മൂലമറ്റം: കൊവിഡ് പ്രതിസന്ധിയില്‍ ആവശ്യത്തിന് നഴ്സുമാര്‍ ഇല്ലാതെ ആരോഗ്യമേഖല കിതയ്ക്കുമ്പോഴും റാങ്ക് ലിസ്റ്റ് നോക്കുകുത്തിയായി നില്ക്കുന്നു. നൂറ് കണക്കിന് പേരാണ് നഴ്സുമാരുടെ റാങ്ക് ലിസ്റ്റില്‍ ഇടം നേടി നിയമനം കാത്ത് നില്‍ക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കൂടുകയും, നഴ്സുമാര്‍ക്ക് നിന്ന് തിരിയാന്‍ സമയം കിട്ടാതെ വലയുമ്പോഴാണ് നിയമനം നടത്താതെ സര്‍ക്കാര്‍ അനങ്ങാപാറ നയം സ്വീകരിക്കുന്നത്.
സംസ്ഥാനത്ത് ഓരോ ജില്ലകളിലും ശാരാശരി 700 പേരാണ് റാങ്ക് ലിസ്റ്റിലുള്ളത്. ഇടുക്കി ജില്ലയില്‍ മാത്രം 341 പേര് റാങ്ക് പട്ടികയിലുണ്ട്. കൊവിഡ് പ്രതിസന്ധി ആരോഗ്യ മേഖലയില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുമ്പോഴാണ് റാങ്ക് ലിസ്റ്റ് നിലവില്‍ ഉണ്ടായിട്ടും നിയമനം നല്കുവാന് അധികൃതര്‍ തയാറാകാത്തത്. ആവശ്യത്തിന് വിശ്രമം പോലുമില്ലാതെയാണ് നഴ്സുമാര്‍ ജോലി ചെയ്യുന്നത്. നഴ്സുമാരുടെ അഭാവം കാരണം ഇവര്‍ക്ക് അര്‍ഹതപ്പെട്ട അവധി പോലും വേണ്ട വിധം അനുവദിച്ച് കിട്ടുന്നില്ല. എത്ര നഴ്സുമാര്‍ ഉണ്ടെങ്കിലും അതൊന്നും തികയാത്ത സ്ഥിതിയാണ് ആരോഗ്യരംഗത്ത് ഉള്ളത്.
പിഎസ്സി ഓഫീസുമായി ബന്ധപ്പെടുമ്പോള്‍ ആരോഗ്യ വകുപ്പ് വേണ്ട നടപടി സ്വീകരിക്കുന്നില്ലായെന്ന മറുപടിയാണ് കിട്ടുന്നത്. നിയമനം കാത്ത് കഴിയുന്ന നഴ്സുമാരുടെ റാങ്ക് പട്ടികയില്‍ നിന്നും അടിയന്തരമായി നിയമനം നടത്തണമെന്ന് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: