പെരിഞ്ചെല്ലൂര്‍ മണി
ആലപ്പുഴ ജില്ലയിലെ മാവേലിക്കര പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി മാവേലിക്കര- ഹരിപ്പാട് പാതയിലാണ് സര്‍വ്വരോഗ സംഹാരിയായി വാഴുന്ന ഭഗവാന് കണ്ടിയൂരപ്പന്റെ തിരുസന്നിധി. ദക്ഷിണ കാശി എന്നറിയപ്പെടുന്ന കണ്ടിയൂര്‍ മഹാദേവക്ഷേത്രത്തിന് 5000 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു.
ഭൂതഗണങ്ങളാല് ഒറ്റ രാത്രികൊണ്ട് നിര്‍മ്മിക്കപ്പെട്ടതായി പറയപ്പെടുന്ന ഉയരമേറിയ കൂറ്റന്‍ മതില്‍ക്കെട്ടിനകത്ത് ഏകദേശം ആറേക്കറോളം വിസ്തൃതിയിലാണ് ക്ഷേത്ര സമുച്ചയമുള്ളത്. പത്തിലേറെ ഉപദേവതാ ക്ഷേത്രങ്ങളാണ് പ്രധാന ക്ഷേത്രത്തോട് ചേര്‍ന്നുള്ളത്. തിരുവിതാംകൂര്‍ രാജാക്കന്മാര് ഭരണം ഏറ്റെടുത്തിരുന്നത് കണ്ടിയൂരപ്പനെ സാക്ഷി നിര്ത്തിയായിരുന്നുവത്രെ.
മഹാ സിദ്ധനായ മൃകണ്ഡു മഹര്‍ഷി ഈ പ്രദേശത്ത് ഏറെക്കാലം തപസ്സ് അനുഷ്ഠിച്ചിരുന്നു. അദ്ദേഹം ഗംഗയില്‍ സ്നാനം ചെയ്തപ്പോള്‍ കിട്ടിയ ശിവലിംഗമാണ് കണ്ടിയൂരില്‍ പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം. ശിവലിംഗ പ്രതിഷ്ഠക്കായി മഹര്‍ഷി പവിത്രമായ സ്ഥലം അന്വേഷിച്ച് നടന്നു. പ്രദേശത്ത് കണ്ടതില്‍ നല്ല ഊരില്‍ ശിവലിംഗം പ്രതിഷ്ഠിച്ചു. കണ്ടതില്‍ നല്ല ഊര് എന്ന പദത്തിന്റെ തത്ഭവമാണ് കണ്ടിയൂര്‍.
ഇവിടെ രണ്ടാമത് പ്രതിഷ്ഠ നടത്തിയത് പത്മപാദ മഹര്‍ഷിയാണത്രെ. ഇപ്പോള്‍ കാണുന്ന പ്രതിഷ്ഠ മൂന്നാമത്തേതാണ്. പ്രതിഷ്ഠാ കര്‍മ്മം നടത്തിയത് തരണനല്ലൂര്‍ തന്ത്രികളും. തഞ്ചാവൂരിലെ തൃക്കണ്ടിയൂര്‍ ക്ഷേത്രത്തിന്റെ മാതൃകയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളത്.
പത്മപാദ മഹര്‍ഷി പ്രതിഷ്ഠിച്ച വിഗ്രഹം ഇപ്പോള്‍ ക്ഷേത്ര തിരുമുറ്റത്ത് വടക്കുംനാഥനായി പ്രതിഷ്ഠിക്കപ്പെട്ട് ആരാധിച്ചു പോരുന്നു.
അഭയം തേടിയെത്തുന്ന ഭക്തര്‍ക്ക് മൃത്യുഞ്ജയനായ ശ്രീ കണ്ടീപുരേശന് സര്‍വ്വാഭീഷ്ട പ്രദായകനാണ്.
ഒരിക്കല്‍ അന്ധനായൊരു ഭക്തന് ക്ഷേത്ര സന്നിധിയില്‍ ഭജനമിരുന്നു. കണ്ടിയൂരപ്പന് എന്നായിരുന്നു നാട്ടുകാര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. കാലം അധികം കഴിയുന്നതിനു മുമ്പ് അന്ധനായ ആ ഭക്തന് കാഴ്ച്ച ശക്തി തിരിച്ചുകിട്ടിയതായി പറയപ്പെടുന്നു. ക്ഷേത്രത്തെക്കുറിച്ച് പതിനാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടതെന്ന് കരുതുന്ന ഉണ്ണുനീലി സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
ബുദ്ധമത പ്രഭാവ കാലത്ത് കണ്ടിയൂരും ബുദ്ധമതാനുയായികളുടെ സ്വാധീന മേഖലയായിരുന്നു. ഇവിടെ ബുദ്ധ വിഹാരങ്ങള്‍ സ്ഥാപിച്ചിരുന്നതായും പറയപ്പെടുന്നു. ബുദ്ധമതത്തിന് ക്ഷയം സംഭവിച്ചപ്പോള്‍ ഇവിടെയുള്ള ബുദ്ധ വിഗ്രഹം ഏറെക്കാലം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിരുന്നു. 1923 ല്‍ വിഗ്രഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മാവേലിക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുന്നിലുള്ള പഞ്ജരത്തില്‍ സ്ഥാപിച്ചിട്ടുള്ള ബുദ്ധവിഗ്രഹം അതാണത്രെ.
ക്ഷേത്രത്തിന്റെനാലമ്പലത്തില് പ്രവേശിച്ച് നടപ്പന്തലിലൂടെ മുന്നോട്ട് നീങ്ങുമ്പോള്‍ ഏകദേശം 40 അടി ഉയരമുള്ള സ്വര്‍ണ്ണക്കൊടിമരം കാണാം. ഇപ്പോള്‍ കാണുന്ന കൊടിമരം ഇരുപത്തി നാലാമത്തേതാണെന്ന് പഴമക്കാര്‍ പറയുന്നു. ക്ഷേത്രത്തിലെ ബലിക്കല്ല് സാധാരണയിലും വലുപ്പം ഉള്ളതാണ്. ഈ ഒറ്റക്കല്‍ ബലിക്കല്ലിലും ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള ശിലകളിലും തമിഴ് ഭാഷയിലുള്ള വട്ടെഴുത്തുകള്‍ കാണാം. അവയെല്ലാം കൃത്യമായി വായിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലത്രെ. ബലിക്കല്ലും കടന്ന് നാലമ്പലത്തിന്റെ അകത്തേക്ക് കയറിയാല്‍ കൊത്ത് പണികളാല്‍ അലംകൃതമായ തട്ടിന്‍പുറം. അവിടെ ഏകദേശം 150 പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാകത്തിലുള്ള ഭോജനശാല ഉണ്ട്. എന്നാല്‍ ഇന്ന് അത് ഉപയോഗിക്കുന്നില്ല. വളരെ വിസ്തൃതമായ നമസ്ക്കാര മണ്ഡപം കഴിഞ്ഞാല്‍ ശ്രീകോവിലായി. ശ്രീകോവിലിനുമുണ്ട് പ്രത്യേകത. കരിങ്കല്‍ കൊണ്ട് നിര്‍മ്മിച്ചൊരു ശ്രീകോവില്‍ തറയില്‍ രണ്ടാമതൊരു തട്ടായി നിര്‍മ്മിച്ച ശ്രീകോവിലിലാണ് ഭഗവാനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. എട്ട് മടക്കുകളുള്ള ശ്രീകോവിലിന്റെ ഭിത്തി മുഴുവനും ശില്പങ്ങള് നിറഞ്ഞതാണ്.
നമസ്ക്കാര മണ്ഡപത്തിനും ശ്രീകോവിലിനും ഇടയിലുള്ള താഴ്ന്ന സ്ഥലത്ത് നിന്നാല്‍ ഭഗവാനെ ദര്‍ശിക്കുവാന്‍ സാദ്ധ്യമല്ല. നമസ്ക്കാര മണ്ഡപത്തോട് ചേര്‍ന്ന ഉയര്‍ന്ന ഭാഗത്തോ, ശ്രീകോവിലിനോടു ചേര്‍ന്ന പടികയറിയാലോ മാത്രമേ ഭഗവാനെ ദര്‍ശിക്കാനാവൂ.
വടക്കുംനാഥന്, മൃത്യുഞ്ജയന് തുടങ്ങി ഏതാനും ശിവ സങ്കല്പ ഉപക്ഷേത്രങ്ങളും തിരുമുറ്റത്ത് ഉണ്ട്. മിക്കക്ഷേത്രങ്ങളിലും അരയാലിന്റെ ചുവട്ടിലാണ് നാഗപ്രതിഷ്ഠയെങ്കില് കണ്ടിയൂര്‍ ക്ഷേത്രത്തിലെ നാഗപ്രതിഷ്ഠ പേരാലിന്റെ ചുവട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: