കൊല്‍ക്കത്ത: ബംഗാളിലെ തെരഞ്ഞെടുപ്പാനന്തര കലാപങ്ങള്‍ നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. എന്നാല്‍ ജനങ്ങളുടെ വേദനയും കഷ്ടപ്പാടുകളും പങ്കിടാനുള്ള സന്ദര്‍ശനത്തിന് മമതയുടെ അനുമതി വേണ്ടെന്ന് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍.
തെരഞ്ഞെടുപ്പിന് ശേഷം അക്രമം നടന്ന കൂച്ബീഹാറിലെ പ്രദേശങ്ങള്‍ വ്യാഴാഴ്ച സന്ദര്‍ശിക്കാനുള്ള ഗവര്‍ണറുടെ തീരുമാനത്തെ ചോദ്യം ചെയ്ത ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ ജഗ്ദീപ് ധന്‍കര്‍ ആഞ്ഞടിച്ചു.
നിരവധി വര്‍ഷങ്ങളായി രൂപംകൊണ്ട് ഭരണഘടനാധാരണകളുടെ ലംഘനമാണ് ഗവര്‍ണറുടെ സന്ദര്‍ശനമെന്നായിരുന്നു മമതാ ബാനര്‍ജി ഗവര്‍ണര്‍ക്കെഴുതിയ കത്തില്‍ അഭിപ്രായപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഗവര്‍ണര്‍ കലാപപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പാടില്ലെന്നും മമത അഭിപ്രായപ്പെട്ടിരുന്നു. സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് ഗവർണറുടെ സന്ദർശനത്തെക്കുറിച്ച് അറിഞ്ഞതെന്നായിരുന്നു മമതയുടെ മറ്റൊരു ആരോപണം.
എന്നാല്‍ കലാപപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെ താന്‍ ഭരണഘടനയിലെ വകുപ്പുകള്‍ ലംഘിക്കുകയോ അതില്‍ വെള്ളം ചേര്‍ക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു മമതയ്‌ക്കെഴുതിയ മറുപടിക്കത്തില്‍ ധന്‍കറുടെ പരാമര്‍ശം.
‘ ഗവര്‍ണര്‍ ഒരു സ്ഥലം സന്ദര്‍ശിക്കുന്നതിന് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഉത്തരവ് മുന്‍കൂട്ടി വാങ്ങണമെന്ന് താങ്കളുടെ നിലവാരത്തിലുള്ള ഒരു നേതാവ്ചിന്തിച്ചത് എന്നെ വല്ലാതെ അലട്ടുന്നു. ജനങ്ങളുടെ വേദനയും കഷ്ടപ്പാടുകളും പങ്കിടാന്‍ ഞാന്‍ സന്ദര്‍ശനം നടത്തുന്നവേളയില്‍ ഭരണഘടനാപരമായി സാധൂകരണമില്ലാത്ത വകുപ്പുപയോഗിച്ചാണ് ഞാന്‍ ഇത് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് ബോധ്യമായി എന്നതില്‍ എനിക്ക് അതിശയമുണ്ട്. എന്തായാലും നിങ്ങളുടെ ഈ നിലപാടല്ല ഈ സന്ദര്‍ശനത്തിന് എന്നെ പ്രേരിപ്പിച്ചത്,’ അദ്ദേഹം മറുപടിക്കത്തില്‍ എഴുതി.
ഭരണഘടനയിലെ 159ാം വകുപ്പ് ഉദ്ധരിച്ച്, സത്യപ്രതിജ്ഞയുടെ ഭാഗമായി ഇങ്ങിനെയെല്ലാം ചെയ്യുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നതായും ധന്‍കര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ നടന്ന അക്രമങ്ങള്‍ ജനാധിപത്യത്തിന്റെ അന്തസത്തയുടെ മരണമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. നിയമത്തില്‍ നിന്നും ഭരണഘടനനിയമങ്ങളില്‍ നിന്നും ഭരണം അകന്നുപോവുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ ഉയര്‍ത്തിയ ഈ പ്രശ്‌നത്തെ അഭിസംബോധനചെയ്യണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി മെയ് 13ന് സംഘർഷമുണ്ടായ കൂച്ച് ബിഹാറില്‍ അദ്ദേഹം സന്ദർശനം നടത്തും. മെയ് 14 ന് തൃണമൂൽ അക്രമം ഭയന്ന് ബംഗാളിൽ നിന്ന് അസമിലേക്ക് പലായനം ചെയ്തവരെ പാർപ്പിച്ചിരിക്കുന്ന അസമിലെ രാൻപാഗ്ലിയിലെയും ശ്രീറാംപൂരിലെയും അഭയാർത്ഥി ക്യാമ്പുകളും ജഗ്ദീപ് ധൻകർ സന്ദർശിക്കും. നൂറുകണക്കിന് ബിജെപി കുടുംബങ്ങളാണ് അക്രമം ഭയന്ന് അസമില്‍ അഭയം തേടിയത്.
ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ച ശേഷം പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് നേരെ നടന്ന സമരത്തില്‍ 16 ജീവനുകളാണ് പൊലിഞ്ഞത്. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടിയെങ്കിലും നല്‍കിയിട്ടില്ല. ബിജെപിയുടെ ഉള്ളിലുണ്ടായ തര്‍ക്കം മൂലമാണ് സംഘര്‍ഷമുണ്ടായതെന്ന് തൃണമൂല്‍ പറയുന്നു. എല്ലാവരും സമാധാനം പാലിക്കണമെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയില്‍ ഒതുങ്ങുകയാണ് മമതയുടെ പ്രതികരണം.
ബിജെപിയുടെ ദേശീയാധ്യക്ഷന്‍ ജെപി നഡ്ഡ കലാപം നടന്ന സ്ഥലങ്ങളായ പ്രതാപ് നഗര്‍, ബെലിയഘട്ട, നോര്‍ത്ത് 24 പര്‍ഗാനാസ്, ഗോപാല്‍പൂര്‍ എന്നിവിടങ്ങളില്‍ പോയി കലാപത്തിനിരയായവരുടെ കുടുംബങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: