കൊച്ചി: സ്വതന്ത്രമായ സംസാരം പ്രോത്സാഹിപ്പിക്കപ്പെടുന്ന ഈ കാലത്ത് മുഖ്യമന്ത്രിയ്ക്കെതിരെ വാട്സാപ്പില്‍ സന്ദേശമയച്ച വൈദ്യുതി ബോര്‍ഡ് ജീവനക്കാരനെ പരസ്യശാസനയ്ക്ക് വിധേയമാക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി.
കേരള വൈദ്യുതി ബോര്‍ഡ് തന്നെയാണ് കാഷ്യറായി ജോലി ചെയ്യുന്ന ജീവനക്കാരനെ പരസ്യമായി താക്കീത് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ‘സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശം അര്‍ത്ഥവത്തായി ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യഘടകമായി ആഘോഷിക്കപ്പെടുന്ന ഈ കാലത്ത് ‘പരസ്യശാസന’യ്ക്ക് അനുകൂലമായി ഈ കോടതി നിലകൊള്ളില്ല,”- താക്കീത് ചെയ്യാനുള്ള അപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയില്‍ സിംഗിള്‍ബെഞ്ച് ജഡ്ജിയായ ദേവന് രാമചന്ദ്രന് വിധിച്ചു.
കേരളസര്‍ക്കാരിനെ നിന്ദിക്കുകയും മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും ജീവനക്കാരന് ശ്രമിച്ചുവെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ ഹര്‍ജി. വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെ അച്ചടക്കമര്യാദകള്‍ക്കെതിരായിരുന്നു വാട്സാപ് സന്ദേശമെന്നും ഇതുവഴി കെഎസ്ഇബിയുടെ സല്പേര് കളങ്കപ്പെട്ടുവെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ വാദിക്കുന്നു.
വാട്സാപ് ഗ്രൂപ്പില്‍ പ്രചരിച്ചിരുന്ന ഒരു സന്ദേശം വീണ്ടും പോസ്റ്റ് ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്ന് കെഎസ്ഇബി കാഷ്യറായ ജീവനക്കാരന് കോടതിയെ ബോധിപ്പിച്ചു. തികച്ചും സ്വകാര്യമായ വാട്സാപ് ഗ്രൂപ്പിനാണ് സന്ദേശമയച്ചതെന്നതിനാല്‍ മറ്റാര്‍ക്കും ഈ സന്ദേശം കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം വാദിച്ചു.
വെറും അപഹാസ്യമായ അന്വേഷണത്തിന് ശേഷം തന്നെ സസ്പെന്റ് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്റെ സസ്പെന്ഷന് കാലം ലീവാക്കി മാറ്റി സര്‍വ്വീസ് കാലാവധി സാധാരണഗതിയിലാക്കാനും അദ്ദേഹം കോടതിയോട് അപേക്ഷിച്ചു. കാഷ്യര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. തുള്‍സി കെ രാജ് ജീവനക്കാരനെ പരസ്യമായി താക്കീത് ചെയ്യണമെന്ന ആവശ്യം തള്ളിക്കളയാനും വാട്സാപ് സന്ദേശമയച്ചതിന്റെ പേരില്‍ ലഭിച്ച സസ്പെന്ഷന് കാലാവധി ഡ്യൂട്ടി ചെയ്ത ദിവസങ്ങളായി കണക്കാക്കി ശമ്പളം നല്‍കാനും കോടതിയോട് ആവശ്യപ്പെട്ടു.
ഒരു വ്യക്തി സ്വകാര്യവാട്സാപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത സന്ദേശങ്ങളുടെ സ്നാപ് ഷോട്ടുകള്‍ എങ്ങിനെയാണ് കിട്ടിയതെന്ന കാര്യത്തില്‍ കോടതി സംശയം പ്രകടിപ്പിച്ചു. ‘ഇനി ഈ സന്ദേശം സ്വകാര്യഗ്രൂപ്പില്‍ പോസ്റ്റ് ചെയ്താല്‍ തന്നെ, മുഖ്യമന്ത്രിയ്ക്കും കേരളസര്‍ക്കാരിനും എതിരായി എന്ന ഒറ്റക്കാരണത്താല്‍ എങ്ങിനെയാണ് അത് അച്ചടക്ക ലംഘനമാകുന്നത്, കെഎസ്ഇബി ഒരു സര്‍ക്കാര്‍ വകുപ്പല്ല, സ്വന്തം നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു കോര്‍പറേറ്റ് സ്ഥാപനമാണെന്ന് ശ്രീ എം.കെ. തങ്കപ്പന് സമ്മതിച്ച സ്ഥിതിക്ക് പ്രത്യേകിച്ചും,’ കോടതി ചോദിച്ചു. അതുപോലെ ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍, (ആ വാര്‍ത്ത അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാക്കപ്പെടുകയുണ്ടായില്ല) ജീവനക്കാരനെ സസ്പെന്റ് ചെയ്ത നടപടിയെയും കോടതി പ്രത്യേകം നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ തെളിവായി നിരത്തിയത് വാട്സാപ് സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ടുകളും കെഎസ്ഇബിയ്ക്ക് ബാധകമായ അച്ചടക്ക നിയന്ത്രണങ്ങളും മാത്രമാണെന്ന കാര്യവും കോടതി നിരീക്ഷിച്ചു.
ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കോടതി പരസ്യശാസനയ്ക്കുള്ള അപേക്ഷ തള്ളിക്കളയുകയും വൈദ്യുതി ബോര്‍ഡിലെ കാഷ്യറായ ജീവനക്കാരന്റെ അപേക്ഷ അംഗീകരിക്കുകയും ചെയ്തു. അതുപ്രകാരം അദ്ദേഹത്തിന്റെ സസ്പെന്ഷന് കാലാവധി റദ്ദാക്കുകയും ഈ ദിവസങ്ങള്‍ സാധാരണ പ്രവര്‍ത്തിദിവസമായി കണക്കാക്കാനും കോടതി വിധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: