സങ്കടങ്ങള്‍ വ്യക്തികളുടെ സൃഷ്ടിയാണ്. ശാരീരിക വേദന നമുക്ക് പുറത്തു നിന്ന് വരാം. പക്ഷേ സങ്കടങ്ങള്‍ എല്ലായ്പ്പോഴും സ്വയം സൃഷ്ടിക്കപ്പെടുന്നതാണ്. കാരണം അതൊരു മാനസിക പ്രക്രിയ മാത്രമാണ്.
ആ ഒരു പ്രക്രിയയില്‍ എന്തും മനസ്സില്‍ സൃഷ്ടിക്കാന്‍ കഴിയും. അത് ബോധപൂര്‍വ്വം നടക്കുകയാണെങ്കില്‍ ചുറ്റും സംഭവിക്കുന്നതെന്തെന്ന് പരിഗണിക്കാതെ നിങ്ങളത് മനോഹരമായി സൂക്ഷിക്കും. എന്നാല്‍ അത് നിര്‍ബന്ധിത പ്രേരണയാല്‍ സംഭവിക്കുമ്പോള്‍ എവിടെ പോയാലും നിങ്ങള്‍ സങ്കടപ്പെടുന്നു.
ലോകത്തിലെ എന്തിനെക്കുറിച്ചും സങ്കടപ്പെടാന്‍ ആളുകള്‍ പഠിച്ചിട്ടുണ്ട്. നിങ്ങള്‍ വിവാഹിതരല്ലെങ്കില്‍, വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ സങ്കടപ്പെടുന്നു; വിവാഹിതനാണെങ്കിലും സങ്കടം അനുഭവിക്കാം. കുട്ടികളില്ലെങ്കില്‍, കുട്ടികളുണ്ടെങ്കില്‍, ജോലിയില്ലെങ്കില്‍, ജോലി ഉണ്ടെങ്കില്‍ എല്ലാം നിങ്ങള്‍ കഷ്ടപ്പെടുന്നു. നിങ്ങള്‍ ജീവിച്ചിരിക്കുന്നതിനാല്‍ നിങ്ങള്‍ സങ്കടപ്പെടുന്നു. മരണം വരുമ്പോഴും സങ്കടപ്പെടുന്നു.
ശരിക്കും നിങ്ങള്‍ സങ്കടപ്പെടാത്തതായിട്ട് എന്താണുള്ളത്?
ചോദ്യം നിങ്ങളത് അനുഭവിക്കുന്ന രീതിയെക്കുറിച്ചാണ്. അതേക്കുറിച്ച് അവബോധമുള്ളവരാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലാവും അത് സംഭവിക്കുക. അത് മനോഹരമാണെന്ന് നിങ്ങള്‍ സ്വയം ഉറപ്പാക്കും. അപ്പോള്‍ നിങ്ങള്‍ ഒരു സാഹചര്യത്തെയും പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് ആയി കാണില്ല.
ചില സാഹചര്യങ്ങള്‍ അല്ലെങ്കില്‍ കാര്യങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ സംഭവിച്ചേക്കാം. ചിലത് അങ്ങനെയാവണമെന്നില്ല. അപ്രതീക്ഷിതമായ കാര്യങ്ങളാണ് ഒരാളുടെ ജീവിതത്തില്‍ സാഹസികത, വെല്ലുവിളി, ആവേശം എന്നിവ നല്‍കുന്നത്. കാര്യങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ നടക്കുന്നില്ലെങ്കില്‍, നിങ്ങള്‍ അസന്തുഷ്ടരാകുന്നു.
ആഗ്രഹിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നില്ല എന്നതാണ് ഒരാള്‍ അസന്തുഷ്ടനാകാനുള്ള ഒരേയൊരു കാരണം. സംഭവിക്കുന്ന ഓരോ സാഹചര്യത്തിനും അതിന്റേതായ പരിണതഫലങ്ങളുണ്ട്. നിങ്ങളുടെ മനസ്സിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാമെന്ന് നിങ്ങള്‍ക്കറിയാമെങ്കില്‍, ബാഹ്യ സാഹചര്യങ്ങളും കഴിവിന്റെ പരമാവധി നിങ്ങള്‍ക്ക് വേണ്ടവിധം കൈകാര്യം ചെയ്യാന്‍ കഴിയും.
ഏതൊരു മനുഷ്യനും അത്രയേ ചെയ്യേണ്ടതുള്ളൂ. അവന് ജീവിക്കുന്നിടത്തും ജീവിതാവസ്ഥയിലും ഏറ്റവും മികച്ചത് അവന് ചെയ്യുന്നു. ഒരു വ്യക്തിക്ക്, ബാഹ്യ സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ, തന്റെ മനസ്സ് മനോഹരമായി വെയ്ക്കാന്‍ അറിയാമെങ്കില്‍, അദ്ദേഹം തീര്‍ച്ചയായും ആത്മീയ പാതയിലാണ്. അദ്ദേഹം ഒരു മന്ത്രവും ചൊല്ലേണ്ടതില്ല, ഒരു ക്ഷേത്രത്തിലും പോകേണ്ടതില്ല, ഒരു ദൈവത്തോടും പ്രാര്‍ത്ഥിക്കേണ്ടതില്ല, എങ്കിലും ആത്മീയ പാതയിലാണ് ചരിക്കുന്നത്. ആത്യന്തിക മോക്ഷം അദ്ദേഹത്തിന് ആര്‍ക്കും നിഷേധിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: