പീതാംബരന് നീലീശ്വരം
8547627895
കുട്ടമ്പുഴ എന്ന പ്രകൃതിരമണീയമായ സ്ഥലം. ഇവിടെ നിന്ന് വലിയ പാറകള്‍ ചാടിക്കടന്നു വേണമായിരുന്നു കിഴക്ക് ഉരുളന്‍ തണ്ണി എന്ന സ്ഥലത്തേക്ക് പോകാന്‍. അവിടെനിന്നും തെക്കുകിഴക്കാണ് ക്ണാച്ചേരി എന്ന സ്ഥലം. ജീപ്പ് പോലും ചെല്ലാന്‍ സാധിക്കാത്ത സ്ഥലമായിരുന്നു. ഉരുളന്‍ തണ്ണിയിലെ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ നിത്യേന ക്ണാച്ചേരിയില്‍നിന്നും ആളുവരും. കാട്ടുമൃഗങ്ങളെ പേടിച്ച് തോക്കുമായിട്ടാണ് വരിക. ഉരുളന്‍ തണ്ണിയില്നിന്നും ഇറങ്ങുന്നത് തോട്ടിലേക്കാണ്. തോടിനപ്പുറത്തെ മരത്തിന്റെ പൊത്തില്‍ തോക്ക് വച്ചിട്ടാണ് കടയിലേക്ക് വരുന്നത്.
കാട്ടുമൃഗങ്ങളുടെ സൈ്വരവിഹാരമുള്ള സ്ഥലം ക്ണാച്ചേരിയില്‍ അന്ന് മൂന്നോ നാലോ വീടുകളേ ഉണ്ടായിരുന്നുള്ളൂ. വന്യമായ കാടിന്റെ, പച്ചിലച്ചാര്‍ത്തുകളുടെ ചാരുതയാര്‍ന്ന ക്ണാച്ചേരി കാട്ടുചോലകളും പാറക്കെട്ടുകളും. മനുഷ്യന് കയറിപ്പറ്റാന്‍ കഴിയാത്ത പാറമലകളുടെ മുകളില്‍ കന്മദമുണ്ടെന്നും, ഒരുനാള്‍ അവിടെ കയറി അതു ശേഖരിക്കുമെന്നും സ്വപ്നം കാണുന്ന ധീരരായ ചെറുപ്പക്കാര്‍ അവിടെ ഉണ്ടായിരുന്നു. കുറച്ച് ദിവസമേ അവിടെ ഞാന്‍ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ആ കാനന മദ്ധ്യേ കഴിഞ്ഞിരുന്ന ഓരോ ദിവസവും സംഭവ ബഹുലവും ഓര്‍മയിലിന്നും തിളങ്ങിനില്ക്കുന്നതുമാണ്. അവിടെ നിന്നും ഒരു നായാട്ടിന് പോയി പേടിച്ചുവിറച്ച കഥ വിവരിക്കാം. പത്തു മുപ്പത്തിയഞ്ചു വര്‍ഷം മുന്‍പാണ് ഈ സംഭവങ്ങള്‍ നടന്നത്.
നായാട്ട് ഹോബിയായ ജോയി എന്നയാളുടെ വീട്ടിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. അവര്‍ ദിവസവും നായാട്ടിന് പോകുന്നതും വീരകഥകളും കേട്ടപ്പോള്‍ ഒരു ദിവസമെങ്കിലും നായാട്ടിന് പോകണമെന്നൊരു പൂതി എന്റെ മനസ്സില്‍ ചേക്കേറി. ജോയിയെ ആഗ്രഹമറിയിച്ചു. നായാട്ടിന് പോകുമ്പോള്‍ തുണയാള്‍ പാലിക്കേണ്ട നിയമങ്ങളും മറ്റു പറഞ്ഞു തന്നു. നായാട്ട് അത്ര നല്ല സുഖകരമായ കാര്യമല്ലെന്ന് എനിക്കു തോന്നി. എന്നാലും തരക്കേടില്ല. ഒരു ദിവസമെങ്കിലും എന്നെ കൊണ്ടുപോകണമെന്ന് പറഞ്ഞപ്പോള്‍ ജോയി സമ്മതം മൂളി.
നായാട്ടിനുള്ള കോപ്പുകെട്ടി പിറ്റെന്ന് രാത്രിയോടെ ഉള്‍ക്കാട്ടിലേക്ക് യാത്ര തിരിച്ചു. നായാടി ഒന്നും കിട്ടിയില്ലെങ്കിലും വേണ്ടില്ല, രാത്രിയിലെ കാടിന്റെ ചന്തമൊന്നു കാണണം. കാട്ടിലെ രാപ്പാടികളുടെ സംഗീതവും കേള്‍ക്കണം. അതുമാത്രമായിരുന്നു എന്റെ ആഗ്രഹം. തുണയാളിന്റെ ഭാഗ്യംപോലെയാണ് വല്ലതും കിട്ടുക എന്ന് ജോയി പറഞ്ഞിരുന്നു. ഒന്നും കിട്ടാത്ത ദിവസം തുണയാളിന് ഇരിക്കട്ടെ പഴി. ഉപായം എനിക്ക് മനസ്സിലായി. ജോയിയുടെ ഒപ്പം നായാട്ടിന് പോയിരുന്ന ആളോട് അന്ന് വരണ്ട എന്ന് പറഞ്ഞു.
നാല് വശവും മലകളാല്‍ ചുറ്റപ്പെട്ട സ്ഥലമാണ് ക്ണാച്ചേരി. ഹെഡ്ലൈറ്റ് ജോയി നെറ്റിയില്‍ ഫിറ്റ് ചെയ്തിട്ടുണ്ട്. ആറ് സെല്ലിന്റെ നീളമേറിയ ഒരു ടോര്‍ച്ച് എന്റെ കൈയില്‍ തന്നു. നായാട്ടിനിറങ്ങിയാല്‍ ഇരുവരും തമ്മില്‍ അധികം സംസാരിക്കാറില്ല. ചുറ്റുപാടുകളിലെ അതീവ ശ്രദ്ധയാണാവശ്യം. ചൂളംവിളിയും മറ്റു നമ്പരുകളുമൊക്കെയാണ് നായാട്ടുവേളയില്‍ ഭാഷയാകുന്നത്. രണ്ട് ചൂളം വിളിച്ചാല്‍ ടോര്‍ച്ച് തെളിയിക്കണം. ഒരു ചൂളം വിളിച്ചാല്‍ ടോര്‍ച്ച് ഓഫ് ചെയ്യണം. ഹെഡ്ലൈറ്റിട്ടാല്‍ പിന്നെ ടോര്‍ച്ച് തെളിക്കരുത്.
ഇടയ്ക്ക് വഴിച്ചാല് തീര്‍ന്നു. കാടിന്റെ വന്യതയിലേക്കാണ് എന്ന് ഞാന്‍ മനസ്സിലാക്കി. ഏറെ ദൂരം നടന്നു. മൃഗങ്ങളൊന്നും തന്നെ മുന്പില് വന്നു കിട്ടിയില്ല. ഇടക്കതാ പൊന്തക്കാടുകളിലൊരു അനക്കം കേട്ടു ജോയി ഒരു ചൂളം വിളിച്ചു. ഞാന്‍ ടോര്‍ച്ച് കെടുത്തി. ജോയി ഹെഡ്ലൈറ്റ് ഓണാക്കി. ഹെഡ്ലൈറ്റിന്റെ പ്രകാശത്തില്‍ സുന്ദരമായൊരു കാട്ടുമുയലിനെ മിന്നായംപോലെ ഞാന്‍ കണ്ടു. ഇവിടെ നിന്നോളൂ അനങ്ങരുത് എന്ന് പറഞ്ഞ് ജോയി മുയലിന് പിന്നാലെ പാഞ്ഞു. ഹെഡ്ലൈറ്റിന്റെ വെളിച്ചം മുയലിന് പിന്നാലെ കാടുകയറി. പിന്നാലെ ജോയിയും. വെളിച്ചം കാട്ടില്‍ മറഞ്ഞു. നേരിയ മഞ്ഞുള്ളതുകൊണ്ട് ദൂരക്കാഴ്ചകള്‍ അവ്യക്തമാണ്. ചന്ദ്രന്റെ മങ്ങിയ പ്രകാശമുണ്ട്. മഞ്ഞും നിലാവും. കാടിന്റെ നീലിമയുടെ ചാരുത.
ജോയിയെ കാണാനില്ല. എനിക്കൊരു ഉള്‍ഭയം തോന്നി. ടോര്‍ച്ച് കാല്ചുവട്ടിലടിച്ച് ചുറ്റും നോക്കി. വല്ല ഇഴജന്തുക്കളും…
നേരിയ പ്രകാശ നീലിമയില്‍ പൊന്തക്കാടുകളും കാട്ടുവൃക്ഷങ്ങളും ഇടതൂര്‍ന്ന വള്ളിപ്പടര്‍പ്പുകളും ഹൃദയഹാരിയായ കാഴ്ചയാണ്. നേര്‍ത്ത നിലാവില് കുളിരണിയുന്ന കാനനം. കാട് പകല്‍ വെളിച്ചത്തില്‍ ആനന്ദമാണ് ജനിപ്പിക്കുന്നതെങ്കില്‍ കാടിന്റെ രാത്രി കാഴ്ച അനുഭൂതിയുളവാക്കുന്നതാണ്. മൃദുലമായ മനോഹാരിത. ഉള്‍ഭയമുണ്ടെങ്കിലും കാടിന്റെ ഭംഗി നന്നായി ആസ്വദിച്ചു. ഇടയ്ക്ക് ടോര്‍ച്ചടിച്ച് ജോയിക്ക് സിഗ്നല്‍ കൊടുത്തു. അതും കഴിഞ്ഞ് ജോയി തിരിച്ചെത്തി. മുയലിന് പകരം കൈയിലൊരു മുള്ളന്‍പന്നി ഉണ്ടായിരുന്നു. മുയല് പറ്റിച്ചു കടന്നുകളഞ്ഞത്രേ!
ഞങ്ങള്‍ വീണ്ടും മുന്നോട്ടു നടന്നു. ലൈറ്റിന്റെ വെളിച്ചത്തിലും അല്ലാതെയും ഞാന്‍ ജോയിയെ പിന്തുടര്ന്നു. ഇടയ്ക്ക് ജോയി നിന്നു. ഒരു ചൂളമടിച്ചു. ഞാന്‍ ടോര്‍ച്ച് ലൈറ്റ് ഓഫാക്കി. ടോര്‍ച്ച് കെടുത്തിയാല്‍ പിന്നെ നിര്‍ദ്ദേശം കിട്ടാതെ തെളിക്കാന്‍ പാടില്ല. ജോയി ഹെഡ്ലൈറ്റും ഓഫാക്കി. സ്വരം താഴ്ത്തി ജോയി പറഞ്ഞു.
ഇനി ഞാന്‍ പറയാതെ ടോര്‍ച്ച് അടിക്കരുത്. കാട് നിശ്ശബ്ദമായിരുന്നു. ജോയി പിന്നീടൊന്നും മിണ്ടുന്നുമില്ല. ഹെഡ്ലൈറ്റിടുന്നുമില്ല. ഒരു ഉള്‍ഭയം പെരുവിരലിലൂടെ അരിച്ചുകയറി. ഞാന്‍ സ്വരം താഴ്ത്തി ചോദിച്ചു.
”എന്താ… എന്തുപറ്റി ജോയി?”
ജോയി പതിയെ പറഞ്ഞു.
”പീതാംബരന് പേടിക്കരുത്. പുറകിലേക്ക് ഒന്നു നോക്കിയേ.”
പേടിയാലുണ്ടാകുന്ന കോരിത്തരിപ്പ് എന്നെ ആപാദചൂഡം പൊതിഞ്ഞു. ഞാന്‍ ജോയിയോട് ചേര്‍ന്നുനിന്നു. എന്തോ സംഭവിക്കാന്‍ പോകുന്നതുപോലെ ഒരു തോന്നല്‍. ജോയി വീണ്ടും പറഞ്ഞു.
”പുറകിലേക്ക് നോക്ക്, പേടിക്കണ്ട നോക്ക്.”
ഞാന്‍ കടുപ്പിച്ച് പറഞ്ഞു.
”ഞാന്‍ നോക്കില്ല. കാര്യം പറയൂ ജോയി. എന്താ പ്രശ്നം…? ആനയോ മറ്റോ ആണോ?”
പീതാംബരന് പേടിക്കാതെ! ഞാന്‍ അടുത്തില്ലേ എന്ന് ഉറപ്പ് തന്നിട്ട് ജോയി വീണ്ടും പിന്നിലേക്ക് നോക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ ഞാനുണ്ടോ നോക്കുന്നു. ”ജോയി ഭയപ്പെടുത്താതെ കാര്യം പറയ് ആനയോ അതോ?”
എന്നിലെ ഭീതി വര്‍ധിച്ചു.
ആനേം പുലിയുമൊന്നുമല്ല….വേഗം നോക്കൂ. എന്റെ ധൈര്യം ചോര്‍ന്നുപോയി. എങ്ങനെ പേടിക്കാതിരിക്കും. കാടിന് നടുക്ക്. പാതിരാത്രി കഴിഞ്ഞു. ഓടി രക്ഷപ്പെടാനാണെങ്കില്‍ വഴിയും നിശ്ചയമില്ല. വഴിപോലുമില്ലാത്ത സ്ഥലത്താണ് നില്‍പ്പ്. ജോയി തോളില്‍നിന്നും തോക്ക് താഴെ വച്ചു. എന്റെ തല ബലമായി പിടിച്ച് പുറകിലേക്ക് തിരിച്ചു.
”ങേ…”
ആ കാഴ്ച കണ്ട് ഞാന്‍ നടുങ്ങി. ”എന്തൊരു കാഴ്ചയാണിത്?”
ട്യൂബ് ലൈറ്റ് കൊണ്ട് തീര്‍ത്തപോലെ സ്വയം പ്രകാശിക്കുന്ന ഒരു മരം. ഉണങ്ങി താഴെ വീണ് കിടക്കുന്ന കമ്പുകളും പ്രകാശിക്കുന്നുണ്ട്.
ആ മരം കാണിച്ചുതരുന്നതിനു വേണ്ടിയാണ് ഇതുവഴി വന്നതെന്ന് ജോയി പറഞ്ഞു. ഇതാണ് ‘തീപ്പാല’ എന്ന വൃക്ഷം. തടിയാകെ റേഡിയംപോലെ സ്വയം പ്രകാശിക്കുന്ന പ്രത്യേക മരം. മുള്ളുകള്‍ കൊഴിഞ്ഞുണങ്ങി കിടക്കുന്നതുകൊണ്ട് അടുത്തേക്ക് ചെല്ലാന്‍ പറ്റില്ലാ എന്ന് ജോയി പറഞ്ഞു. കുറെ നേരം ആ കാഴ്ച കണ്ടുനിന്നു. മഞ്ഞിന് തണുപ്പേറിയപ്പോള്‍ ഞങ്ങള്‍ തിരികെ പോന്നു.
തുണയാളിന്റെ രാശി ഒത്തില്ല. അല്ലേ എന്ന് ഞാന്‍ ചോദിച്ചു.
”ഇതെങ്കിലും കിട്ടിയല്ലോ. ഇയാള്‍ ആദ്യമായി വന്നിട്ട് വെറുതെയായില്ലല്ലോ.”
കാനന മദ്ധ്യേ ഒരു കാണാക്കാഴ്ച കണ്ടതിലെ സന്തോഷത്തിലായിരുന്നു ഞാന്‍. ഒറ്റനോട്ടത്തില്‍ മനസ്സിലൊരു കൊള്ളിയാന്‍ മിന്നിച്ച ആ അദ്ഭുതക്കാഴ്ച എന്റെ മനസ്സിലെന്നും തിളങ്ങിനിന്നു. നിബിഡവനങ്ങളുടെ ഉള്ളകങ്ങളില്‍ എത്രയോ അദ്ഭുതങ്ങളും രഹസ്യങ്ങളും ഇനിയുമുണ്ടാകും.
#
പ്രതികരിക്കാൻ ഇവിടെ എഴുതുക: