കോട്ടയം: കൊവിഡ് പ്രതിസന്ധിയില്‍ ചിത്രീകരണം മുടങ്ങിയതോടെ സിനിമാ മേഖലയിലെ തൊഴിലാളികള്‍ കടുത്ത ദുരിതത്തില്‍. തിയേറ്റര്‍ തൊഴിലാളികള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മറ്റുള്ള സിനിമ തൊഴിലില്‍ പ്രവര്‍ത്തിക്കുന്നവരടക്കമുള്ളവര്‍ ജീവിതം തള്ളിനീക്കാന്‍ കഷ്ടപ്പെടുകയാണ്. സിനിമ മേഖലയിലെ ദിവസ വേതനക്കാരുടെ കാര്യവും കഷ്ടത്തിലാണ്. മരുന്നിനും വീട്ടുവാടകയ്‌ക്കും പോലും പണമില്ല.
എന്ന് ചിത്രീകരണം തുടങ്ങുമെന്ന് സംഘടനകള്‍ക്കും ഉറപ്പില്ല. സാമ്പത്തിക പ്രതിസന്ധിയിലായ തൊഴിലാളികളെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഒരുപാട് പ്രതീക്ഷകളോടെയാണ് മലയാള സിനിമ 2021ലേക്ക് കയറിയത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ആദ്യം അടച്ചത് തിയേറ്ററുകളാണ്. പ്രതിസന്ധിഘട്ടം തരണം ചെയ്ത് മുന്നോട്ടു വന്നാലും ഏറ്റവും ഒടുവിലായിരിക്കും തിയേറ്ററുകള്‍ തുറക്കുക. കാരണം സിനിമയെന്നത് സാധാരണക്കാരനോ സര്‍ക്കാരിനോ ഒരവശ്യ സര്‍വീസ് അല്ല- പറയുന്നത് മലയാളത്തിലെ പ്രമുഖ സംവിധായകന്‍.
സാധാരണക്കാര്‍ക്ക് സിനിമ വെറും വിനോദ ഉപാധിയാണ്. എന്നാല്‍ സിനിമ ജീവിതമാര്‍ഗമാക്കിയ ലക്ഷക്കണക്കിന് പേരുണ്ട്. അവരുടെ ഉപജീവനവും നിലനില്‍പ്പുമെല്ലാം സിനിമയാണ്. പ്രീ-പ്രൊഡക്ഷനില്‍ തുടങ്ങി ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷനും തിയെറ്റര്‍ റിലീസും ഡിജിറ്റല്‍, സാറ്റലൈറ്റ് റിലീസുകളും വരെ നീളുന്ന ചങ്ങല മുറിയുമ്പോള്‍ തകരുന്നത് ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാണ്.
‘സിനിമക്കാര്‍ സമ്പന്നരാണെന്ന തെറ്റിദ്ധാരണ സമൂഹത്തിനുണ്ട്. നമുക്കു ചുറ്റുമുള്ള സമൂഹത്തിന്റെ പരിച്ഛേദമാണ് സിനിമയിലും. സിനിമയില്‍ ഭൂരിപക്ഷവും ലോവര്‍ മിഡില്‍ ക്ലാസ് അല്ലെങ്കില്‍ അതിനും താഴെ സാമ്പത്തിക സ്ഥിതിയുള്ളവരാണ്. അഭിനേതാക്കള്‍, നിര്‍മ്മാതാക്കള്‍, സംവിധായകര്‍, എഴുത്തുകാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങി തിയേറ്ററിലേക്ക് ടിക്കറ്റ് കീറി കാണികളെ കയറ്റി വിടുന്നവരുടെ വരെ അന്നം സിനിമയാണ്.’ മലയാള സിനിമയില്‍ വര്‍ഷങ്ങളായി സജീവമായ നിര്‍മാതാവിന്റെ വാക്കുകളാണ്.
ഒരു കൂട്ടം പേരുടെ പരിശ്രമമാണ് സിനിമ. വര്‍ക്ക് ഫ്രം ഹോം ഒരിക്കലും സിനിമയില്‍ നടക്കില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ സിനിമയില്‍ ആകെ ചെയ്യാന്‍ പറ്റുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് എഴുത്ത്. മറ്റൊന്ന് സംഗീത സംവിധാനം. ഇതൊഴികെ മറ്റൊന്നും ഒറ്റയ്‌ക്കു സാധ്യമല്ല. അഡ്വാന്‍സ് വാങ്ങിയ എഴുത്തുകാര്‍ക്ക് ഇതു നല്ല സമയമാണ്. എഴുതാനുള്ള സമയം ആവോളമുണ്ട്. സംഗീത സംവിധായകര്‍ക്കും പുതിയ ഈണങ്ങള്‍ പരീക്ഷിക്കാം. അല്ലാത്തവര്‍ക്ക് അരക്ഷിതാവസ്ഥ.
‘ദിവസ വേതനത്തിനു ജോലി ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകള്‍ പ്രതിസന്ധിയുടെ ആദ്യ ദിനങ്ങളില്‍ തന്നെ ജനശ്രദ്ധയില്‍ വന്നു. പക്ഷേ അവര്‍ക്ക് മുടങ്ങാതെ വേതനം കൊടുത്ത നിര്‍മ്മാതാക്കളെ കുറിച്ച് ആരും പറഞ്ഞു കേട്ടില്ല. തിയേറ്ററുകള്‍ ഇങ്ങനെ കുറച്ചു നാളുകള്‍ കൂടി അടഞ്ഞു കിടന്നാല്‍ ഞങ്ങള്‍ക്ക് ആത്മഹത്യയേ പോംവഴിയുള്ളൂ. അന്നന്നത്തെ അന്നത്തിനൊപ്പം ഒപ്പമുള്ളവര്‍ക്ക് അന്നം കൊടുക്കാനായി വാങ്ങിയ കടവും ഞങ്ങളുടെ തലയ്‌ക്കു മുകളില്‍ പെരുകുകയാണ്’ ഒരു പ്രമുഖ നിര്‍മ്മാതാവിന്റെ വാക്കുകളാണ്.
കോട്ടയം ജില്ലയില്‍ പ്രമുഖരായ രണ്ട് സംവിധായകരുടെ ബിഗ് ബജറ്റ് സിനിമയാണ് കൊവിഡിന്റെ രണ്ടാം വരവിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചത്. ജോഷി സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം ‘പാപ്പന്‍’ ഈരാറ്റുപേട്ടയിലും, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്, വിവേക് ഒബ്റോയി ചിത്രം ‘കടുവ’ കുട്ടിക്കലും നടന്നുവരികയായിരുന്നു. രണ്ട് ചിത്രത്തിലും കുടി 300ല്‍ അധികം തൊഴിലാളികള്‍ ജോലി എടുത്തിരുന്നു. ഇവയുടെ ചിത്രീകരണം നിര്‍ത്തിയതോടെ കൊവിഡ് പ്രതിസന്ധി എന്നുതീരും എന്ന ആശങ്കയിലാണ് തൊഴിലാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: