ഭാവിയെക്കുറിച്ച് പ്രതീക്ഷയില്ലാത്തവരായി മനുഷ്യരില്‍ ആരും തന്നെയുണ്ടാവില്ലല്ലോ. യുക്തിവാദിക്കും നിരീശ്വരവാദിക്കും ഈശ്വരവിശ്വാസിക്കും കുറഞ്ഞ പക്ഷം സ്വന്തം ഭാവിയെക്കുറിച്ചെങ്കിലും ചില പ്രതീക്ഷകളുണ്ടാകും. പക്ഷേ, ഓരോരുത്തരും അവരവരുടെ വീക്ഷണത്തില്‍ ഊന്നിനിന്നാകും ഭാവിയെക്കുറിച്ച് ആലോചിക്കുന്നത് എന്നുമാത്രം.
ഈശ്വര വിശ്വാസികള്‍ക്കു മുന്നില്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് അറിയാനുതകുന്ന ഒട്ടനവധി മാര്‍ഗ്ഗങ്ങളുണ്ടായിരുന്നു. അവയൊക്കെ ഇന്നത്തെ രീതിശാസ്ത്രത്തിന്റെയും നീതിബോധത്തിന്റെയും ആരൂഢത്തിലുറപ്പിച്ചു നോക്കുമ്പോള്‍ അപാകമെന്നു ചിലരെങ്കിലും തീര്‍ച്ചപ്പെടുത്തിയേക്കാം. എന്നാല്‍, അനുഭവങ്ങളെ വിലയിരുത്താനും പരിശോധിക്കാനും യുക്തിയെയോ ശാസ്ത്രത്തെയോ അല്ല സാധാരണക്കാര്‍ ആശ്രയിക്കുന്നത് എന്നതാണ് വാസ്തവം. എങ്കിലും, പോരായ്മകള്‍ പലതുണ്ടെങ്കിലും, ഭാവിയെക്കുറിച്ച് അറിയാനുളള പഴമക്കാരുടെ പരിശ്രമങ്ങളും രീതികളും ഒരുകാലത്ത് നിലവിലിരുന്ന വിജ്ഞാനശാഖയായിരുന്നു എന്ന് ഇന്നു മനസ്സിലാക്കുന്നതാണ് കൂടുതല്‍ യുക്തിസഹം. അക്കാലത്തെ പരിമിതികളും പരിചയങ്ങളും പരിസരങ്ങളുമാണ് അവയെ കരുപ്പിടിപ്പിച്ചത് എന്നതാണ് ശരി. അവ മാറിയകാലത്തെ മനുഷ്യര്‍ക്ക് അത്ഭുതമുണ്ടാക്കുമ്പോഴാണ് നാം പൂര്‍വ്വിക വിജ്ഞാനത്തിനുമുന്നില്‍ അറിയാതെ കൂപ്പിപ്പോകുന്നത്. പോയകാലത്തിന്റെ കൗതുകകരമായ വിജ്ഞാനശേഷിപ്പുകളില്‍ നിന്നാണ് ലക്ഷണചുവടി എന്ന ഫലപ്രവചന ഗ്രന്ഥം വെളിച്ചത്തിലേക്ക് വരുന്നത്.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍പ്പെട്ട ബുധനൂര്‍ ഇളയിടത്ത് കോവിലകത്തെ പൂജാമുറിയില്‍ സൂക്ഷിക്കുന്ന ഈ അമൂല്യഗ്രസ്ഥം, ഫലപ്രവചനത്തില്‍ ജ്യോതിഷം ഇന്നത്തേതുപോലെ ജനകീയമാകുന്നതിന് മുന്‍പ് വിശ്വാസികളുടെ ഭാവിഫലപ്രവചനത്തിനായി ഉപയോഗിച്ചതായി കരുതപ്പെടുന്നു.
പത്ത് സെ.മീ നീളവും അഞ്ച് സെ.മീ വീതിയുള്ള പനയോലകൊണ്ടു തീര്‍ത്ത താളുകളിലാണ് ഇത് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ശ്രദ്ധാപൂര്‍വ്വം എഴുത്തോലയില്‍ ഒരുവശത്ത് നാരായംകൊണ്ട് അതിമനോഹരങ്ങളായ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. മ്യൂറല്‍ പെയിന്റിങ്ങുകളെ അനുസ്മരിപ്പിക്കുന്ന ചിത്രഭംഗി പേറുന്നവയാണ് ഓരോ ആലേഖനവും.
ഇങ്ങനെ ചിത്രങ്ങള്‍ വരഞ്ഞിരിക്കുന്ന ഓലയുടെ മറുവശത്ത് ഈ ചിത്രവുമായി ബന്ധപ്പെട്ട ഫലങ്ങള്‍ എഴുതിയിരിക്കുന്നു. നാലുവരികളുളള ശ്ലോകങ്ങളായാണ് ഫലസൂചനകള്‍ നല്‍കിയിരിക്കുന്നത്. കവിത്വത്തിന് അതില്‍ പ്രാധാന്യം കുറവാണ്. പഴയ മലയാളത്തിലാണ് വിവരണം. മനഃപാഠമാക്കുന്നതിനുള്ള സൗകര്യത്തിനാവണം ശ്ലോകരൂപത്തില്‍ ഫല സൂചനകള്‍ നല്‍കിയിരിക്കുന്നത്.
നൂറില്‍പ്പരം താളിയോലകളിലായാണ് ഗ്രന്ഥം രചിക്കപ്പെട്ടിരിക്കുന്നത്. മധ്യത്തിലൂടെ ദ്വാരം നിര്‍മ്മിച്ച്, ദ്വാരത്തിലൂടെ ഒരു ചരടുകടത്തി ഓലകളെ സുരക്ഷിതമായി കെട്ടിയോജിപ്പിച്ച് വച്ചിരിക്കുന്നു. ചുരുണകള് എന്ന് പുരാവസ്തു ഗവേഷകര്‍ വിളിക്കുന്ന താളിയോലക്കെട്ടിന്റെ ഉത്തമ നിദര്‍ശനമാണ് ചരിത്രം പുരണ്ട ഈ ഗ്രന്ഥം.
ചില ചിട്ടവട്ടങ്ങള്‍ പാലിച്ചാണ് ഫല നിര്‍ണ്ണയത്തിലേക്ക് കടക്കുക. ഫലമറിയേണ്ട വ്യക്തി ആദരവോടെ ഗ്രന്ഥം തൊട്ട് നമസ്കരിച്ച് ഗ്രന്ഥത്തെ ബന്ധനമുക്തമാക്കുന്നു. അനന്തരം പ്രാര്‍ത്ഥനാപൂര്‍വ്വം പുസ്തകം തുറക്കുന്നതു പോലെ ഗ്രന്ഥം തുറക്കണം. ലഭിക്കുന്ന ചിത്രത്തിന് പുറകില്‍ പഴയ മലയാള ലിപിയില്‍ എഴുതിയിരിക്കുന്ന ഫലം അയാള്‍ക്ക് അനുഭവസ്ഥമാകും എന്നാണ് പാരമ്പര്യ വിശ്വസം. ഈ ഗ്രന്ഥത്തെക്കുറിച്ച് അറിയാവുന്ന ചിലര്‍ ഇപ്പോഴും ഫലപ്രവചനത്തിനായി ഇവിടെ എത്താറുണ്ട്.
ഇത് രചിച്ചത് ആര്, രചനാകാലം ഏത് എന്നതൊക്കെ അജ്ഞാതമാണ്. എങ്കിലും അതിമനോഹരങ്ങളായ ചിത്രങ്ങള്‍ താളിയോലകളില്‍ ജീവന് തുടിച്ചു നില്ക്കുന്നു. ഭദ്രകാളി, രാധാ-കൃഷ്ണന്, ഗജേന്ദ്ര മോക്ഷം, പലതരം മൃഗങ്ങള്‍, സര്‍പ്പങ്ങള്‍ തുടങ്ങിയവയെ മിഴിവാര്‍ന്ന രീതിയില്‍ വളരെ ചെറിയ സ്ഥലത്ത് രചിച്ച പ്രതിഭ ആദരണീയം തന്നെ.
ഏതാണ്ട് ഇരുനൂറില്‍പ്പരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് എങ്കിലും രചിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന ഈ ഗ്രന്ഥം ബുധനൂര്‍ ഇളയിടത്ത് കോവിലകത്ത് ആര്. ആര്. വര്‍മ്മ അമൂല്യ നിധിയായി സൂക്ഷിക്കുന്നു. മേടമാസത്തിലെ വിഷുകണിക്ക് ശേഷവും, പൂജയെടുപ്പു ദിവസവും പൂജാമുറിയിലെ പൂജകള്‍ക്കു ശേഷം കുടുംബാംഗങ്ങള്‍ എല്ലാം അവരുടെ ആ വര്‍ഷത്തെ ഫലം അറിയാന്‍ ഗ്രന്ഥത്തെ ആശ്രയിക്കാറുണ്ട്.
തലമുറകള്‍ കൈമാറി…
ബുധനൂര്‍ ഇളയിടത്ത് ഇല്ലത്തെ രാമവര്‍മ്മയുടെ കൈവശം ഈ നിധി എത്തിയിട്ട് മുപ്പതുവര്‍ഷത്തിലധികമായി. അദ്ദേഹത്തിന്റെ അച്ഛന് രവിവര്‍മ്മത്തമ്പുരാന്റെ കയ്യില്‍ നിന്ന് പൈതൃകമായി ലഭിച്ചതാണ് ഈ താളിയോല ഗ്രന്ഥം.
രവിവര്‍മ്മത്തമ്പുരാന്റെ ചെറുപ്പത്തില്‍ അടിമുറ്റത്തുമഠത്തിലേക്ക് വന്നുചേര്‍ന്ന ഒരു ഇല്ലം ഇറവുങ്കരയിലുണ്ടായിരുന്നു. ഇന്ന് ആ ഇല്ലം അന്യം നിന്നുപോയി. ആ ഇല്ലം വക സ്ഥലത്താണ് ഇപ്പോള്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തിക്കുന്നത്. ആ ഇല്ലത്തിന്റെ ഭരണച്ചുമതലയില്‍ ഇരിക്കുമ്പോഴാണ് രവിവര്മ്മത്തമ്പുരാന് ഓല കൈവന്നത്. തമ്പുരാനില്‍നിന്നാണ് മകന് രാമവര്‍മ്മയിലേക്ക് ഗ്രന്ഥം വരുന്നത്.
ജ്യോതിഷം ഭാവിപ്രവചനത്തില്‍ പ്രചുരപ്രചാരം നേടുന്നതിനു മുമ്പായിരിക്കണം ലക്ഷണചുവടി സ്വീകാര്യമായിരുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭകാലത്ത് തെരഞ്ഞെടുപ്പുകളിലും മറ്റും മത്സരിക്കുന്നവര്‍ വിജയസാധ്യതയാരാഞ്ഞും മറ്റും വന്നിരുന്നതായി അച്ഛന് പറഞ്ഞു കേട്ടിട്ടുണ്ട്’ – രാമവര്‍മ്മ പറയുന്നു. അക്കാലത്ത് ക്ഷേത്ര ചടങ്ങുകളിലേക്കും മറ്റും ദേവിയുടെ അനുജ്ഞ വാങ്ങേണ്ടുന്ന സാഹചര്യങ്ങളില്‍ ഭാരവാഹികള്‍ അച്ഛനെ സമീപിച്ച് ലക്ഷണചുവടിയുടെ സഹായം തേടിയിട്ടുള്ളതായും അദ്ദേഹം ഓര്‍മിക്കുന്നു.
ഭാവിയെക്കുറിച്ച് അറിയേണ്ടയാള്‍ ദേഹശുദ്ധിയോടെയും മനശ്ശുദ്ധിയോടെയും താളിയോലയിലെ കെട്ടഴിച്ച് നോക്കുമ്പോള്‍ ലഭിക്കുന്ന ചിത്രത്തിനു പിന്നില്‍ നല്‍കിയിരിക്കുന്ന ശ്ലോാകമാണ് അയാളുടെ ഫലം. അങ്ങനെ നോക്കുമ്പോള്‍ കുഭത്തിന്റെ (കുടം) ചിത്രം വരുന്ന ഓലയുടെ പിന്നിലെ ഫലം ഇതാണ്:
ആരോഗ്യധന വൃദ്ധിഞ്ച
മംഗല്യ സാധു പൂജനം
രക്ഷ ലാഭേശ്ച ദൃഷ്ടിഞ്ച
പൂജ കുഭേശ്ച ദൃശ്യകെ
പതിനാറുകൈയുളള ഭദ്രകാളിയുടെ ചിത്രത്തിനു പിന്നില്‍ രേഖപ്പെടുത്തിയ ഫലം ഇങ്ങനെ വായിക്കാം:
വസ്ത്രനാശ മന അര്‍ത്ഥശ്ച
ദ്രവ്യ ഹാനിനി രാശ്രയ
നിവാസ ബന്ധു വിരഹ
നഗ്ന രൂപേ ദൃശ്യ കെ
ജകള്‍ക്കു ശേഷം കുടുംബാംഗങ്ങള്‍ എല്ലാം അവരുടെ ആ വര്‍ഷത്തെ ഫലം അറിയാന്‍ ഗ്രന്ഥത്തെ ആശ്രയിക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: