ആലപ്പുഴ: കൊച്ചുന്നാളിലെ താന്‍ കൃഷ്ണ ഭക്തയായിരുന്നു. അന്ന് തന്റെ കയ്യില്‍ ശ്രീകൃഷണന്റെ ഒരു ചിത്രമുണ്ടായിരുന്നു. അത് താന്‍ നിധി പോലെയാണ് സൂക്ഷിച്ചിരുന്നത്. വിപ്ലവത്തിന്റെ തീച്ചൂളയില്‍ ജ്വലിച്ചുനിന്നപ്പോഴും അത് തന്റെ കയ്യില്‍ സുരക്ഷിതമായിരുന്നതായി കെ.ആര്. ഗൗരിയമ്മ എപ്പോഴും പറയുമായിരുന്നു.
എല്‍എല്‍ബി കഴിഞ്ഞ് രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമായതോടെയാണ് ഒരു കൊച്ചു കൃഷ്ണവിഗ്രഹം സ്വന്തമാക്കിയത്. അത് എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമായിരുന്നു. കമ്മ്യുണിസ്റ്റുകള്‍ക്ക് ദൈവവിശ്വാസം പാടില്ലെയെന്നത് അന്ന് വലിയ കാര്‍ക്കശ്യമായിരുന്നു പാര്‍ട്ടിക്ക്. എന്നാല്‍ അന്നും ഞാന്‍ എവിടെ പോയാലും, ആ കൊച്ചുകൃഷ്ണന്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ബാഗില്‍ സുരക്ഷിതമായി.
ഹിന്ദുക്കള്‍ ശ്രീകൃഷ്ണനെ ദൈവമായി ആരാധിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്നതാണ് കൃഷ്ണചരിതം. ഭഗവദ് ഗീതയിലൂടെ കൃഷ്ണന് നല്കുന്ന സന്ദേശം മനുഷ്യ കുലത്തിന് എന്നും പ്രചോദനവും പ്രസക്തവുമാണ്.
ഇന്ന് വീട്ടില്‍ ഇഷ്ടം പോലെ കൃഷ്ണവിഗ്രഹം ഉണ്ട്. പലരും എന്റെ മനസറിഞ്ഞപോലെ നല്കിയ വിഗ്രഹങ്ങളാണ്. കുറച്ച് നാളുകളായി പിറന്നാളിന് അമ്പലപ്പുഴ പാല്‍പ്പായസവും ഉണ്ണിയപ്പവും കഴിച്ചു കൊണ്ടാണ് പിറന്നാള്‍ സദ്യ കഴിക്കാറുള്ളു. കൃഷ്ണ ഭക്തിയേറിയത് കൊണ്ടു തന്നെയാണിതെന്ന് പറയാന്‍ ഗൗരിയമ്മക്ക് യാതൊരു മടിയുമില്ലായിരുന്നു.
പല പഴയകാല പ്രമുഖ കമ്മ്യുണിസ്റ്റുകളും അവരുടെ ഭാര്യമാരുടെ പേരില്‍ അമ്പലങ്ങളില്‍ പോകുന്നകാര്യം എനിക്കറിയാം. നല്ലത് എവിടെ നിന്നും സ്വീകരിക്കാം, അതിനെ ഒരു തത്വശാസത്രവും തടയുന്നില്ല. ഭയമുളളവര്‍ പലതും ഒളിക്കും. ആര്‍എസ്എസുകാരുടെ സംഘടനയായ ബാലഗോകുലം നല്കിയ ശ്രീകൃഷ്ണവിഗ്രഹവും ഇക്കുട്ടത്തില്‍ ഉണ്ട്. ആരും തന്നാലും ശ്രീകൃഷ്ണന് ശ്രീകൃഷ്ണനാണെന്ന് ഗൗരിയമ്മ പറയുമായിരുന്നു. അവസാന കാലഘട്ടത്തില്‍ ഭാഗവത പരായണത്തില്‍ ഗൗരിയമ്മ താല്‍പ്പര്യം കാണിച്ചിരുന്നു.
ഒരു നേതാവിനോട് മാത്രമേ ആരാധനയുള്ളൂ. അത് പി.കൃഷ്ണപിള്ളയോട്. ഒരാള്‍ മാത്രമേ ജീവിതത്തില്‍ സ്വാധീനിച്ചിട്ടുള്ളൂ. അത് അച്ഛനാണ്. കേരളത്തിന്റെ രാഷ്ട്രീയ മുത്തശി കളത്തിപ്പറമ്പില്‍ രാമന് ഗൗരിയെന്ന കെ.ആര്. ഗൗരിയമ്മ അടുപ്പക്കാര്‍ക്കും അണികള്‍ക്കും കുഞ്ഞമ്മയായിരുന്നു. ആതിഥ്യമര്യാദയില്‍ ഗൗരിയമ്മ പണ്ടേ ശ്രദ്ധാലുവാണ്. വീട്ടിലെത്തുന്നവര്‍ക്ക് മീനും ഇറച്ചിയും ഉള്‍പ്പടെ വിഭവസമൃദ്ധമായ ഭക്ഷണം നല്‍കിയേ മടക്കി അയച്ചിട്ടുള്ളൂ. ആ സല്ക്കാരങ്ങളുടെ രുചി നാവിലില്ലാത്ത രാഷ്ട്രീയ നേതാക്കള്‍ ചുരുക്കം. പ്രായത്തിന് കീഴ്പ്പെടുത്താനാകില്ല ഗൗരിയമ്മയിലെ വിപ്ലവവീര്യത്തെ. ഏതു നേതാവിനുമുന്നിലും മറയില്ലാതെ അവര്‍ മനസ് തുറക്കും. സ്ത്രീപീഡന വാര്‍ത്തകള്‍ പെരുകിയപ്പോള്‍ കേരളത്തിന്റെ അവസ്ഥയറിയാന്‍ പിണറായി വിജയന് സാരിയുടുത്തു പുറത്തിറങ്ങണമെന്ന് ഒരിക്കല്‍ തുറന്നടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: