത്തെ ലക്ഷ്യമാക്കിയാണ് ഹമാസ് വലിയ റോക്കറ്റുകള്‍ അയച്ചത്. ആളപായങ്ങളെക്കുറിച്ച് അറിവായിട്ടില്ല.
തിങ്കളാഴ്ച മുതല്‍ ഹമാസ് ഏകദേശം 1600 റോക്കറ്റുകള്‍ ഇസ്രയേലിനെ ലക്ഷ്യമാക്കി തൊടുത്തിരുന്നു. ഇതിന് പകരമായി ഇസ്രയേല്‍ 600 തവണ ഗാസ ആക്രമിച്ചു. ഇതില്‍ 83 പേര് കൊല്ലപ്പെട്ടതായാണ് ഒടുവിലത്തെ കണക്ക്. വ്യാഴാഴ്ച ടെല്‍ അവീവില്‍ നിന്നും റമോണ്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാവിമാനങ്ങള്‍ രണ്ട് തവണ എയര്‍ റെയ്ഡ് മുന്നറിയിപ്പ് അലാറങ്ങള്‍ മുഴങ്ങിയതിനാല്‍ റദ്ദാക്കി. ഇതോടെ എല്ലാ ആഗോള വിമാനക്കമ്പനികളും ഇസ്രയേലിലേക്കുള്ള അവരുടെ വിമാനസര്‍വ്വീസ് മെയ് 15 വരെ നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചു.
ഇതിനിടെ ഈജിപ്തില്‍ നിന്നുള്ള സംഘമെത്തി വെടിനിര്‍ത്തലിനുള്ള സാധ്യതകളെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അതേ സമയം ഇസ്രയേല്‍ നഗരത്തില്‍ അറബ്, ജൂത പൗരന്മാര് തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. സംഘം ചേര്‍ന്ന് എതിര്‍ചേരിയിലുള്ളവരെ അടിച്ചുകൊല്ലുന്ന സ്ഥിതിവിശേഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: