ഹൈന്ദവാഘോഷങ്ങളിലും മംഗളകര്‍മങ്ങളിലും വെറ്റിലയ്ക്ക് പവിത്രമായൊരു സ്ഥാനമുണ്ട്. കൈലാസത്തില്‍ ശിവപാര്‍വതിമാര്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്ന സസ്യമത്രേ വെറ്റില. പുണ്യസസ്യമായി കരുതുന്ന വെറ്റിലയില്‍ ദേവീദേവന്മാരുടെ സാന്നിധ്യമുണ്ടെന്നാണ് സങ്കല്‍പ്പം.
വെറ്റിലയുടെ ഉള്ളില്‍ വിഷ്ണുവും പുറത്ത് ചന്ദ്രനും കോണുകളില്‍ ശിവനും ബ്രഹ്മാവും വാഴുന്നു. അഗ്രത്തില്‍ കുടികൊള്ളുന്നത് ലക്ഷ്മീദേവി. മധ്യത്തില്‍ സരസ്വതി. മൂര്‍ത്തിത്രയം കുടിയിരിക്കുന്ന വെറ്റില അപാകമില്ലാതെ പരിപാലിക്കണം. അത് കടുംബത്തില്‍ ശ്രേയസ്സും ഐശ്വര്യവും നല്‍കും. നടുന്ന ദിശയ്ക്കും പ്രത്യേകതയുണ്ട്. തെക്ക്പടിഞ്ഞാറുഭാഗത്ത് നടുന്നതാണ് ഉത്തമം.
ശനിദോഷം മാറാന്‍ ഹനുമാന് വെറ്റിലമാല വഴിപാടായി നല്‍കാറുണ്ട്. വിവാഹത്തിന് വധൂവരന്മാര് കാര്‍മികനും മുതിര്‍ന്നവര്‍ക്കും വെറ്റിലയില്‍ പണം വച്ചു നല്‍കിയാണ് അനുഗ്രഹം തേടുന്നത്. വെറ്റില വലതു കൈകൊണ്ടേ സ്വീകരിക്കാവൂ. ദക്ഷിണ നല്കുമ്പോള് അതിന്റെ വാലറ്റം കൊടുക്കുന്നയാളുടെ നേര്‍ക്ക് ആവണം. ജ്യോതിഷത്തിലുമുണ്ട് വെറ്റിലയ്ക്ക് നിര്‍ണായകമായൊരു സ്ഥാനം.
ഒരു കര്‍മ്മത്തിനും വാടിയതോ കീറിയതോ ആയ വെറ്റിലകള്‍ ഉപയോഗിക്കരുത്. ഭാരതമാണ് വെറ്റിലയുടെ ജന്മദേശം. സംസ്കൃതത്തില്‍ ഇത് നാഗവല്ലരിയെന്നും സപ്തശിരയെന്നും അറിയപ്പെടുന്നു.
ധാരാളം ഔഷധഗുണങ്ങളും വെറ്റിലയ്ക്കുണ്ട്. വെറ്റില ചവയ്ക്കുന്നത് വായശുചിയാക്കുന്നു. മോണകളെ ഉറപ്പുള്ളതാക്കുന്നു. ഈ ശീലം അമിതമായാല്‍ രസമുകുളങ്ങള്‍ക്ക് അപചയം സംഭവിക്കും. വേദനസംഹാരികൂടിയാണ് വെറ്റില. വേദനയുള്ള ഭാഗത്ത് ഇത് അരച്ചു പുരട്ടിയാല്‍ വേദന ശമിക്കും. ഉത്തരേന്ത്യക്കാര്‍ ശ്വാസംമുട്ടല്‍ മാറാന്‍ വെറ്റില പ്രയോഗിക്കുന്ന വിധം കൗതുകകരമാണ്. വെറ്റിലയില്‍ അല്പം കടുകെണ്ണ തേച്ച് ചൂടാക്കി നെഞ്ചില്‍ വച്ചാല്‍ കഫമുരുകും. ശ്വാസം മുട്ടല്‍ മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: