ന്യൂദല്‍ഹി: രാജ്യം ഒന്നായി നില്‍ക്കേണ്ട സമയമാണിതെന്ന് പ്രമുഖ വ്യവസായിയും വിപ്രോ ചെയര്‍മാനുമായ അസിം പ്രേംജി. നമ്മുടെ എല്ലാ വ്യത്യാസങ്ങളും മറന്നുകൊണ്ട് ഐക്യത്തോടെയുള്ള നടപടികളാണ് ആവശ്യമെന്ന് തിരിച്ചറിയേണ്ട സമയമാണിത്. ഒരുമിച്ചു നിന്നാല്‍ നാം ശക്തരാകും, എന്നാല്‍ വിഭജിച്ചു നിന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കൂടുതല്‍ ബുദ്ധിമുട്ടും, അസിം പ്രേംജി പറഞ്ഞു. ”നാം വിജയിക്കും അപരിമിതമായ സകാരാത്മകത” എന്ന വിഷയത്തില്‍ ദല്‍ഹിയിലെ കൊവിഡ് റെസ്‌പോണ്‍സ് ടീം സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു അസിം പ്രേംജി.
സമൂഹത്തിലെ ഏറ്റവും താഴെയുള്ള ആളുകളെ കേന്ദ്രീകരിക്കേണ്ട സമയമാണിത്. അവര്‍ അര്‍ഹിക്കുന്നത് അവര്‍ക്ക് ലഭിക്കാന്‍ വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. എല്ലാവരും ഒരുമിച്ച് നമുക്ക് സാധ്യമായതെല്ലാം ചെയ്യാം. സാഹചര്യങ്ങള്‍ അതാവശ്യപ്പെടുന്നു, അസിം പ്രേംജി പറഞ്ഞു.
ക്ഷമയുടെ സമയമാണ് കടന്നുപോകുന്നതെന്നും സമൂഹത്തിലെ എല്ലാവര്‍ക്കും അവരവരുടെ കടമകള്‍ നിര്‍വഹിക്കാന്‍ ചുമതലയുണ്ടെന്നും ആര്‍ട്ട് ഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ പറഞ്ഞു. ക്ഷമയും സമാധാനവും നാം കാത്തുസൂക്ഷിച്ചാല്‍ മനസ്സിലെ വിഷമതകള്‍ ഇല്ലാതായി സകാരാത്മക ചിന്തകള്‍ നിറയും. നമുക്ക് ചുറ്റും വിഷമതകള്‍ അനുഭവിക്കുന്നവരെ സേവിക്കാന്‍ തയ്യാറാവേണ്ട സമയമാണിത്. നെഗറ്റീവ് ചിന്തകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പരീക്ഷണമാണിത്. ഇതിനെ നേരിടാനുള്ള ശക്തി ജഗദീശ്വരന്‍ നമുക്ക് നല്‍കും എന്നുറച്ചു വിശ്വസിക്കണം, ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.
അപ്രതീക്ഷിത വേഗത്തിലെത്തിയ കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ സര്‍ക്കാരിനും സ്ഥാപനങ്ങള്‍ക്കും സമൂഹത്തിനുമെല്ലാം ബാധ്യതയുണ്ടെന്ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രം ഡയറക്ടര്‍ പദ്മശ്രീ നിവേദിത ഭിഡെ പറഞ്ഞു. വെല്ലുവിളികള്‍ നാം ഒരുമിച്ചു തന്നെ നേരിടണം. നമ്മുടെ സകാരാത്മക ചിന്തകളെ സേവന മാര്‍ഗ്ഗത്തിലേക്ക് തിരിച്ചു വിടണം. പോസിറ്റീവായ സമീപനങ്ങള്‍ സമൂഹത്തിലും പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുമെന്നും നിവേദിത ഭിഡെ കൂട്ടിച്ചേര്‍ത്തു.
പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനമായ ഇന്ന് കാഞ്ചി ശങ്കരാചാര്യന്‍ വിജയേന്ദ്ര സരസ്വതി, നിര്‍മ്മല്‍ അഖാഡയിലെ സന്ത് ഗ്യാന്‍ ദേവ് സിങ് എന്നിവര്‍ സംസാരിക്കും. പ്രഭാഷണ പരമ്പരയുടെ ആദ്യദിനത്തില്‍ ജഗ്ഗി വാസുദേവ്, ജൈന സന്ന്യാസി പ്രമാണ്‍ സാഗര്‍ മഹാരാജ് എന്നിവരാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. സമാപന ദിനമായ 15നാണ് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ പ്രഭാഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: