അമ്പലപ്പുഴ: കൊവിഡ് രോഗി മരിച്ചത് ആംബുലന്‍സ് ജീവനക്കാരുടെ അനാസ്ഥ കാരണമെന്ന് പരാതി. വീട്ടില്‍ ക്വാറന്റയിനില്‍ ആയിരുന്ന കൊവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണത്തിനിടയാക്കിയതെന്നാണ് ആക്ഷേപം. ഓട്ടോ ഡ്രൈവര്‍ കരൂര്‍ വെള്ളാഞ്ഞിലി സുരേഷ് ഭവനില്‍ സന്തോഷി(48) ന്റെ മരണിത്തിലാണ് വീട്ടുകാര്‍ ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ പരാതി ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം രോഗിയെ ആശുപത്രിയിലേക്കു മാറ്റണമെന്ന് പുറക്കാട് ഹെല്‍ത്ത് സെന്ററില്‍ നിന്നും വീട്ടുകാരെ അറിയിച്ചിരുന്നു.
അതനുസരിച്ച് ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ പുറക്കാട് മെഡിക്കല്‍ ഓഫീസര്‍ ആലപ്പുഴയില്‍ നിന്നും ആംബുലന്‍സ് ഏര്‍പ്പാടു ചെയ്തു. റോഡില്‍ നിന്നും 100 മീറ്റര്‍ അകലെയുള്ള വീട്ടില്‍ നിന്നും രോഗിയെ കിടത്തി കൊണ്ടു പോകുവാന്‍ ജീവനക്കാര്‍ സ്ട്രെച്ചര്‍ നല്‍കിയില്ലെന്നും, നടത്തി ആംബുലന്‍സിന് അരികെ എത്തിച്ചിട്ടും ആംബുലന്‍സില്‍ കയറ്റിയില്ലെന്നും വീട്ടുകാര്‍ പറയുന്നു. പിന്നീട് മറ്റൊരു ആംബുലന്‍സ് എത്തി അതില്‍ രോഗിയെ കയറ്റി കൊണ്ടു പോയെങ്കിലും ഓക്സിജന്‍ സൗകര്യം ഉണ്ടായിരുന്നിട്ടും നല്‍കിയില്ലെന്നും ആക്ഷേപമുയരുന്നു.
ആലപ്പുഴ മെഡിയ്ക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ എത്തിച്ചെങ്കിലും സന്തോഷിന്റെ ജീവന് രക്ഷിക്കാനായില്ല. ആംബുലന്‍സ് ജീവനക്കാരുടെ അനാസ്ഥയാണ് സന്തോഷിന്റെ മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പോലീസിലും, ആരോഗ്യ വകുപ്പിനും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. അനാസ്ഥ കാണിച്ച ആംബുലന്‍സ് ജീവനക്കാരുടെ പേരില്‍ നടപടി എടുക്കണമെന്ന് എസ്എന്‍ഡിപി യോഗം പുറക്കാട് ശാഖ പ്രസിഡന്റ് എം.ടി.മധു ആവശ്യപ്പെട്ടു. ഭാര്യ: ദീനാമ്മ, മകന്: അമല്‍ ജിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: