ന്യൂദല്‍ഹി : ഇന്ത്യയില്‍ വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ കുട്ടികളില്‍ പരീക്ഷിക്കാന്‍ അനുമതി. രണ്ട് വയസ്സ് മുതല്‍ 17 വരെയുള്ള കിട്ടികളില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ തീരുമാനം.
എന്നാല്‍ നിലവില്‍ നടന്നുവരുന്ന രണ്ടാംഘട്ടത്തിന്റെ ഫലം പുറത്തുവന്നശേഷം മാത്രമേ മൂന്നാംഘട്ടം തുടങ്ങാന്‍ സാധിക്കൂവെന്നും സബ്ജക്ട് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ടാമത്തെ ട്രയലില്‍ 12 മുതല്‍ 65 വരെ പ്രായമുള്ള 380 പേരിലാകും വാക്സിന്‍ പരീക്ഷിക്കുക. കുട്ടികള്‍ക്ക് നല്‍കുന്ന വാക്സിന്റെ ഡോസ് സംബന്ധിച്ചും 2 മുതല്‍ 18 വയസ് വരെയുള്ള എത്ര പേരിലാണ് വാക്സിന്‍ പരീക്ഷിക്കേണ്ടത് സംബന്ധിച്ചും ഇന്ന് തന്നെ അന്തിമ തീരുമാനം കൈക്കൊള്ളും.
രാജ്യത്ത് നിലവില്‍ കോവിഡ് വാക്‌സിന്‍ നല്‍കുന്നത് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ്. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങിയിട്ടില്ല. ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയശേഷം മാത്രമേ അതിനുള്ള നടപടികള്‍ ആരംഭിക്കൂ.
അതിനിടെ 12 മുതല്‍ 15 വയസുവരെ പ്രായക്കാരായ കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കാന്‍ കാനഡയ്‌ക്ക് പുറമെ യുഎസും അനുമതി നല്‍കി. 16 വയസിന് മുകളിലുള്ളവര്‍ക്ക് നേരത്തെ തന്നെ പല രാജ്യങ്ങളും ഫൈസര്‍ വാക്സിന്‍ നല്‍കിത്തുടങ്ങിയിരുന്നു. മുതിര്‍ന്നവര്‍ക്കുള്ള അതേഡോസ് തന്നെയാണ് ഈ രാജ്യങ്ങളും കുട്ടികള്‍ക്ക് നല്‍കുന്നത്. കുട്ടികളില്‍ 100 ശതമാനവും ഫലപ്രാപ്തി ലഭിച്ചതിനെ തുടര്‍ന്നാണ് അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: