രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തില്‍ നൂറ്റാണ്ടു പിന്നിട്ട കെ.ആര്. ഗൗരിയമ്മ വിടവാങ്ങി. രാഷ്ട്രീയ നേതാവ്, ജനപ്രതിനിധി, ഭരണാധികാരി എന്നീ നിലകളിലൊക്കെ ആധുനിക കേരളത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വം. വിദ്യാര്‍ത്ഥിയായിരിക്കെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടയാവുകയും, കേരളത്തിലെ സ്ഥാപക നേതാവായ പി. കൃഷ്ണപിള്ളയില്നിന്ന് അംഗത്വമെടുത്ത് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു. പിന്നീടുള്ള ജീവിതം പോരാട്ടങ്ങളുടെതായിരുന്നു. ആദ്യം താന്‍ വിശ്വസിച്ച തത്വശാസ്ത്രത്തിനും പ്രസ്ഥാനത്തിനും വേണ്ടിയായിരുന്നു ഇതെങ്കില്‍, അവസാനത്തെ രണ്ട് പതിറ്റാണ്ടിലേറെക്കാലം തന്നെ വഞ്ചിച്ച പാര്‍ട്ടിക്കെതിരെയായിരുന്നു. തിരുക്കൊച്ചി നിയമസഭകളിലേക്ക് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട ഗൗരിയമ്മ ഐക്യകേരള രൂപീകരണത്തിനുശേഷം ചേര്‍ത്തല മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തുകയും, പിന്നീട് അരൂര്‍ മണ്ഡലത്തിന്റെ സ്ഥിരം പ്രതിനിധിയാവുകയും ചെയ്തു. ഒരിക്കല്‍ മാത്രമാണ് അവിടെ പരാജയപ്പെട്ടത്. അഞ്ചാം നിയമസഭ ഒഴികെ ഒന്നുമുതല്‍ പതിനൊന്നുവരെയുള്ള നിയമസഭകളിലെല്ലാം അംഗമായി. അഞ്ച് കമ്യൂണിസ്റ്റ് മന്ത്രിസഭകളിലും ഒരു കോണ്‍ഗ്രസ്സ് മന്ത്രിസഭയിലും അംഗമായി. ഇക്കാര്യത്തിലുള്ള റെക്കോര്‍ഡ് മറികടക്കാന്‍ മറ്റൊരു വനിത കേരള രാഷ്ട്രീയത്തിലില്ല.
മന്ത്രിയെന്ന നിലയില്‍ പ്രകടിപ്പിച്ച ഭരണപാടവവും ആജ്ഞാ ശക്തിയും ദീര്‍ഘവീക്ഷണവും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്ന ഗൗരിയമ്മ അവതരിപ്പിച്ച ഭൂപരിഷ്കരണ നിയമം, ഭൂമി പതിച്ചുകൊടുക്കല്‍ എന്നീ നിയമങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവച്ചു. ഈ നിയമനിര്‍മാണത്തിന്റെ ബഹുമതി അവകാശപ്പെട്ട് പലരും പില്ക്കാലത്ത് രംഗത്തുവരികയുണ്ടായെങ്കിലും അത് ഗൗരിയമ്മയ്ക്ക് തന്നെ അവകാശപ്പെട്ടതായിരുന്നു. ബ്യൂറോക്രസിയുടെ താളത്തിനു തുള്ളാതെ ചടുലമായ തീരുമാനങ്ങളെടുക്കുന്നതില്‍ എക്കാലവും മികവു കാട്ടിയ ഗൗരിയമ്മയാണ് ആലപ്പുഴ ജില്ലാ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ചത്. മന്ത്രിയായിരിക്കെ പതിറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ മില്‍മ പോലുള്ള സ്ഥാപനങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞത് നാടിന്റെ വികസനത്തെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യബോധത്തിന് തെളിവാണ്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നയങ്ങള്‍ സാമൂഹ്യ നീതിക്ക് എതിരായ ഘട്ടങ്ങളില്‍ ധീരമായ തീരുമാനങ്ങളെടുക്കാന്‍ ഗൗരിയമ്മ മടിച്ചിട്ടില്ല. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി അവര്‍ക്ക് തിരിച്ചു നല്‍കുന്നത് ഒഴിവാക്കാന്‍ നടത്തിയ നിയമ നിര്‍മാണത്തെ സഭയില്‍ ഒറ്റയ്ക്ക് എതിര്‍ത്ത ഗൗരിയമ്മ നേരിട്ടത്, ഇരുപക്ഷത്തുമുള്ള 139 അംഗങ്ങളെയാണ്. ഈ ധീരത ഒന്നുമാത്രം മതി ഗൗരിയമ്മയിലെ മനുഷ്യസ്നേഹിയെ തിരിച്ചറിയാന്‍.
ആ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ഒരു പോരാട്ടമായിരുന്നു. വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും. സ്ത്രീയെന്ന നിലയില്‍ കാലഹരണപ്പെട്ട കാഴ്ചപ്പാടുകളോട് പടവെട്ടിയാണ് പൊതുരംഗത്തുവന്നത്. ഈഴവ സമുദായത്തില്‍നിന്ന് ആദ്യം നിയമബിരുദമെടുത്തയാളാണ് ഗൗരിയമ്മ. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ സഹപ്രവര്‍ത്തകനായിരുന്ന ടി.വി. തോമസുമായുള്ള വിവാഹവും, പില്ക്കാലത്ത് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വ്യത്യസ്ത ധ്രുവങ്ങളിലകപ്പെട്ട് വിവാഹ ബന്ധം വേര്പെടുത്തിയതുമൊക്കെ ഉയര്‍ത്തിയ മാനസികമായ വെല്ലുവിളികള്‍ വലുതായിരുന്നു. പക്ഷേ എല്ലാം അതിജീവിച്ചു. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഗൗരിയമ്മയെ അവരുടെ സ്വന്തം പാര്‍ട്ടി പിന്നില്‍ നിന്ന് കുത്തി. ”കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്.ഗൗരി ഭരിച്ചീടും” എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് ജയിച്ച ശേഷം അവരെ തഴഞ്ഞത് പാര്‍ട്ടിക്കകത്തും പുറത്തും വലിയ കോളിളക്കമുണ്ടാക്കി. ഒടുവില്‍ പാര്‍ട്ടിയില്‍നിന്ന് ജാതീയമായി അപമാനിച്ച് പുറത്താക്കി. അപ്പോഴും ഗൗരിയമ്മ തളര്‍ന്നില്ല. ജെഎസ്എസ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച് എംഎല്‍എയും മന്ത്രിയുമായി എതിരാളികള്‍ക്ക് കനത്ത തിരിച്ചടി നല്കി. മരണത്തോട് മല്ലടിച്ചുകൊണ്ടും അവര്‍ പോരാട്ടം തുടര്‍ന്നു. നീണ്ടകാലം നിരീശ്വരത്വത്തില്‍ അധിഷ്ഠിതമായ കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തിനുവേണ്ടി നിലകൊണ്ടിരുന്ന അവര്‍ ജീവിതത്തിന്റെ ഒരുഘട്ടത്തില്‍ അവതാര കൃഷ്ണനില്‍ അഭയം പ്രാപിച്ചു. പുറത്തു മാത്രമല്ല, അകത്തും കൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചു. എല്ലാവരും കൈവിട്ടപ്പോള്‍ കൃഷ്ണന് മാത്രമാണ് തനിക്കൊപ്പമുള്ളതെന്ന് പറയാന്‍ മടിച്ചില്ല. ഒടുവില്‍ അവരുടെ ആത്മാവ് ആ ഭഗവദ്സന്നിധിയില് എത്തിച്ചേര്‍ന്നിരിക്കുന്നു. ആ ധീരവനിതയ്ക്ക് ഞങ്ങളുടെ ആദരാഞ്ജലികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: