ചെറുതോണി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഇസ്രയേലില്‍ കെയര്‍ ടേക്കര്‍ ആയിരുന്ന സൗമ്യ സന്തോഷിന്റെ ദാരുണാന്ത്യം. അപകട സമയത്ത് സൗമ്യ ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഇസ്രയേലിലെ അഷ്ക ലോണില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇടുക്കി കീരിത്തോട് കാഞ്ഞിന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേലുകാരിക്ക് കാലിന് ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ (ഇന്ത്യന്‍ സമയം 5.30)യാണ് സംഭവം. ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം രൂക്ഷമായിരിക്കെ ഇവര്‍ താമസിച്ചിരുന്ന വീടിന്റെ മുകളിലേക്ക് പാലസ്തീന് ഭീകരര്‍ ഹമാസ് അയച്ച റോക്കറ്റ് പതിക്കുകയായിരുന്നു.
ഏഴു കൊല്ലം മുമ്പാണ് സൗമ്യ ഇസ്രയേലിലെത്തിയത്. ബാധ്യതകളെല്ലാം തീര്‍ത്ത് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. യുദ്ധം തുടങ്ങിയതോടെ ഇടം മാറാന്‍ സൗമ്യ പരിപാലിക്കുന്ന സ്ത്രീയുടെ വീട്ടുകാര്‍ തീരുമാനിച്ചിരുന്നു. ഇതിന് ഇവര്‍ വാഹനത്തില്‍ എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് സംഭവം. തന്നോട് വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ വലിയ ശബ്ദം കേട്ടെന്ന് സന്തോഷ് പറഞ്ഞു. ഫോണ്‍ താഴെ വീണു. മിനിറ്റുകള്‍ക്ക് ശേഷം സ്ഥലത്ത് ബഹളം കേട്ടു. പിന്നീട് സ്ഥലത്തുള്ള തന്റെ മറ്റൊരു ബന്ധുവാണ് മരണ വിവരം അറിയിച്ചതെന്നും സന്തോഷ് പറഞ്ഞു.
എട്ടു വയസുകാരന് അഡോണിയാണ് സൗമ്യയുടെ മകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: