കോഴിക്കോട്: നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിച്ചത് നടപ്പിലാക്കാതെ സംസ്ഥാന സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ നെല്ലിന്റെ സംഭരണ വില കിലോഗ്രാമിന് 52 പൈസ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍, ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. നടപടി പ്രഖ്യാപനത്തില്‍ ഒതുങ്ങിയെന്നാണ് കര്‍ഷകര്‍ പറയുന്നത്. പുഞ്ച വിളവെടുപ്പ് സംസ്ഥാനത്ത് ഏകദേശം പൂര്‍ത്തിയായി. പാലക്കാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ സംഭരണവില വിതരണവും ആരംഭിച്ചു. നെല്ലുവില ലഭിച്ച ഒരു കര്‍ഷകനും
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില ലഭിച്ചിട്ടില്ല. നിലവില്‍ ഒരു കിലോഗ്രാം നെല്ലിന് കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ 18.80 രൂപയും, സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 8.80 രൂപയുമാണ് ലഭിക്കുന്നത്. സംസ്ഥാനം പ്രഖ്യാപിച്ച 53 പൈസ കൂടി ലഭിച്ചിരുന്നെങ്കില്‍ ഒരു കിലോഗ്രാമിന് 28 രൂപ വീതം ലഭിച്ചേനെ. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രഖ്യാപനം മാത്രമായിരുന്നു ധനമന്ത്രി നടത്തിയതെന്നാണ് കര്‍ഷകരുടെ ആരോപണം.
നെല്ലിന്റെ സംഭരണവില വിതരണത്തിലും സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. നെല്ല് സംഭരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ പണമെത്തുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. മാര്‍ച്ച് പത്തിന് ശേഷം നെല്ല് വിറ്റ ഒരു കര്‍ഷകര്‍ക്കും ഇതുവരെ സംഭരണവില ലഭിച്ചിട്ടില്ല. പാഡി ഓഫീസുകളില്‍ പിആര്‍എസ് കൊടുത്ത് ബാങ്കില്‍ പണം വരുന്നതും കാത്തിരിക്കുകയാണ് സംസ്ഥാനത്തെ നെല്‍ക്കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: