പഴനി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കണ്ണന് സ്വര്‍ണ ശ്രീകോവില്‍ നിര്‍മിച്ച തമിഴ്നാട് പഴനി സ്വദേശി താജുദ്ദീന്‍ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ പഴനിയിലെ ആശുപത്രിയിൽ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
1978 ലാണ് ശ്രീകോവിലിന്റെ മേല്‍ക്കൂര സ്വര്‍ണം പൊതിയാന്‍ പഴനി സ്വദേശിയായ അമീര്‍ജാന്‍ എന്ന സ്വര്‍ണപ്പണിക്കാരനെ ദേവസ്വം ചുമതലപ്പെടുത്തിയത്. സഹായിയായാണ് മകന്‍ താജുദ്ദീന്‍ എത്തിയത്. ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം ഇല്ലാത്തതിനാല്‍ പുറത്തുനിന്ന് കണ്ണന്റെ ശ്രീകോവിലിന്റെ ഓരോ ഇഞ്ചും മനസ്സിലുറപ്പിച്ച് സ്വര്‍ണ ശ്രീകോവില്‍ നിര്‍മിക്കുകയായിരുന്നു താജുദ്ദീന്‍,
28 കിലോ സ്വര്‍ണം ഉപയോഗിച്ച് പിതാവും മകനും 1200 ഓളം കടലാസ് കനത്തിലുള്ള പാളികള്‍ നിര്‍മിച്ചു. പിതാവിന്റെ മരണശേഷം 1980ല്‍ ക്ഷേത്രം മുഖമണ്ഡപത്തിന് സ്വര്‍ണത്തകിട് അടിച്ചത് താജുദ്ദീനാണ്. കിഴക്കേനടയില്‍ ഇന്നത്തെ കല്യാണ മണ്ഡപത്തിന് സമീപത്തെ പുത്തന്‍ മാളികയിലാണ് സ്വര്‍ണത്തകിടുകള്‍ തയാറാക്കിയത്. മരപ്പണികള്‍ മാനു ആശാരിയും നാരായണന്‍ ആശാരിയും ചേര്‍ന്ന് ക്ഷേത്രത്തില്‍ കടന്ന് അളവെടുത്തു. ഈ കണക്ക് വച്ച് അമീര്‍ജാനും താജുദ്ദീനും സ്വര്‍ണപ്പാളികള്‍ തയാറാക്കി.
ഇവരുടെ പണിക്കാര്‍ അകത്തുകയറി പുതുക്കി നിര്‍മിച്ച ശ്രീകോവിലില്‍ തേക്കുപലക അടിച്ച് ചെമ്പുപലകയില്‍ ഉറപ്പിച്ച സ്വര്‍ണപ്പാളികള്‍ നിരത്തി ഉറപ്പിച്ചു. ഉത്സവത്തിന് എഴുന്നള്ളിച്ച് വയ്‌ക്കുന്ന പഴുക്കാമണ്ഡപം 1993ല്‍ സ്വര്‍ണം പൊതിഞ്ഞതാണ് അവസാനത്തെ ജോലി.
തിരുമാന്ധാംകുന്ന്, ആറന്മുള, തൃക്കൊടിത്താനം അടക്കം ഒട്ടേറെ ക്ഷേത്രങ്ങളില്‍ താജുദ്ദീന്‍ കൊടിമരങ്ങള്‍ നിര്‍മിച്ചു. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിലെ ഗോളക, പൂങ്കുന്നം സീതാരാമ ക്ഷേത്രത്തിലെ സ്വര്‍ണ രഥം എന്നിവയും നിര്‍മിച്ചത് അദ്ദേഹമാണ്. തുറവൂര്‍ ക്ഷേത്രത്തിലും താജുദ്ദീന്‍ സ്വര്‍ണപ്പണികള്‍ ചെയ്തിട്ടുണ്ട്.
ഷംസുവാണ് താജുദീന്റെ ഭാര്യ. മക്കള്‍: അസ്മത്ത്, അമീര്‍ജാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: