ലൗകികാസക്തരുടെ മനസ്സ് ഈശ്വരനിലേക്കു തിരിയാന്‍ എത്ര വിഷമമാണെന്നു കാണിക്കുവാനായി അമ്മ ഒരു കഥ പറഞ്ഞു. സമ്പത്തും സ്വന്തക്കാരുമൊന്നും ശ്മശാനത്തിനപ്പുറത്തേക്ക്, അതായതു മരണാനന്തരം നമ്മുടെ കൂടെ വരുന്നില്ല.
ഒരിക്കല്‍ ഒരിടത്ത് അച്ഛനും അമ്മയും മക്കളും മരുമക്കളുമടങ്ങുന്ന ഒരു കുടുംബം താമസിച്ചിരുന്നു. കുടുംബനാഥനായ അച്ഛന് വളരെ ധര്‍മ്മിഷ്ഠനും ഈശ്വരഭക്തിയുള്ള ആളുമായിരുന്നു. എന്നാല്‍ അമ്മയാകട്ടെ തികച്ചും ലൗകികാസക്തിയുള്ള ഒരു സ്ത്രീയായിരുന്നു. കുടുംബം, ധനം, കുട്ടികള്‍ എന്നിവയിലായിരുന്നു അവര്‍ക്ക് അഭിനിവേശം.
വര്‍ഷങ്ങള്‍ കഴിഞ്ഞു. അച്ഛന് ഇഹലോകവാസം വെടിഞ്ഞു. അമ്മയ്ക്കും പ്രായമായി. രോഗങ്ങള്‍ അവരുടെ ശരീരത്തെ ആക്രമിക്കാന്‍ തുടങ്ങി. അവരും കിടപ്പിലായി. എന്നാല്‍ പ്രായമായിട്ടും രോഗങ്ങളുണ്ടായിട്ടും അവരുടെ മനസ്സ് ഈശ്വരനിലേക്കു തിരിഞ്ഞില്ല. ഇത് അവരുടെ പുത്രന്മാര്ക്ക് വേവലാതിയുണ്ടാക്കി. അവസാനനിമിഷത്തിലെങ്കിലും അവരുടെ മനസ്സിനെ ഈശ്വരനിലേക്കു തിരിക്കുന്നതിനായി അവര്‍ ഗൃഹത്തില്‍, ഒരു പുരാണപാരായണത്തിനു ഏര്‍പ്പാടു ചെയ്തു. എന്നിട്ടും ആ വൃദ്ധസ്ത്രീയുടെ മനസ്സു മുഴുവന്‍ ലൗകികകാര്യങ്ങളില്ത്തന്നെ മുഴുകിയിരുന്നു.
ഒരു ദിവസം പതിവുപോലെ പുരാണ വായനക്കാരന് പുരാണം വായിച്ച് ഭഗവാന്റെ മഹിമകളെ വര്‍ണ്ണിക്കുകയായിരുന്നു. ഒരു ചെറിയ എണ്ണ വിളക്കിന്റെ പ്രകാശത്തിലായിരുന്നു വായന. വിളക്കിന്റെ പ്രകാശം കുറയുന്നതു കണ്ട് മക്കളിലൊരാള്‍ തിരിയിലെ മഷി തട്ടി എണ്ണ ഒഴിക്കുവാന്‍ തുടങ്ങുകയായിരുന്നു. അന്ത്യശ്വാസം വലിക്കാറായ ആ വൃദ്ധ ഇതു ശ്രദ്ധിച്ചു. വിഷമിച്ചു ശ്വാസം വലിച്ചുകൊണ്ടിരുന്ന അവര്‍ ആവുന്നത്ര കരുത്താര്‍ജിച്ചു ഉറക്കെ ചോദിച്ചു,”എന്തിനാ ഇത്ര എണ്ണ ഒഴിക്കുന്നത്?” ആ ചോദ്യത്തോടെ അവര്‍ അന്ത്യശ്വാസം വലിക്കുകയും ചെയ്തു. അവരുടെ അവസാന ചിന്ത ഈശ്വരനു പകരം വിളക്കെണ്ണയായിരുന്നു.
ആ വൃദ്ധയുടെ ദുഃഖകരമായ വിധി ഇതായിരുന്നു. അവസാന നിമിഷം ഈശ്വരസ്മരണ ലഭിക്കുക എന്നത് അത്ര എളുപ്പമല്ല. ചെറുപ്പം മുതല്ക്കുതന്നെ ശ്രേഷ്ഠമായ സംസ്കാരങ്ങള്‍ വളര്ത്തിയെടുത്താല്മാത്രമേ അതു സാദ്ധ്യമാകു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: