കോഴിക്കോട്: കേരളത്തില്‍ ഒരാള്‍ക്ക് 10കിലോ വീതം 1.54 കോടിപ്പേര്‍ക്ക് സൗജന്യ വിതരണത്തിന് 1.54 ലക്ഷം മെട്രിക് ടണ്‍ അരിയും ഗോതമ്പും തയാര്‍. റേഷന്‍ കാര്ഡിനല്ല, ആളെണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് 10 കിലോ വീതം അരി ലഭിക്കുന്നത്. ഫുഡ് കോര്‍പ്പറേഷന്റെ ജില്ലാ-താലൂക്ക് തലത്തിലുള്ള 26 ഗോഡൗണുകളില്‍ ധാന്യം എത്തിച്ചുകഴിഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) എന്ന ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി കൊവിഡ് ദുരിതകാലത്ത് മെയ്, ജൂണ്‍ മാസങ്ങളില്‍ വിതരണം ചെയ്യുന്നതാണ് ഈ അരിയും ഗോതമ്പും. ബിപിഎല്‍ റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും സൗജന്യനിരക്കില്‍ അരി നല്കാന് കേന്ദ്രം സജ്ജമാണ്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണം.
മെയ് 31 ന് മുമ്പ്, 1.28 ലക്ഷം മെട്രിക് ടണ്‍ അരിയും 26,000 ടണ്‍ ഗോതമ്പും അടങ്ങുന്ന ഈ സൗജന്യ ധാന്യം വിതരണം ചെയ്തു തീര്‍ക്കണം. ഇതിനു പുറമേ, പ്രതിമാസം റേഷന്‍ വിതരണത്തിനുള്ള ഒരു ലക്ഷം ടണ്‍ അരിയും 20,000 ടണ്‍ ഗോതമ്പും ഈ മാസം എത്തും. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഫുഡ് കോര്‍പ്പറേഷന്റെ 26 ജില്ലാതല ഗോഡൗണുകളിലാണ് അരിയും ഗോതമ്പും സംഭരിച്ചിരിക്കുന്നത്. അവിടെ എത്തിക്കുന്നതു വരെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ജോലി. വിതരണത്തിലെ തുടര്‍ നടപടി സംസ്ഥാന സര്‍ക്കാരിന്റേതാണ്. ജില്ലാ, താലൂക്ക് റേഷന്‍ ഓഫീസര്‍മാര്‍ വേണം ധാന്യങ്ങള്‍ കണക്ക് പ്രകാരം ഏറ്റെടുക്കാന്‍. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
കൊവിഡ് രോഗബാധ ഭീതിയും ലോക്ഡൗണ്‍ തടസങ്ങളും അതിജീവിച്ച് ഫുഡ് കോര്പ്പറേഷന് (എഫ്സിഐ) വിതരണ ദൗത്യം പൂര്‍ത്തിയാക്കുകായിരുന്നു. 10 ദിവസം കൊണ്ടാണ് ജോലി പൂര്‍ത്തിയാക്കിയത്. കോര്‍പ്പറേഷനിലെ മുഴുവന്‍ ജീവനക്കാരുടെയും കയറ്റിറക്ക് ജോലിക്കാരുടെയും പൂര്‍ണ സഹകരണത്തിലൂടെയാണ് സാധിച്ചതെന്ന് എഫ്സിഐ കേരള ജനറല്‍ മാനേജര്‍ ചുമതലവഹിക്കുന്ന ബിനോയ്.കെ. ഫിലിപ്പ് പറഞ്ഞു. ചെന്നൈ ജനറല്‍ മാനേജരായ ബിനോയ്, കേരള ജിഎമ്മിന് കൊവിഡ് ബാധയെ തുടര്‍ന്ന് അവധിയിലായതിനാല്‍ താല്‍ക്കാലിക ചുമതലയില്‍ വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: