സാഹിത്യത്തിലും, സിനിമയിലും, ആത്മീയ തലങ്ങളിലും എന്റെ ഗുരുനാഥനായിരുന്നു മാടമ്പ് കുഞ്ഞുകുട്ടന്. വളരെ വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിട്ടും സാഹിത്യ, സിനിമ മേഖലകളില്‍ നിന്ന് അതിനനുസരിച്ച് അംഗീകാരങ്ങള്‍ ലഭിക്കാതെയാണ് മാടമ്പ് നമ്മളില്‍ നിന്നും മടങ്ങിപ്പോയിരിക്കുന്നത്. സിനിമയില്‍ എനിക്ക് മികവ് കൈവരിക്കാന്‍ സഹായകമായ ഘടകങ്ങളിലൊന്ന് മാടമ്പ് തന്നെയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് എക്കാലവും കടപ്പെട്ടിരിക്കുന്നു.
കുടുംബസമേതം എന്ന സിനിമയിലൂടെയാണ് മാടമ്പുമായി പരിചയപ്പെടുന്നത്. ദേശാടനം ആണ് സിനിമാ ജീവിതത്തിലെ ഒരു വഴിത്തിരിവ് ആയത്. നമ്പൂതിരി കഥാപാത്രങ്ങള്‍ ഇത്ര തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന മറ്റൊരാള്‍ ഉണ്ടാകാനിടയില്ല. നമ്പൂതിരി കുടുംബ പശ്ചാത്തലമുള്ള പല ചിത്രങ്ങളിലും കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു. സംവിധായകന്റെ ചിന്തകള്‍ക്കപ്പുറമുള്ള അഭിനയ മികവും സംഭാഷണങ്ങളും പലപ്പോഴും പ്രകടമായിരുന്നു. ചെറുചലനങ്ങള്‍ പോലും അദ്ദേഹം വളരെ സൂഷ്മതയോടെയാണ് കൈകാര്യം ചെയ്തിട്ടുള്ളത്.
മാടമ്പിന്റെ ഇല്ലത്ത് താമസിച്ചായിരുന്നു ദേശാടനത്തിന്റെ കഥാവിഷ്കാരം പൂര്‍ത്തിയാക്കിയത്. ഒരു ഗുരുകുല ജീവിതത്തിന് സമാനമായ അനുഭവങ്ങളാണ് അന്ന് ലഭിച്ചത്. പ്രകൃതി യഥാര്‍ത്ഥത്തില്‍ എന്താണെന്ന് അടുത്തറിയുവാന്‍ ഈ സന്ദര്‍ഭത്തില്‍ സാധിച്ചു. അത്രയ്ക്ക് പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്നാണ് ആ ഇല്ലം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പിന്നീട് പലപ്പോഴും കഥാസന്ദര്‍ഭങ്ങള്‍ രൂപപ്പെടുത്തുവാന്‍ ഇവിടേക്ക് എത്താറുണ്ടായിരുന്നു. മാടമ്പിന്റെ സഹധര്‍മ്മിണിയുടെ സ്നേഹവായ്പുകള്‍ പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്. ജാതി-മത ഭേദമന്യേ എല്ലാവര്ക്കും വേണ്ടി സദാ തുറന്നു കിടക്കുന്ന ഇല്ലമാണ് മാടമ്പ് കുഞ്ഞുകുട്ടന് എന്ന സാഹിത്യകാരന്റേത്.
എല്ലാ വിഷയത്തിലും പാണ്ഡിത്യമുള്ള വ്യക്തിത്വം. പ്രത്യേകിച്ച് സംസ്കൃതത്തില്‍. ഇത് സിനിമയ്ക്കും ഗുണപ്രദമായിട്ടുണ്ട്. വ്യക്തമായ ജീവിത വീക്ഷണവും അര്‍ത്ഥതലങ്ങളും അദ്ദേഹത്തിന്റെ ഓരോ രചനയിലും പ്രകടമായിരുന്നു. കരുണം, ശാന്തം, അത്ഭുതം തുടങ്ങിയ നവരസ പരമ്പര സിനിമകളും ആനന്ദഭൈരവി, മകള്‍ക്ക് (തിരക്കഥയും സംഭാഷണവും) തുടങ്ങിയ ചിത്രങ്ങളും പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്. കരുണത്തിന്റെ തിരക്കഥയ്ക്ക് സംസ്ഥാന, ദേശീയ പുരസ്കാരങ്ങള്‍ മാടമ്പിനെ തേടിയെത്തിയപ്പോള്‍ ഞാനും അംഗീകാരത്തിന്റെ നിറവിലേക്ക് എത്തിച്ചേരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: