കണ്ണൂര്‍: ഒന്നാം കൊവിഡ് തരംഗത്തില്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ കേന്ദ്രം അനുവദിച്ച കടലയില്‍ 596.7 ടണ്‍ (596710.46 കിലോഗ്രാം) റേഷന്‍കടകളിലിരുന്ന് പഴകിനശിച്ചതായി കണ്ടെത്തി. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതലുള്ള ലോക്ഡൗണ്‍ കാലത്ത് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പാവങ്ങള്‍ക്കായുള്ള പ്രധാനമന്ത്രിയുടെ ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം അനുവദിച്ച കടലയാണ് ഉപയോഗശൂന്യമായി നശിച്ചത്.
റേഷന്‍ കാര്‍ഡുകള്‍ വഴി സൗജന്യമായി കേന്ദ്രം വിതരണം ചെയ്ത കടല നിരവധി പേര് വാങ്ങിയിരുന്നില്ല. ഇത്തരത്തില്‍ ബാക്കിയായതാണ് നാലുമാസമായി റേഷന്‍കടകളില്‍വെച്ച് കേടായത്. ബാക്കിവന്ന കടല സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഭക്ഷ്യക്കിറ്റില്‍പെടുത്തി വിതരണം ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. എന്നാല്‍ യഥാസമയം ഇവ റേഷന്‍കടകളില്‍നിന്ന് തിരിച്ചെടുത്ത് വിതരണം ചെയ്യാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് തയ്യാറായില്ല.
അതിദരിദ്രവിഭാഗങ്ങളില്‍പെടുന്ന അന്ത്യോദയ അന്നയോജന (എഎവൈ), മറ്റ് മുന്‍ഗണനാവിഭാഗം (പ്രയോറിറ്റി ഹൗസ് ഹോള്‍ഡ്-പിഎച്ച്എച്ച്) എന്നിവര്‍ക്ക് നല്‍കാനാണ് കേന്ദ്രം കടലയടക്കമുളള ഭക്ഷ്യധാന്യം അനുവദിച്ചത്. കാര്‍ഡിലെ അംഗങ്ങള്‍ക്ക് നാലു കിലോ അരി, ഒരു കിലോ ഗോതമ്പ് എന്നിവ വീതവും കാര്‍ഡ് ഒന്നിന് ഒരു കിലോ വീതം ഭക്ഷ്യധാന്യവുമാണ് നല്‍കേണ്ടിയിരുന്നത്. ഭക്ഷ്യധാന്യമായി ആദ്യ രണ്ടു മാസം കിട്ടിയ ചെറുപയര്‍ കൊടുത്തു. പിന്നീടുള്ള മാസങ്ങളിലാണ് കടല കിട്ടിയത്. ഡിസംബര്‍ വരെ അത് നല്‍കിയശേഷം മിച്ചം വന്നതാണ് നശിച്ചത്.
റേഷന്‍കടകളിലെ കടല സ്റ്റോക്ക് ഗോഡൗണിലേക്ക് മാറ്റണമെന്നും ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലെ ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ച് കിറ്റ് വിതരണത്തിന്റെ ചുമതലയുള്ള സപ്ലൈകോ എംഡി ഡിപ്പോ മാനേജര്‍മാര്‍ക്ക് കത്തയച്ചിരുന്നതായി പറയപ്പെടുന്നു.
മിച്ചംവന്ന കടലയുടെ ജില്ലാതല അളവ് (കിലോഗ്രാമില്‍) ആലപ്പുഴ-56242.2, എറണാകുളം-28198.19, ഇടുക്കി-39209.5, കണ്ണൂര്‍-20813.49, കാസര്‍കോട്-13282.09, കൊല്ലം-69686.04, കോട്ടയം-50333.14, കോഴിക്കോട്-28925.52, മലപ്പുറം-50208.28, പാലക്കാട്-42455.74, പത്തനംതിട്ട-51821.43, തിരുവനന്തപുരം-110135.89, തൃശ്ശൂര്‍-27511.79, വയനാട്-7887.1, ആകെ 596710.46.
കേന്ദ്രം കടലയടക്കമുളള ഭക്ഷ്യധാന്യം അനുവദിക്കുന്നില്ലെന്ന പച്ചക്കളളം പ്രചരിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരും സിപിഎം അടക്കമുളള സംഘടനകളും, ഇത്രയധികം ഭക്ഷ്യ ധാന്യം നശിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തു വന്നിട്ടും ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: