ആലപ്പുഴ: ഏറെ പോരാട്ടങ്ങള്‍ക്ക് അരങ്ങൊരുക്കിയ ആലപ്പുഴ ജില്ലയുടെ രൂപീകരണം പ്രഖ്യാപിച്ചുള്ള ഉത്തരവില്‍ ഒപ്പിട്ടത് ആലപ്പുഴക്കാരുടെ ആഭിമാനമായ കെ.ആര്. ഗൗരിയമ്മയായിരുന്നു. വീരയ്യ റെഡ്യാര്‍ അത് ഏറ്റുവാങ്ങി. അന്ന് റവന്യു മന്ത്രിയായിരുന്നു ഗൗരിയമ്മ. വീരയ്യ റെഡ്യാര്‍ പ്രസിഡന്റും ടി.വി.തോമസ് സെക്രട്ടറിയുമായ സമരസമിതിയാണ് ആലപ്പുഴ ജില്ലാ രൂപീകരണത്തിനായി സമരം ചെയ്തത്. ആലപ്പുഴ ജില്ലാ രൂപീകരണം ആവശ്യപ്പെട്ടു ടി.വി.തോമസ് നിരാഹാരം കിടന്നെങ്കിലും ജില്ല രൂപീകരിക്കുമെന്ന് ഉറപ്പു നല്കി തിരു-കൊച്ചി സര്‍ക്കാര്‍ നിരാഹാരം പിന്‍വലിപ്പിക്കുകയായിരുന്നു.
പിന്നീടു ഇഎംഎസ് നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ നിലവില്‍ വന്നശേഷമാണു ജില്ലാ രൂപീകരണ പ്രഖ്യാപനമുണ്ടായത്. ജില്ലാ രൂപീകരണത്തിനു മുന്‍പ് ആലപ്പുഴ നഗരം മുതല്‍ തെക്കോട്ട് കൊല്ലം ജില്ലയുടെയും ചേര്‍ത്തല താലൂക്ക് കോട്ടയം ജില്ലയുടെയും ഭാഗമായിരുന്നു. 64 വര്‍ഷം മുന്‍പ്, മേയ് മാസത്തിലാണു ജില്ലാ രൂപീകരണം ഉത്തരവിട്ടുകൊണ്ടുള്ള രേഖയില്‍ കെ.ആര്.ഗൗരിയമ്മയുടെ കയ്യൊപ്പ് ചാര്‍ത്തപ്പെട്ടത്.
ആലപ്പുഴ ജില്ലാ ഉദ്ധാരണ സമിതി ചെയര്മാന് കെ.പി. രാമചന്ദ്രന്‍നായരും കണ്‍വീനര്‍ എസ്. വീരയ്യ റെഡ്യാര്‍, ജോയിന്റ് കണ്‍വീനര്‍ കെ. വേലപ്പന്‍പിള്ളയും ഉള്‍പ്പെടുന്ന സംഘം റവന്യു മന്ത്രിയായ ഗൗരിയമ്മയെ സെക്രട്ടേറിയറ്റില്‍ ചെന്നു കണ്ടു നിവേദനം നല്കി. വൈകിട്ടു വരാന്‍ മന്ത്രിയുടെ നിര്‍ദേശം. വൈകുന്നേരം രൂപീകരണത്തിനുള്ള ഒപ്പിട്ട ഉത്തരവ് തയാറായിരുന്നു. ചിങ്ങം ഒന്നിന് (1957 ആഗസ്റ്റ് 17, ശനി) ജില്ലാ രൂപീകരണം അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അക്കൊല്ലത്തെ നെഹ്റു ട്രോഫി ജലോത്സവം കഴിഞ്ഞുള്ള അടുത്ത ശനിയായിരുന്നു ജില്ലാ രൂപീകരണം.
അതിന്റെ ഓര്‍മപ്പെടുത്തലായി ജില്ലാ കോടതി അങ്കണത്തില്‍ ഇഎംഎസ് തെങ്ങും നട്ടു. ഇന്നും ആ തെങ്ങ് തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. കോട്ടയത്തു നിന്നു കുട്ടനാടും കൊല്ലത്തിന്റെ ഭാഗങ്ങളും ചേര്‍ത്താണ് ആലപ്പുഴ ജില്ല പിറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: