ന്യൂദല്‍ഹി: കോവിഡ് വ്യാപനം തടയുന്നതില്‍ മോദി സര്‍ക്കാര്‍ വരുത്തിയ വീഴ്ചയ്ക്കു രാജ്യം വലിയ വില നല്‍കുകയാണെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വിമര്‍ശനത്തിനു മറുപടിയുമായി ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ രംഗത്ത്. വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിച്ച് സോണിയയ്ക്ക് കത്തയച്ചു.
കേരളത്തിലെ കോവിഡ് രോഗികളുടെ വന്‍ വര്‍ധനയ്ക്ക് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലികള്‍ കാരണമായിട്ടുണ്ടെന്നും നദ്ദ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു. കേരളത്തിലടക്കം വന്‍ റാലികള്‍ നടത്തിയ ശേഷം കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് പറയുന്നത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അക്ഷീണം പ്രവര്‍ത്തിക്കുകയാണെന്നും എന്നാല്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നാണ് സോണിയ ഗാന്ധിയും കൂട്ടരും പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
ലോകത്ത് ഏറ്റവും വലിയ വാക്സീനേഷന് ഡ്രൈവ് നടക്കുന്നത് ഇന്ത്യയിലാണ്. 2020 ല്‍ എട്ട് മാസം 80 കോടി ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്കി. അതിപ്പോഴും തുടരുന്നുണ്ട്. എല്ലാ മുഖ്യമന്ത്രിമാരുമായും യോജിച്ചാണ് പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നത്. ഇതിനോടകം നിരവധി യോഗങ്ങള്‍ അദ്ദേഹം നടത്തി. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ പോലും പ്രധാനമന്ത്രി മോദിയെ പ്രശംസിക്കുകയും ചെയ്തെന്ന് കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്നാം തരംഗമുണ്ടാകുമെന്നു ചില ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുമ്പോഴും ഉത്തരവാദിത്തങ്ങളില്‍ നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഓടിയൊളിക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തിയിരുന്നു. ഇതിനാണ് മറുപടിയുമായി നദ്ദ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: